തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എകെജി സെന്ററിലായിരുന്നു കൂടിക്കാഴ്ച. വ്യാഴാഴ്ചത്തെ നിര്‍ണായക യോഗങ്ങള്‍ക്ക് മുന്നോടിയായാണ് ഇരുവരും കണ്ടത്. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
നിയമസഭാ സമ്മേളനം തുടങ്ങുന്നതിന് മുന്‍പ്, ക്രമസമാധാന ചുമതലയില്‍ നിന്ന് എഡിജിപി എം.ആര്‍.അജിത് കുമാറിനെ മാറ്റണമെന്നാണ് ബിനോയ് വിശ്വം ആവശ്യപ്പെട്ടു. ഡിജിപിയുടെ റിപ്പോര്‍ട്ട് കിട്ടിയിട്ടില്ലെന്നാണ് ബിനോയ് വിശ്വത്തിന് മുഖ്യമന്ത്രി നല്‍കിയ മറുപടി. റിപ്പോര്‍ട്ട് വരട്ടെയെന്നും അതിനുശേഷം തീരുമാനിക്കാമെന്നുമാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്. അജിത്കുമാറിനെതിരായ അന്വേഷണ റിപ്പോര്‍ട്ട് ഡിജിപി കൈമാറാനിരിക്കെയാണ് നേതാക്കള്‍ ചര്‍ച്ച നടത്തിയത്.