വെടിനിര്‍ത്തല്‍ വൈകുന്നതിന് ഹമാസിനെ പഴിചാരി ബൈഡന്‍

വെടിനിര്‍ത്തല്‍ വൈകുന്നതിന് ഹമാസിനെ പഴിചാരി ബൈഡന്‍
വെടിനിര്‍ത്തല്‍ വൈകുന്നതിന് ഹമാസിനെ പഴിചാരി ബൈഡന്‍

മേരിക്ക മുന്നോട്ടുവച്ച ഗസയിലെ വെടിനിര്‍ത്തല്‍ നിര്‍ദേശത്തില്‍ അനുകൂലമായി പ്രതികരിച്ച ഹമാസ് നിലപാടില്‍ തീരുമാനമെടുക്കാതെ അമേരിക്കയും ഇസ്രായേലും. വെടിനിര്‍ത്തല്‍ വൈകുന്നതിന് കാരണം ഹമാസ് ആണെന്ന നിലപാടിലാണ് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍. കരാറില്‍ ഹമാസ് ഒപ്പുവയ്ക്കാത്തതാണ് വെടിനിര്‍ത്തല്‍ നീളാന്‍ കാരണമെന്നാണ് ബൈഡന്റെ ആരോപണം.

മൂന്നു ഘട്ടങ്ങളിലായി ഗസയില്‍ വെടിനിര്‍ത്തല്‍ വ്യവസ്ഥ ചെയ്യുന്ന അമേരിക്കന്‍ പ്രമേയത്തെ സ്വാഗതം ചെയ്ത് ഹമാസും ഇസ്‌ലാമിക് ജിഹാദും തങ്ങളുടെ പ്രതികരണം മധ്യസ്ഥ രാജ്യങ്ങള്‍ക്ക് കൈമാറിയിരുന്നു. ഹമാസ് മുന്നോട്ടുവച്ച എല്ലാ ഭേദഗതികളും സ്വീകാര്യമല്ലെങ്കിലും വെടിനിര്‍ത്തല്‍ യാഥാര്‍ഥ്യമാക്കാന്‍ മുഴുവന്‍ നീക്കവും തുടരും എന്നായിരുന്നു അമേരിക്കന്‍ പ്രതികരണം. എന്നാല്‍ ഇസ്രായേലിനെ കരാറിനായി പ്രേരിപ്പിക്കാന്‍ അമേരിക്ക യാതൊന്നും ചെയ്യുന്നില്ലെന്ന പരാതി ശക്തമായിരിക്കെയാണ് ഹമാസിനെ കുറ്റപ്പെടുത്തി ജോ ബൈഡന്റെ പ്രതികരണം.

ഹമാസിന്റെ കടുംപിടിത്തവും യാഥാര്‍ഥ്യത്തിന് നിരക്കാത്ത ദേഭഗതി നിര്‍ദേശങ്ങളും വെടിനിര്‍ത്തല്‍ ചര്‍ച്ചയ്ക്ക് വിലങ്ങുതടിയാണെന്ന് യു.എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കനും കുറ്റപ്പെടുത്തി.

അതേസമയം, ഇസ്രായേലിന്റെ വടക്കന്‍ അതിര്‍ത്തിയില്‍ സ്ഥിതി പ്രക്ഷുബ്ധമാണ്. ഇന്നലെ മാത്രം നൂറുകണക്കിന് മിസൈലുകളും ഷെല്ലുകളുമാണ് ഇസ്രായേല്‍ സൈനിക കേന്ദ്രങ്ങള്‍ക്കു നേരെ ഹിസ്ബുല്ല അയച്ചത്. ഇതേ തുടര്‍ന്ന് വന്‍ തീപിടിത്തവും ഉണ്ടായി. മണിക്കൂറുകള്‍ കഠിനാധ്വാനം നടത്തിയാണ് തീയണച്ചതെന്ന് ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഹിസ്ബുല്ലയുടെ ആക്രമണം രൂക്ഷമായതോടെ ഇസ്രായേല്‍ പ്രദേശത്തേക്ക് കൂടുതല്‍ സൈന്യത്തെ അയച്ചു. ലബനാന് നേരെ യുദ്ധം ഉണ്ടായാല്‍ വെറുതെയിരിക്കില്ലെന്ന് ഇറാന്‍ ഇസ്രായേലിന് മുന്നറിയിപ്പ് നല്‍കി. ഹിസ്ബുല്ല ആക്രമണം നിര്‍ത്തിയില്ലെങ്കില്‍ ലബനാനെ ചുട്ടെരിക്കുമെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് പറഞ്ഞു.

യുദ്ധം വ്യാപിക്കുന്നതു തടയാന്‍ നയതന്ത്രനീക്കം ഊര്‍ജിതമാക്കുമെന്ന് അമേരിക്കയും യൂറോപ്യന്‍ യൂനിയനും പ്രതികരിച്ചു. യോവ് ഗാലന്റ് ഉള്‍പ്പെടെ മന്ത്രിമാരെ ചര്‍ച്ചയ്ക്കായി വീണ്ടും അമേരിക്കയിലേക്ക് ക്ഷണിച്ചതായും റിപ്പോര്‍ട്ടുണ്ട്.
ഗസയില്‍ ഇസ്രായേല്‍ നരനായാട്ട് ഇപ്പോഴും തുടരുകയാണ്. 38 പേരെ കൂടി ഇസ്രായേല്‍ കൊന്നതോടെ ഗസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 37,202 ആയി.

Top