വാഷിംഗ്ടണ്‍: 1960 മുതല്‍ ആരംഭിച്ചതാണ് ഡെമോക്രാറ്റ്, റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥികള്‍ തമ്മില്‍ ഏറ്റുമുട്ടുന്ന സംവാദങ്ങള്‍. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് വ്യവസ്ഥയില്‍ വളരെ നിര്‍ണായകമാണ് ഈ സംവാദം. അമേരിക്കന്‍ ജനതയെ സംബന്ധിച്ച് സ്ഥാനാര്‍ത്ഥികളെ അടുത്തറിയാനും അവരുടെ കാഴ്ചപ്പാടുകള്‍ എന്തൊക്കെയെന്ന് മനസിലാക്കാനുള്ള ഒരു അവസരമാണ് ഈ സംവാദങ്ങള്‍. ജനങ്ങളുടെ വോട്ടിംഗ് രീതികളില്‍ ഈ സംവാദങ്ങള്‍ക്ക് വലിയ സ്വാധീനമുള്ളതായും തെരഞ്ഞെടുപ്പ് വിശകലങ്ങളില്‍നിന്ന് വ്യക്തമാണ്. 2024 നവംബറില്‍ നടക്കുന്ന അമേരിക്കന്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി കഴിഞ്ഞ ദിവസം ജോ ബൈഡനും ഡൊണാള്‍ഡ് ട്രംപും തമ്മിലുള്ള സംവാദം നടന്നു. രണ്ട് സംവാദങ്ങളിലെ ആദ്യ സംവാദമാണ് കഴിഞ്ഞ ദിവസം നടന്നത്. വിലക്കയറ്റവും, വിദേശനയവും അടക്കം ശക്തമായ വാദമുഖങ്ങളുമായി ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ ആര്‍ക്കായിരുന്നു മേല്‍ക്കൈ എന്നറിയാനായിരുന്നു എല്ലാവര്‍ക്കും ആകാംഷ. അതിന്റെ വിശദംശങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. സിഎന്‍എന്‍ പോള്‍ ഫലങ്ങള്‍ പ്രകാരം ആദ്യ സംവാദത്തില്‍ 67% പേര്‍ ട്രംപ് ജയിച്ചുവെന്നും 33% പേര്‍ ബൈഡന്‍ ജയിച്ചുവെന്നും വിശ്വസിക്കുന്നു. സംവാദം കണ്ട പ്രേക്ഷകര്‍ ഒന്നടങ്കം പറഞ്ഞത് ഈ രീതിയിലാണെങ്കില്‍ ബൈഡന് തങ്ങളെ നയിക്കാന്‍ കഴിയില്ലെന്നും അദ്ദേഹത്തിന്റെ കഴിവ് നഷ്ടപ്പെട്ടു എന്നുമാണ്.
വിവിധ അമേരിക്കന്‍ മാധ്യമങ്ങളും ബൈഡന് എതിരായാണ് രംഗത്തെത്തിയിരിക്കുന്നത്. ന്യൂയോര്‍ക്ക് ടൈംസ് ട്രംപിന് അനുകൂലമായാണ് വിധിയെഴുതിയത്. രാഷ്ട്രീയ നിരീക്ഷകനായ മിഷേല്‍ ഗോള്‍ഡ്ബെര്‍ഗും ട്രംപിനെ അനുകൂലിച്ചു. ട്രംപ് അനവധി കള്ളങ്ങളാണ് പറഞ്ഞതെന്നും, എന്നാല്‍ അവയെ ഒന്ന് പ്രതിരോധിക്കാന്‍ പോലും ബൈഡനായില്ല, അദ്ദേഹത്തിന് വയ്യ. ബൈഡനെ മാറ്റാനുളള ശ്രമങ്ങള്‍ നടക്കുകയാണെങ്കില്‍ താന്‍ മുന്‍പന്തിയിലുണ്ടാകും എന്നും അദ്ദേഹം പറഞ്ഞു. ദി ടൈംസ്, ജോ ബൈഡന്‍ സംവാദത്തില്‍ ദയനീയമായി പരാജയപ്പെട്ടുവെന്നും ആദ്യത്തെ ഇരുപത് മിനുട്ടുകളില്‍ത്തന്നെ ബൈഡന്റെ അവസ്ഥ പരിതാപകരമായിരുന്നുവെന്നുമാണ് കുറിച്ചത്. സിഎന്‍എന്‍ പത്രപ്രവര്‍ത്തകര്‍ ബൈഡന്‍ ആദ്യ സംവാദത്തില്‍ മുഴുവനായും പരാജയമായിരുന്നുവെന്ന് തുറന്നെഴുതി. അദ്ദേഹം ഇത്രയും മോശമാകുമെന്ന് ഒരിക്കലും കരുതിയില്ലെന്നും വിശ്വസിക്കാനാകുന്നില്ലെന്നും അവര്‍ എഴുതി. ബൈഡന്റെ ഈ മോശം പ്രകടനത്തിനെതിരെ ഡെമോക്രാറ്റുകള്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്. ഇങ്ങനെ പോയാല്‍ തോല്‍ക്കുമെന്നും ബൈഡന്‍ നിരാശപ്പെടുത്തുന്നുവെന്നും രാജ്യത്തിന്റെ പല ഭാഗത്തുനിന്നും അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്.യുഎസ് നേരിടുന്ന അനവധി വിഷയങ്ങള്‍ ഉയര്‍ത്തി കനത്ത സംവാദമാണ് ഇരുവരും തമ്മില്‍ നടന്നത്. സംവാദത്തിന് മുന്‍പ് ഇരുവരും പരസ്പരം കൈ കൊടുക്കാന്‍ പോലും തയ്യാറായില്ല എന്നത് രാഷ്ട്രീയ വൈരാഗ്യത്തിന്റെ ആഴം കൂടുതല്‍ വ്യക്തമാക്കുന്നതായിരുന്നു. കത്തിക്കയറുന്ന വിലക്കയറ്റത്തില്‍ രൂക്ഷമായി ബൈഡനെ വിമര്‍ശിച്ചായിരുന്നു ട്രംപ് സംവാദം തുടങ്ങിയത്. ബൈഡന്‍ തികഞ്ഞ പരാജയമായിരുന്നുവെന്നും വിലക്കയറ്റം ജനങ്ങളെ കൊല്ലുകയാണെന്നും ട്രംപ് വിമര്‍ശിച്ചിരുന്നു.
എന്നാല്‍ ട്രംപിന്റെ ഭരണകാലയളവില്‍ ജനങ്ങള്‍ക്ക് സംഭവിച്ച തൊഴില്‍നഷ്ടങ്ങള്‍ ചൂണ്ടിക്കാട്ടി ബൈഡന്‍ തിരിച്ചടിക്കുകയായിരുന്നു. കൊവിഡ് കാലത്ത് കൂപ്പുകുത്തിയ തൊഴില്‍ വ്യവസ്ഥ തന്റെ കാലത്താണ് പൂര്‍വസ്ഥിതിയിലായതെന്ന് ബൈഡന്‍ ചൂണ്ടിക്കാട്ടി. ട്രംപ് രാജ്യത്ത് കുറിയേറിവന്നവരോട് ക്രൂരത കാട്ടിയെന്നും അമ്മമാരെയും കുഞ്ഞുങ്ങളെയും അടക്കം മനഃപൂര്‍വം വെവ്വേറെ സ്ഥലങ്ങളില്‍ പൂട്ടിയിട്ടെന്നുമെല്ലാം ബൈഡന്‍ ആരോപിച്ചു.അമേരിക്കന്‍ രാഷ്ട്രീയത്തില്‍ മാത്രം ആദ്യഘട്ടത്തില്‍ തങ്ങി നിന്ന ചര്‍ച്ച പിന്നീട് പതിയെ അന്താരാഷ്ട്ര തലത്തിലേക്കും മാറി. താനായിരുന്നു പ്രസിഡന്റ് എങ്കില്‍ യുക്രെയ്ന്‍ യുദ്ധം നടക്കുമായിരുന്നില്ലെന്ന് ട്രംപ് പറഞ്ഞു. അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള യുഎസ് സേനയുടെ പിന്മാറ്റം രാജ്യത്തിന്റെ ചരിത്രത്തിലെത്തന്നെ മോശം ദിനങ്ങളില്‍ ഒന്നാണെന്നും താനായിരുന്നെങ്കില്‍ ഇങ്ങനെ നാണംകെട്ട് ഇറങ്ങില്ലായിരുന്നുവെന്നും ട്രംപ് ആഞ്ഞടിച്ചു. പലസ്തീനെ അംഗീകരിക്കുന്നത് താന്‍ ആലോചിച്ച് മാത്രം എടുക്കുന്ന തീരുമാനമാകുമെന്നും ട്രംപ് പറയുകയുണ്ടായി.