തിരുവനന്തപുരം: നടനും എംഎൽഎയുമായ മുകേഷിന്റെ രാജിക്കായി കടുത്ത സമ്മർദ്ദവുമായി സിപിഐ. മുകേഷ് മാറിയേ തീരൂ എന്ന ആവശ്യമുന്നയിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. മുകേഷ് മാറി നിൽക്കണം എന്നാണ് പാർട്ടി നിലപാട് എന്ന് ബിനോയ് വിശ്വം മുഖ്യമന്ത്രിയെ അറിയിച്ചു. ധാർമികതയുടെ പേരിൽ മാറി നിൽക്കണം എന്നാണ് പാർട്ടി നിലപാട്. പാർട്ടി എക്സിക്യൂട്ടീവ് തീരുമാന പ്രകാരമാണ് ബിനോയ് വിശ്വം നിലപാട് അറിയിച്ചത്. മുകേഷിന്റെ രാജി സംബന്ധിച്ച് സിപിഐ കടുപ്പിച്ചതോടെ സിപിഎം കൂടുതൽ സമ്മർദ്ദത്തിലായിരിക്കുകയാണിപ്പോൾ.
Also read: മുകേഷിനെതിരായ അന്വേഷണത്തിന് പ്രത്യേക സംഘം
അതേസമയം, എംഎൽഎ സ്ഥാനം രാജി വെക്കണമെന്ന മുറവിളി തുടരുമ്പോഴും നടിയുടെ ലൈംഗിക അധിക്ഷേപ പരാതി തള്ളി മുഖ്യമന്ത്രിക്ക് വിശദീകരണം നൽകിയിരിക്കുകയാണ് മുകേഷ്. കേസെടുക്കും മുമ്പ് ഇന്നലെയാണ് മുകേഷ് മുഖ്യമന്ത്രിക്ക് വിശദീകരണം നൽകിയത്. പരാതി ശരിയല്ല. നേരത്തെ നടിയെ അറിയാമായിരുന്നു. നടി ബ്ലാക്ക് മെയിൽ ചെയ്യാൻ ശ്രമിച്ചതിൻ്റെ വാട്സ്ആപ്പ് സന്ദേശത്തിൻ്റെ തെളിവുണ്ടെന്നും മുകേഷ് മുഖ്യമന്ത്രിയെ അറിയിച്ചു. ആരോപണത്തിൽ ആദ്യം പ്രതികരിക്കുമെന്ന് അറിയിച്ചെങ്കിലും നിയമോപദേശത്തെ തുടർന്ന് മുകേഷ് ഇന്നും മാധ്യമങ്ങൾക്ക് മുന്നിലെത്തിയില്ല.