CMDRF

‘അന്തസായി രാഷ്ട്രീയം പറയാന്‍ കെല്‍പ്പില്ലാത്തവരാണ് സുപ്രഭാതം പത്രം കത്തിച്ചത്’: ബിനോയ് വിശ്വം

‘അന്തസായി രാഷ്ട്രീയം പറയാന്‍ കെല്‍പ്പില്ലാത്തവരാണ് സുപ്രഭാതം പത്രം കത്തിച്ചത്’: ബിനോയ് വിശ്വം
‘അന്തസായി രാഷ്ട്രീയം പറയാന്‍ കെല്‍പ്പില്ലാത്തവരാണ് സുപ്രഭാതം പത്രം കത്തിച്ചത്’: ബിനോയ് വിശ്വം

മലപ്പുറം: കോണ്‍ഗ്രസും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഒരുപോലെ ശത്രുവായി കാണുന്നത് ഇടതുപക്ഷത്തെയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സുപ്രഭാതം പത്രത്തില്‍ ഇടതുപക്ഷത്തിന്റെ പരസ്യം ഉയര്‍ത്തികാട്ടിയായിരുന്നു ബിനോയ് വിശ്വത്തിന്റെ വാക്കുകള്‍. മാതൃഭൂമിയിലെ പ്രധാനമന്ത്രിയുടെ പരസ്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘സുപ്രഭാതം പത്രം ഇന്ന് കത്തിച്ചു. വേറെ ഒരു പത്രവും കത്തിച്ചിട്ടില്ല. കത്തിക്കല്‍ ഞങ്ങളുടെ വഴിയല്ല, രീതിയല്ല. സംവാദമാണ് ഞങ്ങളുടെ വഴി. എല്‍ഡിഎഫിന്റെ ഒരു പരസ്യം വാചകമാണ്. പണം കൊടുത്താണ് പരസ്യം നല്‍കിയത്’, ബിനോയ് വിശ്വം പറഞ്ഞു.

സുപ്രഭാതം പത്രം കത്തിച്ചത് ആരായിരിക്കുമെന്ന് അദ്ദേഹം ചോദിച്ചു. അന്തസായി രാഷ്ട്രീയം പറയാന്‍ കെല്‍പ്പില്ലാത്തവര്‍ ആണ് പത്രം കത്തിച്ചതെന്ന് ബിനോയ് വിശ്വം പറഞ്ഞു. പത്ത് കൊല്ലമായി മാധ്യമ പ്രവര്‍ത്തകര്‍ക്ക് മോദിയെ കാണാന്‍ കിട്ടുന്നില്ല. രണ്ടാഴ്ച്ച മുന്‍പ് അസമിലെ ഒരു ബിജെപി പത്രത്തിന് അഭിമുഖം കൊടുത്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വീണ്ടും ഇപ്പോള്‍ ഒരു അവസരം ലഭിച്ചത് ഒരു മലയാള ചാനലിനാണ്. ഏഷ്യാനെറ്റ് ന്യൂസിന്. തിരുവനന്തപുരത്ത് മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥിയുടെ ചാനലിനാണ് അവസരം ലഭിച്ചത്. ആ സ്ഥാനാര്‍ഥിയും ചാനലും തമ്മിലുള്ള ബന്ധം എല്ലാവര്‍ക്കും അറിയാം. ആ ചാനലിനാണ് മോദിയെ ഇന്റര്‍വ്യൂ ചെയ്യാന്‍ സൗഭാഗ്യം ലഭിച്ചത്. പരസ്യം വന്ന പത്രം കത്തിച്ചും അപവാദ പ്രചാരണം നടത്തിയുമാണ് ഇടതുപക്ഷത്തിന് എതിരെ പ്രചാരണം നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top