‘രാഷ്ട്രീയ നെറികേട് തുറന്നുകാട്ടപ്പെടണം’: ബിനോയ് വിശ്വം

ഈ പണം എവിടെനിന്ന് വന്നു. ആര് അയച്ചു. എങ്ങോട്ട് പോയി. എങ്ങോട്ട് പോകുന്ന പണമാണ് ഇത്. ഇതെല്ലാം അറിയാനുള്ള അവകാശമുണ്ട് ജനങ്ങള്‍ക്ക്.

‘രാഷ്ട്രീയ നെറികേട് തുറന്നുകാട്ടപ്പെടണം’: ബിനോയ് വിശ്വം
‘രാഷ്ട്രീയ നെറികേട് തുറന്നുകാട്ടപ്പെടണം’: ബിനോയ് വിശ്വം

തിരുവനന്തപുരം: കൊടകര കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട് സമഗ്രാന്വേഷണം വേണമെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ബി.ജെ.പിയുടെ ഓഫീസ് സെക്രട്ടറി ആയിരുന്നയാള്‍ നടത്തിയ വെളിപ്പെടുത്തലിന്റെ വെളിച്ചത്തില്‍ സമഗ്രമായ, തൃപ്തികരമായ അന്വേഷണം വേണം. ഈ പണം എവിടെനിന്ന് വന്നു. ആര് അയച്ചു. എങ്ങോട്ട് പോയി. എങ്ങോട്ട് പോകുന്ന പണമാണ് ഇത്. ഇതെല്ലാം അറിയാനുള്ള അവകാശമുണ്ട് ജനങ്ങള്‍ക്ക്. അതെല്ലാം പുറത്തെത്തും വിധത്തിലുള്ള സമഗ്രമായ അന്വേഷണം വേണം, ബിനോയ് വിശ്വം മാധ്യമങ്ങളോട് പ്രതികരിച്ചു.

രാഷ്ട്രീയത്തിലെ നെറികേടുകളെ തുറന്നുകാണിക്കാനുള്ള അന്വേഷണങ്ങളൊന്നും ഇടയ്ക്കുവെച്ച് വഴിമാറിപ്പോകാന്‍ പാടില്ലെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു. എവിടെയാണോ പൂര്‍ത്തീകരണം അവിടേക്ക് പോകണം. ബി.ജെ.പിയുടെ ഓഫീസിന്റെ ചുമതല വഹിച്ചിരുന്നയാള്‍ പറയുമ്പോള്‍ ആ പറച്ചിലിന്റെ പ്രധാന്യം ചെറുതല്ല. ബി.ജെ.പി എല്ലാം ഒളിച്ചുകടത്തും. സ്ഥാനാര്‍ഥിയെ മുതല്‍ കള്ളപ്പണംവരെ ഒളിച്ചുകടത്തും. ഒളിച്ചുകടത്തല്‍ ബി.ജെ.പിക്ക് ശീലമാണ്. അതിന് വേണ്ടി അവര്‍ ചാക്ക് ഉപയോഗിക്കും ആംബുലന്‍സ് ഉപയോഗിക്കും. ട്രക്ക് ഉപയോഗിക്കും, ബിനോയ് വിശ്വം പറഞ്ഞു.

ALSO READ: ഉപതിരഞ്ഞെടുപ്പില്‍ കോടിക്കണക്കിന് രൂപയുടെ കള്ളപ്പണ് ബിജെപി ഉപയോഗിക്കുന്നത്; എം വി ഗോവിന്ദന്‍

പോലീസ്, ബി.ജെ.പിയെ സഹായിക്കുന്നുവെന്ന ആക്ഷേപത്തെ കുറിച്ചുള്ള ചോദ്യത്തിന്- ഇതിലൊന്നും ആര്‍ക്കും സംശയം വേണ്ടെന്ന് ബിനോയ് വിശ്വം പറഞ്ഞു. ഇടതുപക്ഷം ഭരിക്കുന്ന കേരളത്തിലെ പോലീസ് കുഴല്‍പ്പണം ആകട്ടെ, ആംബുലന്‍സിലെ കള്ളക്കടത്താകട്ടെ സ്ഥാനാര്‍ഥിയുടെ ഒളിച്ചുവരവാകട്ടെ എല്ലാ വിഷയങ്ങളിലും പോലീസ് ബി.ജെ.പിയുടെ ഭാഗത്തേക്ക് ഒരിക്കലും ചാഞ്ഞുപോകാന്‍ പാടില്ല, ചാഞ്ഞുപോകില്ല, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതില്‍ കൂടുതല്‍ ഒന്നും ഇപ്പോള്‍ പറയാനില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.

Top