ഇന്ത്യയുടെ വികസനങ്ങളെ പ്രകീർത്തിച്ച് ബിൽ ഗേറ്റ്‌സ്

ഇന്ത്യയുടെ വികസനങ്ങളെ പ്രകീർത്തിച്ച് ബിൽ ഗേറ്റ്‌സ്
ഇന്ത്യയുടെ വികസനങ്ങളെ പ്രകീർത്തിച്ച് ബിൽ ഗേറ്റ്‌സ്

വാഷിങ്ടൺ ഡിസി: ഇന്ത്യയുടെ വികസനങ്ങളെ പ്രകീർത്തിച്ച് മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്‌സ്. ഇന്ത്യയെ വിപ്ലവകരമായ പുതിയ കണ്ടുപിടുത്തങ്ങളുടെ നേതാവെന്നാണ് അമേരിക്കൻ വ്യവസായി കൂടിയായ ബിൽ ഗേറ്റ്‌സ് വിശേഷിപ്പിച്ചിരിക്കുന്നത്. സിയാറ്റിലിൽ ആരംഭിച്ച പുതിയ ഇന്ത്യൻ കോൺസുലേറ്റിൽ വെച്ച് നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിനിടയിലായിരുന്നു ബിൽ ഗേറ്റ്‌സിന്റെ പ്രശംസ.

സിയാറ്റിലിൽ വെച്ച് ആദ്യമായി നടന്ന സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയിൽ ബിൽഗേറ്റ്‌സായിരുന്നു പതാകയുയർത്തിയത്. രണ്ടായിരത്തോളം വരുന്ന ഇന്ത്യൻ-അമേരിക്കൻ പൗരന്മാർ പങ്കെടുത്ത പരിപാടിയിൽ ഇന്ത്യയുടെ സാങ്കേതിക മേഖല, കാർഷിക മേഖല, ആരോഗ്യ മേഖല തുടങ്ങിയ മേഖലകളിലെ മികവിനെ കുറിച്ച് ബിൽ ഗേറ്റ്‌സ് സംസാരിച്ചു.

”സുരക്ഷിതമായ വില കുറഞ്ഞ വാക്‌സിനുകൾ മുതൽ ഇന്ത്യൻ ഡിജിറ്റൽ പബ്ലിക് മേഖലകൾ വരെയുള്ള ഇന്ത്യയുടെ മികവ് ഇന്ത്യക്കാരെ മാത്രമല്ല, മൊത്തം ലോകത്തെ തന്നെ സഹായിക്കുന്നു. ആഗോള ദക്ഷിണ രാജ്യങ്ങൾ അവരുടെ സാങ്കേതിക മേഖല വിപുലീകരിക്കാൻ ഇന്ത്യയുടെ അനുഭവങ്ങളെയാണ് പ്രയോജനപ്പെടുത്തുന്നത്,” അദ്ദേഹം പറഞ്ഞു.

അമേരിക്കൻ കോൺഗ്രസ് പ്രതിനിധികളായ സൂസൻ ഡെൽബീൻ, കിം ഷ്രിയെർ, ആദം സ്മിത്ത്, ലഫ്‌നന്റ് ജനറൽ സേവ്യർ ബ്രൺസോൺ, അമേരിക്കയിലെ വടക്ക് പടിഞ്ഞാറ് പസഫിക്കിലെ ആദ്യ കമാൻഡർ മാർക് സുകാറ്റോ, വടക്ക് പടിഞ്ഞാറിലെ നാവികസേന കമാൻഡർ വാഷിങ്ടൺ ലെഫ്‌നന്റ് ഗവർണർ ഡെന്നി ഹെക്ക്, വാഷിങ്ടൺ സ്റ്റേറ്റ് സെക്രട്ടറി സ്റ്റീവ് ഹോബ്ബ്‌സ്, വാഷിങ്ടൺ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സ്റ്റീവ് ഗോൺസലേസ് തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

നാനാത്വത്തിൽ ഏകത്വം എന്ന പ്രമേയം മുൻനിർത്തിയുള്ള ഫ്‌ളോട്ടുകളും സാസ്‌കാരിക പരിപാടികളും സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി അവതരിപ്പിച്ചു. പരിപാടിയുടെ ഭാഗമായി കിങ് കൗണ്ടി, ബെല്ലിവ്യൂ സിറ്റി (വാഷിങ്ടൺ), പോർട്‌ലാൻഡ് (ഒറേഗൺ), ഹിൽസ്‌ബോറോ (ഒറേഗൺ), ടിഗാർഡ് (ഒറേഗൺ) എന്നീ സിറ്റി കൗൺസിൽ അഞ്ച് വ്യത്യസ്ത പ്രഖ്യാപനങ്ങളും പുറപ്പെടുവിച്ചു.

‘വികസിത ഭാരതം-2047’ എന്നതാണ് ഈ വർഷത്തെ സ്വാതന്ത്ര്യദിനപ്രമേയം. വികസിത് ഭാരത് 2047 എന്നത് വെറും വാക്കുകളല്ല, മറിച്ച് 140 കോടി ജനങ്ങളുടെ സ്വപ്നങ്ങളാണെന്നായിരുന്നു ചെങ്കോട്ടയിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗിച്ചത്. വികസിത ഭാരതത്തിനായി ജനങ്ങൾ നിരവധി നിർദേശങ്ങൾ നൽകിയിട്ടുണ്ട്. കർഷകരും ജവാന്മാരും രാഷ്ട്ര നിർമ്മാണത്തിൽ പങ്കാളികളായി. കൊറോണ കാലഘട്ടം നമുക്ക് എങ്ങനെ മറക്കാനാകും. ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകൾക്ക് ഏറ്റവും വേഗത്തിൽ നമ്മുടെ രാജ്യം വാക്സിനുകൾ നൽകി. ഇതേ രാജ്യത്തെയാണ് തീവ്രവാദികൾ ആക്രമിക്കുന്നത്. രാജ്യത്തെ സായുധ സേന സർജിക്കൽ സ്ട്രൈക്കും വ്യോമാക്രമണവും നടത്തുമ്പോൾ, രാജ്യത്തെ യുവാക്കളിൽ അഭിമാനം നിറയുന്നുവെന്നായിരുന്നു മോദി പ്രസംഗിച്ചത്.

Top