ഇടതുപക്ഷത്ത് ഇരുന്ന് വലതുപക്ഷത്തിൻ്റെ സ്വഭാവമാണിപ്പോൾ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം കാണിച്ചിരിക്കുന്നത്. എസ്എഫ്ഐയ്ക്ക് എതിരായ ബിനോയ് വിശ്വത്തിൻ്റെ ആരോപണം അനവസരത്തിൽ ഉള്ളതും അനുചിതവുമാണ്. പ്രതിപക്ഷത്തിനും മാധ്യമങ്ങൾക്കും എസ്എഫ്ഐയെയും സിപിഎമ്മിനെയും കടന്നാക്രമിക്കുന്നതിനുള്ള ഊർജ്ജമായി ബിനോയ് വിശ്വത്തിൻ്റെ പ്രതികരണം മാറിയിട്ടുണ്ട്. എസ്എഫ്ഐ തുടരുന്നത് പ്രാകൃത സംസ്ക്കാരമാണെന്നു പറയുന്ന ബിനോയ് വിശ്വം താൻ എന്താണ് ഉദ്ദേശിച്ചതെന്നതു കൂടി വ്യക്തമാക്കേണ്ടതുണ്ട്.
പ്രാകൃത സംസ്കാരമില്ലാത്ത ബിനോയ് വിശ്വത്തിൻ്റെ പാർട്ടിയുടെ വിദ്യാർത്ഥി സംഘടനയുടെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്നതു കൂടി അദ്ദേഹം ഓർക്കുന്നത് നല്ലതാണ്. ഒറ്റപ്പെട്ട സംഭവങ്ങളെ പർവ്വതീകരിച്ച് എസ്എഫ്ഐയെ കടന്നാക്രമിക്കുന്നത് കമ്യൂണിസ്റ്റു പാർട്ടിയ്ക്ക് ചേർന്ന രീതിയല്ല. ഒറ്റയ്ക്ക് നിന്നാൽ ഇപ്പോഴും കേരളത്തിലെ ഒറ്റ മണ്ഡലങ്ങളിലും സിപിഐ വിജയിക്കില്ലെന്നതും ബിനോയ് വിശ്വം ഓർത്ത് കൊള്ളണം. ഇടതുപക്ഷ മുന്നണിയുടെ നിലനിൽപ്പിനു വേണ്ടി സിപിഎം ചെയ്യുന്ന വിട്ടുവീഴ്ചകൾ ഒരു ഘട്ടത്തിലും സിപിഐ ചെയ്തിട്ടില്ലെന്നതും ഒരു യാഥാർത്ഥ്യമാണ്.
രാജ്യത്ത് സിപിഎം നേരിടുന്ന വലിയ പ്രതിസന്ധികൾക്കിടയിലും കേരളത്തിൽ നിന്നും ലഭിക്കേണ്ട രാജ്യസഭ സീറ്റ് മുന്നണിയുടെ നിലനിൽപ്പിനു വേണ്ടി കേരള കോൺഗ്രസ്സിന് വിട്ടു കൊടുത്ത പാർട്ടിയാണ് സിപിഎം. ഇക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാതെ പിടിവാശി തുടർന്നത് സിപിഐ നേതൃത്വമാണ്. മുന്നണിയിൽ നിന്നും കേരള കോൺഗ്രസ്സ് പോയാലും വേണ്ടില്ല, സിപിഐയ്ക്ക് സീറ്റ് വേണമെന്ന നിലപാടാണ് ബിനോയ് വിശ്വം ഉൾപ്പെടെ സ്വീകരിച്ചിരുന്നത്. അതു കൊണ്ടാണ് സിപിഎമ്മിൻ്റെ സീറ്റ് ആ പാർട്ടിക്ക് വിട്ടു നൽകേണ്ടി വന്നിരിക്കുന്നത്.
ഈ ലോകസഭ തിരഞ്ഞെടുപ്പിലെ ഇടതുപക്ഷത്തിൻ്റെ തിരിച്ചടിയാണ് എസ്എഫ്ഐയെ കടന്നാക്രമിക്കാൻ ബിനോയ് വിശ്വത്തിന് ധൈര്യം നൽകിയതെങ്കിൽ തിരിച്ചടിക്ക് സിപിഐയും ഒരു പ്രധാന കാരണമാണെന്നതും ഓർത്തു കൊള്ളണം. സിപിഐയുടെ മന്ത്രി ഭരിക്കുന്ന ഭക്ഷ്യ വകുപ്പിൻ്റെ പ്രവർത്തനത്തിൽ വന്ന വീഴ്ചയും ഇടതുപക്ഷത്തിന് എതിരായ ജനവികാരത്തിന് ഒരു പ്രധാന കാരണമാണ്.
എങ്ങനെ തോറ്റു എന്നതിന് ഒരു താത്വിക അവലോകനം നടത്തുകയാണെങ്കിൽ സിപിഐയ്ക്ക് എതിരെ പറയാനും ഒരുപാട് കാര്യങ്ങൾ ഉണ്ട്. ദുർബലമായ സംഘടനാ സംവിധാനമാണ് സ്വാധീനമുള്ള മേഖലകളിൽ പോലും ഇന്ന് സിപിഐയ്ക്ക് ഉള്ളത്. അവരുടെ ഒരു വർഗ്ഗ ബഹുജന സംഘടനയ്ക്കും ബഹുജനങ്ങളെ ആകർഷിക്കാനുള്ള ശേഷിയില്ലെന്നതും ഒരു പ്രധാന ന്യൂനതയാണ്.
ബിജെപി കേരളത്തിൽ അക്കൗണ്ട് തുറന്നത് കോൺഗ്രസ്സിൻ്റെ സിറ്റിംഗ് സീറ്റിൽ നിന്നാണെങ്കിലും ആ സീറ്റിൽ ഇടതുപക്ഷത്ത് നിന്നും മത്സരിച്ചത് സിപിഐ ആണെന്നതും ബിനോയ് വിശ്വം മറന്നു പോകരുത്. സിപിഐയുടെ കുഴപ്പം കൊണ്ടാണ് തൃശൂരിൽ വി.എസ് സുനിൽകുമാർ തോറ്റതെന്ന് ഒരിക്കലും സിപിഎം നേതാക്കൾ പറഞ്ഞിട്ടില്ല. അവരത് പറയുകയുമില്ല. അതാണ് മുന്നണി മര്യാദ. ആ മര്യാദയാണ് ബിനോയ് വിശ്വത്തിന് ഇല്ലാതെ പോയിരിക്കുന്നത്. വി.എസ് സുനിൽകുമാറും പന്ന്യൻ രവീന്ദ്രനും സിപിഐയിലെ ജനകീയ മുഖങ്ങൾ തന്നെയാണ്. ഇവർക്കുള്ള ജനപ്രീതിയെ ആർക്കും തന്നെ കുറച്ച് കാണാൻ കഴിയുകയുമില്ല.
ലോകസഭ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം തോറ്റതിന് ആ മുന്നണിയിലെ എല്ലാ പാർട്ടികൾക്കും ഉത്തരവാദിത്വമുണ്ട്. സർക്കാറിനോടുള്ള ജനരോഷം മുതൽ നേതാക്കളുടെ പ്രവർത്തികളോടും ധാർഷ്ട്യത്തോടുമുള്ള ജനങ്ങളുടെ നിലപാടു വരെയാണ് തുറന്ന് കാട്ടപ്പെട്ടിരിക്കുന്നത്. മുസ്ലിംലീഗിനോടുള്ള മൃതു സമീപനവും ബിജെപിയെയും സംഘപരിവാർ സംഘടനകളെയും ചെറുക്കുന്നതിൽ കമ്യൂണിസ്റ്റുകളുടെ മൂർച്ച കുറഞ്ഞതുമെല്ലാം ഈ തിരഞ്ഞെടുപ്പിനെ ശരിക്കും ബാധിച്ചിട്ടുണ്ട്. ഇപി ജയരാജൻ – പ്രകാശ് ജാവദേക്കർ കൂടിക്കാഴ്ചയും ഇതു സംബന്ധമായ വെളിപ്പെടുത്തലും ഒരു സിപിഎം നേതാവിൻ്റെ ഭാഗത്ത് നിന്നും ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതായിരുന്നു. ഇതും ഇടതുപക്ഷത്തെ പിന്തുണയ്ക്കുന്ന ജനവിഭാഗത്തെ അകറ്റുന്നതിൽ പ്രധാന പങ്കു വഹിച്ചിട്ടുണ്ട്. ഇതെല്ലാം തിരിച്ചറിയുന്നതു കൊണ്ടാണ് തെറ്റുതിരുത്തൽ നടപടിയുമായി സിപിഎം ഇപ്പോൾ മുന്നോട്ട് പോകുന്നത്. കേന്ദ്ര കമ്മറ്റി യോഗത്തിനു ശേഷം താഴെതട്ടിൽ ഇപ്പോൾ നടക്കുന്ന റിപ്പോർട്ടിങ്ങുകളും അതിൻ്റെ ഭാഗമാണ്.
തെറ്റുതിരുത്തൽ നടപടി എന്നത് കേവലം റിപ്പോർട്ടിങ്ങിൽ മാത്രം ഒതുക്കാതെ കടുത്ത നടപടിയിലേക്ക് പോയില്ലെങ്കിൽ വലിയ തിരിച്ചടിയാണ് സിപിഎമ്മിനും അതുവഴി ഇടതുപക്ഷത്തിനും ലഭിക്കാൻ പോകുന്നത്. തെറ്റുതിരുത്തൽ നടപടിയ്ക്ക് കാലതാമസം ഉണ്ടായാൽ അത് ഉടൻ നടക്കാൻ പോകുന്ന ഉപതിരഞ്ഞെടുപ്പുകളെയും തദ്ദേശ തിരഞ്ഞെടുപ്പുകളെയും സാരമായി ബാധിക്കും. ഉപതിരഞ്ഞെടുപ്പിൽ പാലക്കാട് വിജയിച്ചില്ലെങ്കിലും സിറ്റിംഗ് സീറ്റായ ചേലക്കര നിലനിർത്തേണ്ടത് സിപിഎമ്മിനും ഇടതുപക്ഷത്തിനും അനിവാര്യമാണ്. ചേലക്കര കൈവിട്ടാൽ അത് തുടർന്ന് നടക്കുന്ന സകല തിരഞ്ഞെടുപ്പുകളെയും ബാധിക്കുമെന്നതും ഉറപ്പാണ്.
ഇടതുപക്ഷത്തിൻ്റെ കേരളത്തിലെ നിലനിൽപ്പു തന്നെ സിപിഎമ്മിനെ കേന്ദ്രീകരിച്ചാണ് ഉള്ളത്. ഈ യാഥാർത്ഥ്യം സിപിഐയും മറന്നു പോകരുത്. സിപിഎമ്മിന് അല്ലാതെ സംസ്ഥാന വ്യാപകമായി ശക്തമായ ജനകീയ അടിത്തറ ഇടതുപക്ഷത്തെ മറ്റൊരു പാർട്ടികൾക്കുമില്ല. സിപിഐയുടെ സ്വാധീനം പ്രധാനമായും കൊല്ലം, തൃശൂർ, ഇടുക്കി ജില്ലകളിലാണ് ഉള്ളത്. ജോസ് കെ മാണി വിഭാഗം കേരള കോൺഗ്രസ്സിന് കോട്ടയം ജില്ലയിലും പത്തനംതിട്ട ജില്ലയിലുമാണ് സ്വാധീനമുള്ളത്. ഈ രണ്ട് പാർട്ടികൾക്കും ഒറ്റയ്ക്ക് മത്സരിച്ചാൽ ഒരു മണ്ഡലത്തിലും വിജയിക്കാൻ സാധിക്കുകയുമില്ല.
ജനകീയ അടിത്തറയിൽ ആയാലും സംഘടനാപരമായ കരുത്തിൽ ആയാലും ഇപ്പോഴും കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയപാർട്ടി സിപിഎം ആണ്. സിപിഎമ്മിനോട് കിടപിടിക്കാവുന്ന ശക്തി സംസ്ഥാനത്തെ മറ്റൊരു പാർട്ടിയ്ക്കുമില്ല. മുന്നണികൾ ആയല്ലാതെ ഒറ്റയ്ക്കാണ് ഓരോ പാർട്ടികളും നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടുന്നതെങ്കിൽ ബഹുഭൂരിപക്ഷം സീറ്റുകളിലും വിജയിക്കുവാൻ പോകുന്നത് സിപിഎമ്മായിരിക്കും. ഏത് പ്രതികൂല കാലാവസ്ഥയിലും എന്തൊക്കെ തിരിച്ചടികൾ ഉണ്ടായാലും ഇനിയും യുഡിഎഫ് സഖ്യമായി തന്നെ മത്സരിച്ചാൽ പോലും ഒറ്റയ്ക്ക് വിജയിക്കാൻ കഴിയുന്ന 38 നിയമസഭാ മണ്ഡലങ്ങൾ ഇപ്പോഴും സിപിഎമ്മിനുണ്ട്. കോൺഗ്രസ്സിന് ഈ കണക്കുകൾ പ്രകാരം ഒറ്റയ്ക്ക് മത്സരിക്കുകയാണെങ്കിൽ കേവലം 9 നിയമസഭാ മണ്ഡലങ്ങളിൽ മാത്രമാണ് വിജയ സാധ്യത ഉള്ളത്. കോട്ടയത്ത് 2, എറണാകുളത്ത് 5, കണ്ണൂരിൽ 2 എന്നിങ്ങനെയാണ് ആ കണക്കുകൾ. മുസ്ലീം ലീഗിന് മലപ്പുറം ജില്ലയിലെ 4 സീറ്റുകളിൽ ആരുടെയും സഖ്യമില്ലാതെ വിജയിക്കാൻ കഴിയും.
16 നിയമസഭ മണ്ഡലങ്ങൾ ഉള്ള മലപ്പുറം ജില്ലയിൽ വലിയ വിജയം ലീഗിന് നേടണമെങ്കിൽ കോൺഗ്രസ്സിൻ്റെയും മത സംഘടനകളുടെയും സഹായം അനിവാര്യമാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ കണക്കുകൾ വച്ച് പരിശോധിച്ചാൽ തന്നെ ഇക്കാര്യവും വ്യക്തമാകും. ബിജെപിയ്ക്ക് എസ്.എൻ.ഡി.പി യോഗത്തിൻ്റെയും എൻ.എസ്.എസിൻ്റെയും പിന്തുണയുണ്ടെങ്കിൽ ഒരു സീറ്റിൽ മാത്രമാണ് ഇപ്പോഴും സാധ്യത ഉള്ളത്. എല്ലായിടത്തും സുരേഷ് ഗോപി മത്സരിക്കാൻ ഇല്ലാത്തതിനാൽ ലോകസഭ തിരഞ്ഞെടുപ്പിൻ്റെ അടിസ്ഥാനത്തിൽ 10-ൽ കൂടുതൽ എംഎൽഎമാരെ വിജയിപ്പിക്കാൻ കഴിയുമെന്ന ബിജെപിയുടെ കണക്കുകൂട്ടൽ നടക്കാനുള്ള സാധ്യത വളരെ കുറവാണ്. ലോകസഭ തിരഞ്ഞെടുപ്പിലെ മിന്നും ജയത്തിൻ്റെ കണക്കിൽ 2026-ൽ ഭരണം പിടിക്കാമെന്ന യുഡിഎഫിൻ്റെ കണക്ക് കൂട്ടലുകൾ തെറ്റിയാൽ പോലും അത്ഭുതപ്പെടാനില്ല.
സംസ്ഥാനത്തെ നിലവിലെ ലോകസഭ മണ്ഡല പുനർ നിർണ്ണയം യുഡിഎഫിന് അനുകൂലമായിട്ടുള്ളതാണ്. അതേസമയം നിയമസഭാ മണ്ഡല പുനർനിർണ്ണയമാകട്ടെ ഇടതുപക്ഷത്തിനാണ് അനുകൂലമായിട്ടുള്ളത്. ഈ കണക്കുകൾ വച്ചു നോക്കിയാൽ ഇടതുപക്ഷത്തെ ഇനിയും എഴുതി തള്ളാൻ കഴിയുകയില്ല.
ഇടതുപക്ഷത്ത് മുന്നണി ആയിട്ടായാലും ഒറ്റയ്ക്കായാലും വൻ വിജയം നേടാൻ സിപിഎമ്മിനെ കരുത്തരാക്കുന്നതിൽ എസ്എഫ്ഐയും, ഡിവൈഎഫ്ഐയും, സിഐടിയുവും കർഷക സംഘടനകളും ഉൾപ്പെടെയുള്ള മറ്റു വർഗ്ഗ ബഹുജന സംഘടനകൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ഈ സംഘടനകളുടെ കരുത്തിൻ്റെ അടുത്ത് എത്താനുള്ള ശേഷി പോലും മറ്റ് എല്ലാ പ്രതിപക്ഷ സംഘടനകളും ഒരുമിച്ച് ചേർന്നാൽ പോലും ഉണ്ടാവുകയില്ലെന്നതും ഒരു വസ്തുതയാണ്.
സിപിഎമ്മിലേക്ക് പ്രധാനമായും കേഡർമാരെ സംഭാവന ചെയ്യുന്നത് യുവജന സംഘടനയായ ഡിവൈഎഫ്ഐയാണ്. ഡിവൈഎഫ്ഐയ്ക്ക് പ്രധാനമായും കേഡർമാരെ സംഭാവന ചെയ്യുന്നതാകട്ടെ എസ്എഫ്ഐയുമാണ്. ഈ യാഥാർത്ഥ്യം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് അറിയാമായിരുന്നിട്ടും ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന ഏർപ്പാടാണ് അദ്ദേഹം ഇപ്പോൾ ചെയ്ത് കൊണ്ടിരിക്കുന്നത്. അതു കൊണ്ടാണ് വിശദമായി തന്നെ ഇത്രയും കാര്യങ്ങൾ പറയേണ്ടി വന്നിരിക്കുന്നത്. എസ്എഫ്ഐയെ കടന്നാക്രമിക്കുക വഴി ഇടതുപക്ഷത്തെ ദുർബലമാക്കാനാണ് അറിഞ്ഞോ അറിയാതെയോ ബിനോയ് വിശ്വം ഇപ്പോൾ ശ്രമിച്ചിരിക്കുന്നത്.
കേരളത്തിലെ ഏറ്റവും വലിയ സംഘടനയായി എസ്എഫ്ഐ നിൽക്കുന്നതും ബഹുഭൂരിപക്ഷം കോളജ് യൂണിയനുകൾ ഇന്നും ഭരിക്കുന്നതും ഒറ്റയ്ക്കാണ്. ഇടതുപക്ഷത്തെ ഒരു സംഘടനയെയും കൂട്ട് പിടിക്കാതെ അനവധി വർഷങ്ങളായി എസ്എഫ്ഐ നടത്തി വരുന്ന ഈ മുന്നേറ്റം സിപിഐയെ അസ്വസ്ഥതപ്പെടുത്തുന്നുണ്ടെങ്കിൽ അത് അസൂയ കൊണ്ട് കൂടിയാണെന്നതും പറയേണ്ടി വരും. പല ക്യാമ്പസുകളിലും എസ്എഫ്ഐ വിരുദ്ധ മുന്നണിയുടെ ഭാഗമായാണ് എഐഎസ്എഫ് എന്ന സിപിഐയുടെ വിദ്യാർത്ഥി സംഘടനയും മത്സരിക്കാറുള്ളത്. ബിനോയ് വിശ്വത്തിൻ്റെ പ്രതികരണം പ്രചരിപ്പിക്കുന്നവർ അതുകൂടി മനസ്സിലാക്കേണ്ടതുണ്ട്.
വിദ്യാർത്ഥി രാഷ്ട്രിയത്തിലെ തെറ്റായ പ്രവണതകൾ ഇന്നും ഇന്നലെയും തുടങ്ങിയതല്ല അത് വിദ്യാർത്ഥി രാഷ്ട്രീയം തുടങ്ങിയ കാലംമുതൽ ഉണ്ടായിട്ടുള്ളതാണ്. അത്തരം ഒറ്റപ്പെട്ട പ്രവണതകൾക്കെതിരെ നിലപാട് സ്വീകരിച്ചും വിമർശനങ്ങൾ ഉൾകൊണ്ടും മുന്നോട്ട് പോയതു കൊണ്ടാണ്, എസ്എഫ്ഐ ഇന്നും ഇത്ര കരുത്തോടെ നിൽക്കുന്നതെന്നതും സിപിഐ സംസ്ഥാന സെക്രട്ടറി ഓർത്തു കൊള്ളണം.
കാലിക്കറ്റ് സർവ്വകലാശാലാ യൂണിയൻ ഭരണം എസ്എഫ്ഐയ്ക്ക് നഷ്ടമായത് ചരിത്രത്തിലെ ആദ്യ സംഭവമാണ് എന്ന രൂപത്തിലാണ് മാധ്യമങ്ങളും പ്രതിപക്ഷവും സിപിഐയുടെ വിദ്യാർത്ഥി സംഘടനയും ഉൾപ്പെടെ നിലവിൽ പ്രചരിപ്പിക്കുന്നത്. വസ്തുതയ്ക്ക് നിരക്കാത്ത പ്രവർത്തിയാണിത്. കാലിക്കറ്റ് സർവ്വകലാശാലാ വിദ്യാർത്ഥി യൂണിയൻ ഇടതുപക്ഷ സർക്കാർ ഭരണത്തിൽ ഇരിക്കെ തന്നെ മുൻപും പലതവണ എസ്എഫ്ഐയ്ക്ക് നഷ്ടപ്പെട്ടിട്ടുണ്ട്. എന്നാൽ, പിന്നീട് അത് പൂർവ്വാധികം ശക്തിയോടെ തിരിച്ചു പിടിച്ചിട്ടുമുണ്ട്. ലീഗ് നേതൃത്വത്തിന് സ്വാധീനമുള്ള അറബിക് കോളജുകളിൽ നിന്നുൾപ്പെടെ വരുന്ന വോട്ടർമാരായ കൗൺസിലർമാരുടെ പിന്തുണയിൽ കൂടിയാണ് ഇത്തരം താൽക്കാലിക വിജയങ്ങൾ കെ.എസ്.യു – എം.എസ്.എഫ് സഖ്യത്തിന് സാധ്യമാകാറുള്ളത്. ഇവർ എസ്എഫ്ഐയെ പോലെ ഒറ്റയ്ക്കാണ് മത്സരിച്ചിരുന്നതെങ്കിൽ ഇത്തവണയും നാണംകെട്ട തോൽവി സംഭവിക്കുമായിരുന്നു.
എസ്എഫ്ഐയുടെ സംഘടനാ ശക്തിയ്ക്കും വിദ്യാർത്ഥി പിന്തുണയ്ക്കും ഒരു കോട്ടവും സംഭവിച്ചിട്ടില്ലെന്ന് ആ സംഘടന ഇപ്പോൾ വീണ്ടും തെളിയിച്ചിരിക്കുകയാണ്. കാലിക്കറ്റ് സർവ്വകലാശാലാ തിരഞ്ഞെടുപ്പിനു ശേഷം നടന്ന കണ്ണൂർ സർവ്വകലാശാലാ യൂണിയൻ തിരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും വൻ വിജയമാണ് എസ്എഫ്ഐ നേടിയിരിക്കുന്നത്. കെ.എസ്.യു – എം.എസ്.എഫ് സഖ്യത്തിനെതിരെ ഒറ്റയ്ക്ക് മത്സരിച്ചാണ് ഇത്തരമൊരു വൻ വിജയം പൊരുതുന്ന വിദ്യാർത്ഥി പ്രസ്ഥാനം നേടിയിരിക്കുന്നത്. ഇനി നടക്കാൻ പോകുന്ന എം.ജി, കേരള സർവ്വകലാശാലാ യൂണിയൻ തിരഞ്ഞെടുപ്പുകളിലും എസ്എഫ്ഐയ്ക്ക് തന്നെയാണ് വിജയ സാധ്യത ഉള്ളത്.
എസ്എഫ്ഐ ഒറ്റയ്ക്ക് പോരാടി നേടുന്ന ഇത്തരം വിജയങ്ങൾക്ക് പ്രത്യേകതകളും പ്രാധാന്യവും ഏറെയാണ്. യഥാർത്ഥത്തിൽ ഈ പാതയിലാണ് സിപിഎമ്മും സഞ്ചരിക്കേണ്ടത്. തെറ്റു തിരുത്തൽ പ്രക്രിയ നടപ്പാക്കുന്നതോടൊപ്പം തന്നെ സ്വന്തം ശക്തി തിരിച്ചറിഞ്ഞുള്ള നിലപാടുകളും ഉണ്ടാവേണ്ടതുണ്ട്. ജനകീയ അടിത്തറയില്ലാത്ത നിരവധി ഘടകകക്ഷികൾ ഇടതുപക്ഷത്തുണ്ട്. ഇത്തരം കക്ഷികളെ ഇനിയും ചുമക്കണമോ എന്നതും, സിപിഎം ചിന്തിക്കണം. ആ പാർട്ടിയുടെ അണികൾ ആഗ്രഹിക്കുന്നതും, അതു തന്നെയാണ്…
EXPRESS KERALA VIEW