വാഷിങ്ടൺ: അമേരിക്ക വിതരണം ചെയ്ത ദീർഘദൂര മിസൈലുകൾ ഉപയോഗിച്ച് റഷ്യയെ ആക്രമിക്കാൻ യുക്രെയ്ന് അനുമതി നൽകി ജോ ബൈഡൻ. വരും ദിവസങ്ങളിൽ, യുക്രെയ്ൻ ദീർഘദൂര മിസൈലുകൾ ഉപയോഗിച്ച് റഷ്യയിൽ ആക്രമണം നടത്തുമെന്നാണ് റിപ്പോർട്ട്. എന്നാൽ, വൈറ്റ്ഹൗസ് ഇക്കാര്യത്തിൽ ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല.
ജനുവരി 20ന് അമേരിക്കൻ പ്രസിഡന്റായി ഡോണൾഡ് ട്രംപ് ചുമതലയേറ്റെടുക്കാനിരിക്കെയാണ് നിർണായക തീരുമാനം ബൈഡൻ പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ യുദ്ധമുഖത്ത് റഷ്യ ഉത്തരകൊറിയൻ സൈനികരെ ഇറക്കിയിരുന്നു.
Also Read: ഷെയ്ഖ് ഹസീനയെ കൈമാറാണം; ഇന്ത്യയോടാവശ്യപ്പെടുമെന്ന് മുഹമ്മദ് യൂനുസ്
ഇതോടെയാണ് നയത്തിൽ മാറ്റം വരുത്താൻ അമേരിക്ക നിർബന്ധിതമായതെന്നാണ് സൂചന. 306 കിലോ മീറ്റർ വരെ പ്രഹരശേഷിയുള്ളതാണ് ദീർഘദൂര മിസൈലുകൾ. കൂടുതൽ ശക്തമായ അമേരിക്കൻ ആയുധങ്ങൾ ലഭിക്കുന്നത് റഷ്യയുമായുള്ള മധ്യസ്ഥ ചർച്ചകളിൽ മേൽക്കൈയുണ്ടാക്കാൻ സഹായിക്കുമെന്നാണ് യുക്രെയ്ന്റെ പ്രതീക്ഷ.
അതേസമയം, ഡോണൾഡ് ട്രംപ് അധികാരത്തിലെത്തിയാൽ ബൈഡന്റെ തീരുമാനത്തിൽ മാറ്റം വരുത്തുമോയെന്ന് വ്യക്തമല്ല. യുക്രെയ്ന് നൽകുന്ന സൈനിക-സാമ്പത്തിക നയങ്ങളെ വിമർശിച്ച് ഡോണൾഡ് ട്രംപ് രംഗത്തെത്തിയിട്ടുണ്ട്.