സൗദിയില്‍ ഭൂപതി നയിച്ചത് യഥാര്‍ത്ഥ ആടുജീവിതം

സൗദിയില്‍ ഭൂപതി നയിച്ചത് യഥാര്‍ത്ഥ ആടുജീവിതം
സൗദിയില്‍ ഭൂപതി നയിച്ചത് യഥാര്‍ത്ഥ ആടുജീവിതം

ബുറൈദ: ഹൗസ് ഡ്രൈവര്‍ ജോലിക്കായാണ് സൗദിയിലെത്തിയതാണ് തമിഴ്നാട് സ്വദേശി ഭൂപതി. എന്നാല്‍ ആട് മേക്കാനായിരുന്നു ഭൂപതി നിയോഗിക്കപ്പെട്ടത്. തുടര്‍ന്ന് അഞ്ച് വര്‍ഷത്തെ ദുരിത ജീവിതമാണ് ഭൂപതിക്കേറ്റു വാങ്ങേണ്ടി വന്നത്. എന്നാല്‍ ഇപ്പോള്‍ രക്ഷകരായി മലയാളികളെത്തി ഭൂപതിയെ ദുരിത ജീവിതത്തില്‍ നിന്ന് രക്ഷപ്പെടുത്തിയിരിക്കുകയാണ്. ഖസീമിലെ ജീവകാരുണ്യ കൂട്ടായ്മയായ ‘കനിവ്’ന്റെ ഇടപെടലിലാണ് ഭൂപതി നാട്ടിലേക്കെത്തുന്നത്.

തിരുവണ്ണാമലൈ സ്വദേശി ഭൂപതി(44) ബുറൈദയുടെ സമീപഗ്രാമമായ ബുകൈരിയില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയുള്ള മരുഭൂമിയിലെ തമ്പിലാണ് ദുരിത ജീവിതം നയിച്ചിരുന്നത്. ഈ വിവരം ബുകൈരിയ പ്രവാസി കൂട്ടായ്മയുടെ പ്രവര്‍ത്തകരായ മുസ്തഫ പരൂര്‍, സാജിദ് ചെങ്കുളം എന്നിവരാണ് പുറത്തെത്തിച്ചത്. ആഹാരമോ കൃത്യമായ ശമ്പളമോ ഭൂപതിക്ക് ലഭിച്ചിരുന്നില്ല. കനിവ് പ്രവര്‍ത്തകരെത്തുമ്പോള്‍ ഭൂപതി അവശനിലയിലായിരുന്നു. കനിവ് ഭാരവാഹികളായ നൈസാം തൂലികയും സലാം പാവറട്ടിയും ഭൂപതിയുടെ സ്പോണ്‍സറെ ബന്ധപ്പെട്ടെങ്കിലും ഒരു വിട്ടുവീഴ്ചക്കും തയ്യാറായില്ല.

വിഷയത്തില്‍ സാമൂഹിക പ്രവര്‍ത്തകര്‍ ഇടപെടുന്നതായി മനസ്സിലാക്കിയ അയാള്‍ തൊഴിലാളിയെ ഹൂറൂബ് ആക്കുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ നിയമപരമായ നീക്കങ്ങള്‍ക്കൊടുവിലാണ് ഭൂപതിയെ മോചിപ്പിച്ച് മടക്കയാത്രക്ക് വഴിയൊരുക്കിയത്. യാത്രാരേഖകളും വിമാന ടിക്കറ്റും കനിവ് പ്രവര്‍ത്തകര്‍ ഭൂപതിക്ക് കൈമാറി.

Top