CMDRF

പൊതുവിദ്യാലയങ്ങളിൽ ബൈബിളിലെ കൽപനകൾ പ്രദർശിപ്പിക്കണം; നിയമത്തിനെതിരെ ലൂസിയാനയിലെ കുടുംബങ്ങൾ

പൊതുവിദ്യാലയങ്ങളിൽ ബൈബിളിലെ കൽപനകൾ പ്രദർശിപ്പിക്കണം; നിയമത്തിനെതിരെ ലൂസിയാനയിലെ കുടുംബങ്ങൾ
പൊതുവിദ്യാലയങ്ങളിൽ ബൈബിളിലെ കൽപനകൾ പ്രദർശിപ്പിക്കണം; നിയമത്തിനെതിരെ ലൂസിയാനയിലെ കുടുംബങ്ങൾ

ലൂസിയാന: സർവകലാശാലകളിലും പൊതുവിദ്യാലയങ്ങളിലും ബൈബിളിലെ പത്ത് കൽപനകൾ പ്രദർശിപ്പിക്കാനുള്ള അമേരിക്കയിലെ ലൂസിയാന സംസ്ഥാനത്തിന്റെ തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങി നാട്ടുകാർ. തീരുമാനം അമേരിക്കയുടെ ഭരണഘടനയ്ക്ക് വിരുദ്ധമെന്നാണ് പരാതിക്കാർ ആരോപിക്കുന്നത്. തിങ്കളാഴ്ചയാണ് യാഥാസ്ഥിതിക വിഭാഗമായ റിപബ്ലിക്കൻ ഭരണപക്ഷത്തിന്റെ തീരുമാനത്തിനെതിരെ ലൂസിയാനയിലുള്ള 9 കുടുംബങ്ങൾ ഫെഡറൽ കോടതിയെ സമീപിച്ചത്. അമേരിക്കയിൽ തന്നെ ആദ്യമായാണ് ഒരു സംസ്ഥാനം ഇത്തരമൊരു തീരുമാനവുമായി മുന്നോട്ട് വന്നിട്ടുള്ളത്.

ഗവൺമെന്റിൽ നിന്ന് സാമ്പത്തിക സഹായം ലഭിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ക്ലാസ് മുറികളിൽ ബൈബിളിലെ പത്ത് കൽപനകൾ പ്രദർശിപ്പിക്കണമെന്നാണ് ലൂസിയാന സർക്കാർ ഉത്തരവ്. അവകാശ സംരക്ഷണ സംഘടനകളുടെ അടക്കം പിന്തുണയോടെയാണ് പരാതിക്കാർ കോടതിയെ സമീപിച്ചിരിക്കുന്നത്. മതസ്വാതന്ത്ര്യത്തിനുള്ള മൌലികാവകാശം ലംഘിക്കുന്നതാണ് പുതിയ ഉത്തരവെന്ന് പരാതിക്കാർ വിശദമാക്കുന്നു. വിവിധ വിശ്വാസ സമൂഹത്തിലുള്ളവരുടേയും തത്വങ്ങൾ അംഗീകരിച്ച് തയ്യാറാക്കിയ ഭരണഘടനയിലെ മൌലികാവകാശം ലംഘിക്കപ്പെടുന്നുവെന്നും ക്രിസ്തീയ വിഭാഗത്തിൽ നിന്ന് അല്ലാതെയുള്ള വിദ്യാർത്ഥികൾക്ക് തങ്ങൾ സ്കൂൾ സമൂഹത്തിന്റെ ഭാഗമല്ലെന്ന തോന്നലുണ്ടാക്കാൻ പുതിയ നിർദ്ദേശം കാരണമാകുന്നുവെന്നും പരാതിക്കാർ ആരോപിക്കുന്നത്.

വിദ്യാർത്ഥികളിൽ ധാർമ്മിക ബോധം നിലനിർത്താനാണ് തീരുമാനമെന്നാണ് ലൂസിയാനയിലെ ജനപ്രതിനിധിയായ ദോദി ഹോർട്ടൻ പ്രതികരിക്കുന്നത്. ബൈബിളിലെ പത്ത് കൽപനകൾകോടതികളിലും പൊലീസ് സ്റ്റേഷൻ അടക്കമുള്ള പൊതു ഇടങ്ങളിൽ പ്രദർശിപ്പിക്കുന്നത് സംബന്ധിച്ച് നേരത്തെ നിരവധി നിയമ യുദ്ധങ്ങൾക്കാണ് അമേരിക്ക സാക്ഷ്യം വഹിച്ചിട്ടുള്ളത്. അമേരിക്കൻ ഭരണഘടനയിലെ ഒന്നാം അനുച്ഛേദത്തിലാണ് വിവിധ വിശ്വാസ രീതികൾ പിന്തുടരാനുള്ള അവകാശത്തേക്കുറിച്ച് വിശദമാക്കുന്നത്.

Top