പത്തനംതിട്ട: പത്തനംതിട്ട തിരുവല്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ തിരുവല്ല നിരണം ഫാമിലെ താറാവുകളെ കൊന്നൊടുക്കാന്‍ തുടങ്ങി. മുഴുവന്‍ താറാവുകളേയും കൊന്നൊടുക്കുന്ന ജോലി നാളെ പൂര്‍ത്തിയാകും. ഫാമിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലെ വളര്‍ത്തു പക്ഷികളെ കൊല്ലുന്ന പ്രവൃത്തികള്‍ മറ്റെന്നാള്‍ തുടങ്ങും. അതേസമയം, ഫാമിന് പുറത്ത് പക്ഷിപ്പനി ഇതുവരേയും സ്ഥിരീകരിച്ചിട്ടില്ല. പക്ഷിപ്പനിയുടെ സാഹചര്യത്തില്‍ ആശങ്ക വേണ്ടെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍ അറിയിച്ചു.
പത്തനംതിട്ട തിരുവല്ല നിരണത്തെ സര്‍ക്കാര്‍ താറാവ് വളര്‍ത്തല്‍ കേന്ദ്രത്തിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. കഴിഞ്ഞാഴ്ച ഇവിടെ താറാവുകള്‍ കൂട്ടത്തോടെ ചത്തിരുന്നു. ഇതിന് കാരണം പക്ഷിപ്പനിയാണെന്ന സംശയത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവിടെ പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഭോപ്പാല്‍ വൈറോളജി ലാബിലേക്കാണ് സാംപിളുകള്‍ അയച്ചുകൊടുത്തത്. ഇവിടെ നടത്തിയ പരിശോധനയുടെ ഫലം വന്നപ്പോഴാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ പഞ്ചായത്തില്‍ പ്രതിരോധ നടപടികള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.