CMDRF

രാഹുല്‍ കുറച്ചുകൂടി രാഷ്ട്രീയപക്വത കാട്ടണം ; ബിനോയ് വിശ്വം

രാഹുല്‍ കുറച്ചുകൂടി രാഷ്ട്രീയപക്വത കാട്ടണം ; ബിനോയ് വിശ്വം
രാഹുല്‍ കുറച്ചുകൂടി രാഷ്ട്രീയപക്വത കാട്ടണം ; ബിനോയ് വിശ്വം

കൊല്ലം: ‘ഇന്ത്യ’ സഖ്യത്തിന്റെ ആശയാടിത്തറ വിസ്മരിച്ചാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രവര്‍ത്തിക്കുന്നതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കൊല്ലം പ്രസ്സ് ക്ലബ്ബില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നടത്തിയ ഫെയ്‌സ് ടു ഫെയ്‌സ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഹുല്‍ കുറച്ചുകൂടി രാഷ്ട്രീയപക്വത കാട്ടണം. ആരാണ് ബന്ധു, ആരാണ് ശത്രു എന്നിവ മനസ്സിലാക്കി പ്രവര്‍ത്തിക്കണം. കേരളത്തിലെ ദൂരക്കാഴ്ചയില്ലാത്ത കോണ്‍ഗ്രസ് നേതാക്കളാണ് അദ്ദേഹത്തെക്കൊണ്ട് ഈ വേഷം കെട്ടിക്കുന്നത്. ബി.ജെ.പി. ഭക്തിയുള്ള നേതാക്കളാണ് കോണ്‍ഗ്രസില്‍ ചിലരെന്നും ബിനോയ് വിശ്വം പറഞ്ഞു.

ഇടതുപക്ഷത്തോടുള്ള വിരോധംമൂത്താണ് കോണ്‍ഗ്രസ് ബി.ജെ.പിയെ പ്രണയിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൂക്കുമന്ത്രിസഭ വന്നാല്‍, കോണ്‍ഗ്രസ് എം.പിമാര്‍ ബി.ജെ.പിക്കൊപ്പം പോകും. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പെയ്ഡ് സര്‍വേകളാണ് പുറത്തുവരുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇടതുപക്ഷത്തിന്റെ വിജയം സുനിശ്ചിതമാണ്. തൃശ്ശൂര്‍ പൂരവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് വീഴ്ചയുണ്ടായിട്ടില്ല. ശബരിമലവിഷയം മനസ്സില്‍ക്കണ്ട് ആരോ തയ്യാറാക്കിയ പദ്ധതിയാണ് നടപ്പായത്. അതിന് ഉത്തരവാദികളായവര്‍ക്കെതിരേ നടപടിയെടുത്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യസഭയില്‍ ഗുലാംനബി ആസാദിന് യാത്രയയപ്പ് ചടങ്ങിനിടെ മോദിയുടെ പ്രസംഗത്തെപ്പറ്റി പരാമര്‍ശിച്ച തനിക്കും പ്രധാനമന്ത്രിയുടെ ഓഫീസില്‍നിന്ന് ക്ഷണം ലഭിച്ചിരുന്നെന്നും താനത് നിരസിച്ചിരുന്നെന്നും ബിനോയ് വിശ്വം പറഞ്ഞു.പ്രധാനമന്ത്രി വിരുന്നിനു വിളിച്ചതില്‍ ഏതെങ്കിലും എം.പിക്ക് രോമാഞ്ചമുണ്ടായാല്‍ അത് ശ്രദ്ധിക്കണം. എന്‍.കെ. പ്രേമചന്ദ്രനെ പ്രധാനമന്ത്രി വിരുന്നിന് ക്ഷണിച്ചതുമായി ബന്ധപ്പെട്ട് വിവാദമുണ്ടായപ്പോള്‍ അദ്ദേഹംതന്നെ ഈ വിഷയത്തില്‍ വ്യക്തത വരുത്തേണ്ടിയിരുന്നെന്നും ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി.

Top