അഭ്യൂഹങ്ങള്‍ തള്ളി ബീരേന്‍ സിങ്ങ്

അഭ്യൂഹങ്ങള്‍ തള്ളി ബീരേന്‍ സിങ്ങ്
അഭ്യൂഹങ്ങള്‍ തള്ളി ബീരേന്‍ സിങ്ങ്

ഇംഫാല്‍: മണിപ്പൂരിലെ നേതൃ മാറ്റ അഭ്യൂഹങ്ങളെ ശക്തമാക്കി മണിപ്പൂരിലെ എംഎല്‍എമാര്‍ ഡല്‍ഹിയില്‍. തന്റെ പാര്‍ട്ടിയിലെയും സഖ്യകക്ഷികളിലെയും ചില എംഎല്‍എമാര്‍ ഡല്‍ഹിയിലുണ്ടെന്ന് മുഖ്യമന്ത്രി ബീരേന്‍ സിങ്ങ് സമ്മതിച്ചു. എന്നാല്‍ തന്റെ രാജിയുമായി ബന്ധപ്പെട്ടാണ് എംഎല്‍എമാരുടെ ഡല്‍ഹി സന്ദര്‍ശനം എന്ന അഭ്യൂഹം ബീരേന്‍ സിംഗ് തള്ളിക്കളഞ്ഞു. സംസ്ഥാനത്ത് ബിജെപിയുടെ സഖ്യകക്ഷികളായ നാഗാ പീപ്പിള്‍സ് ഫ്രണ്ട് , നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി,ജെഡിയു എംഎല്‍എമാര്‍ ബീരേന്‍ സിംഗ് മുഖ്യമന്ത്രി സ്ഥാനം ഒഴിയാന്‍ ബിജെപിയില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. 2017ല്‍ മുഖ്യമന്ത്രിയായതിന് ശേഷം സിങ്ങിനെ മാറ്റാന്‍ സഖ്യ കക്ഷികള്‍ നിരവധി തവണ ശ്രമങ്ങള്‍ നടത്തിയിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല.

ഏറ്റവും ഒടുവില്‍ മെയ്തി- കുക്കി വിഭാഗക്കാര്‍ തമ്മിലുള്ള കലാപവും ബീരേന്‍ സിങ്ങിന്റെ വീഴ്ചയായി ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ലോകസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ രണ്ട് സീറ്റിലും കോണ്‍ഗ്രസിനോട് പരാജയപ്പെട്ടത് ബിജെപിക്ക് കനത്ത തിരിച്ചടിയായിരുന്നു. മെയ്തി-കുക്കി സംഘര്‍ഷം പരിഹരിക്കുന്നതില്‍ ബീരേന്‍ സിങ്ങ് പരാജയപ്പെട്ടുവെന്നും അത് സംസ്ഥാനത്ത് സഖ്യത്തിന് തിരിച്ചടിയുണ്ടായി എന്നും വിലയിരുത്തലുണ്ടായിരുന്നു.സംസ്ഥാനത്തെ 60 അസംബ്ലി സീറ്റുകളില്‍ 53 എണ്ണവും ബിജെപി നേതൃത്വം നല്‍കുന്ന സഖ്യത്തിന്റെ കയ്യിലാണ്. ബിജെപിക്ക് മാത്രം 37 എംഎല്‍എമാരുണ്ട്. അതേ സമയം മണിപ്പൂരില്‍ ശാശ്വത സമാധാനത്തിന് പുതിയ കേന്ദ്രസര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഉടന്‍ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ബീരേന്‍ സിങ്ങ് പറഞ്ഞു. മണിപ്പൂരില്‍ വംശീയ കലാപത്തില്‍ 200 ലധികം ആളുകള്‍ മരിക്കുകയും 50,000 പേര്‍ക്ക് പലായനം ചെയ്യുകയും ചെയ്തിരുന്നു.

Top