ഇലക്ട്രിക് വാഹനങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് നിരവധി ആശങ്കകളാണ് ആളുകള്‍ക്കിടിയിലുള്ളത്. ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്ക് തീ പിടിക്കുന്നതും മറ്റുമാണ് ഇത്തരം ആശങ്കകള്‍ക്ക് അടിസ്ഥാനവും, മുന്‍നില ഇരുചക്ര വാഹന നിര്‍മാതാക്കളുടേത് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ തീ പിടിച്ച സംഭവങ്ങളും മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഈ സാഹചര്യത്തിലാണ് വൈദ്യുത വാഹനങ്ങളുടെ സുരക്ഷയും ഗുണമേന്മയും ഉറപ്പാക്കാന്‍ മാനദണ്ഡങ്ങള്‍ കടുപ്പിക്കാന്‍ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡാര്‍ഡ്സ് (ബി.ഐ.എസ്.) തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി ഐ.എസ്. 18590:2024, ഐ.എസ്. 18606:2024 എന്നിങ്ങനെ പുതിയ രണ്ടു മാനദണ്ഡങ്ങള്‍ കുടി കൊണ്ടുവന്നു.
ഇരുചക്ര-നാലു ചക്ര വൈദ്യുത വാഹനങ്ങള്‍, ചരക്കു വാഹനങ്ങള്‍ എന്നിവയുടെ എന്‍ജിന്‍, ട്രാന്‍സ്മിഷന്‍, ഡ്രൈവ് ഷാഫ്റ്റ്, ആക്‌സില്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന പവര്‍ട്രെയിന്‍, ബാറ്ററിയുടെ ഗുണമേന്മ, സുരക്ഷ തുടങ്ങിയവ ശക്തമാക്കുന്നതാണ് പുതിയ മാനദണ്ഡങ്ങള്‍. നിര്‍മാണം, പ്രവര്‍ത്തനം എന്നിവയ്ക്കാണ് പരിഗണന. ഡ്രൈവറുടെയും യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കുംവിധം ഗുണനിലവാരം മെച്ചപ്പെടുത്താനുള്ള വ്യവസ്ഥകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇ-റിക്ഷകള്‍, ചെറു ചരക്കുകള്‍ കൈകാര്യം ചെയ്യുന്ന ഇ-കാര്‍ട്ടുകള്‍ എന്നിവയും ഗുണനിലവാര മാനദണ്ഡങ്ങളുടെ വിഭാഗങ്ങളിലേക്കു കൊണ്ടുവന്നു. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡ് പുതുതായി പ്രഖ്യാപിച്ചിട്ടുള്ള ഈ രണ്ടെണ്ണം ഉള്‍പ്പെടെ ഇലക്ട്രിക് വാഹനങ്ങളുടെയും ചാര്‍ജിങ്ങ് ഉള്‍പ്പെടെ ഇതിലെ ആക്‌സസറികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി 30 ഇന്ത്യന്‍ സ്റ്റാന്റേഡുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. പ്രകൃതി സൗഹാര്‍ദവും കാര്യക്ഷമവുമായ ഗതാഗത സംവിധാനത്തിന് ഈ സ്റ്റാന്റേഡുകള്‍ അനിവാര്യമാണെന്നാണ് വിലയിരുത്തലുകള്‍.