ഒരുപാട് ആരോഗ്യ ഗുണങ്ങളുള്ള പച്ചക്കറിയാണ് പാവക്ക. എന്നാൽ കയ്പ്പ് കാരണം പലരും ഇത് ഒഴിവാക്കാറാണ് പതിവ്. പക്ഷെ ചിലരൊക്കെ തോരനായും മെഴുക്കുപെരട്ടിയായും ജൂസ് ആയുമൊക്കെ മിക്കവരും കഴിക്കാറുണ്ട്.ഗുണങ്ങൾ ഏറെയുള്ള ഈ പച്ചക്കറിയെ കയ്പ്പ് കാരണം ഒഴിവാക്കുന്നത് ശെരിയല്ലല്ലോ..? പാവയ്ക്കയുടെ കയ്പ്പ് അകറ്റാൻ ചില എളുപ്പ പണികൾ ഉണ്ട്. ഈ വഴികൾ പരീക്ഷിച്ചാലോ…
പാവയ്ക്കയുടെ പരുക്കൻ മേൽഭാഗമാണ് കയ്‌പിന്റെ പ്രധാന ഉറവിടം. ആ മേൽഭാഗം ഒരു കത്തി ഉപയോഗിച്ച് ചുരണ്ടി കളയാം. പാവയ്ക്കയുടെ കയ്പ്പ് നല്ലതുപോലെ കുറഞ്ഞു കിട്ടും. ഒരു പീലർ ഉപയോഗിച്ച് ചുരണ്ടി കളയുകയാണെങ്കിൽ പാവയ്ക്കയുടെ പുറംഭാഗം കാഴ്ചയിൽ ഒരുപോലെയായി കിട്ടും.
Also Read: താരനകറ്റാൻ തേങ്ങാവെള്ളം
കഷണങ്ങളാക്കിയ പാവയ്ക്ക നന്നായി ഉപ്പ് പുരട്ടി 20 മുതൽ 30 മിനിട്ടു വരെ പാകം ചെയ്യുന്നതിന് മുമ്പ് മാറ്റി വയ്ക്കുക. ശേഷം കഴുകി കറികൾക്കായി ഉപയോഗിക്കാം.
ഉപ്പ് പുരട്ടി വയ്ക്കുന്നതിന് മുമ്പ് പാവക്ക നന്നായി പിഴിഞ്ഞ് നീര് കളയുന്നതും കയ്പ്പ് കുറയ്ക്കും. ഉപ്പ് പുരട്ടി വച്ച ശേഷം പാകം ചെയ്യാനെടുക്കുമ്പോൾ പാവയ്ക്ക വീണ്ടും കഴുകി ഒന്നുകൂടി പിഴിഞ്ഞെടുക്കണം.
പാവയ്ക്ക പൊതുവെ തേങ്ങ വറുത്തരച്ച് തീയൽ വെയ്ക്കുകയാണ് നമ്മുടെ പതിവ്. അങ്ങനെ ചെയ്യുമ്പോൾ കയ്പ്പ് കൂടുതലാണെങ്കിൽ കുറച്ചു ശർക്കര ചേർത്താൽ മതിയാകും. പാവയ്ക്കയുടെ കയ്‌പിനെ നല്ലതുപോലെ പ്രതിരോധിക്കും ശർക്കരയുടെ മധുരം.
പാവയ്ക്ക വറുത്തും കടലമാവിൽ മുക്കി പൊരിച്ചുമൊക്കെ ഉപയോഗിക്കാറുണ്ട്. എണ്ണയിൽ നല്ലതു പോലെ വറുത്തെടുത്താൽ പാവയ്ക്കയുടെ കയ്പ് ഒരു പരിധി വരെ കുറയ്ക്കാൻ സാധിക്കും.
കഷണങ്ങളാക്കിയ പാവയ്ക്ക ഒരു മണിക്കൂർ തൈരിൽ മുക്കി വച്ചശേഷം പാകം ചെയ്താൽ പാവയ്ക്കയുടെ കയ്പ്പ് കുറയും. പാവയ്ക്ക തോരനോ മെഴുക്ക് പുരട്ടിയോ എന്ത് തയാറാക്കുമ്പോഴും അതിനകത്തുള്ള കുരുക്കൾ പൂർണമായും നീക്കം ചെയ്യണം. നല്ലതു പോലെ മൂത്ത കുരുക്കളാണെങ്കിൽ മുളപ്പിച്ചു പാവൽ തൈകൾ ഉൽപാദിപ്പിക്കാം.
ഒരു ബൗളിൽ അര കപ്പ് വെള്ളവും അത്രയും തന്നെ വിനാഗിരിയും എടുക്കുക. രണ്ടു ടേബിൾ സ്പൂൺ പഞ്ചസാര ഈ ലായനിയിൽ ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്തതിനു ശേഷം അരിഞ്ഞു വെച്ച പാവയ്ക്ക ഇതിലേയ്ക്കിടാം. ഇരുപതു മുതൽ മുപ്പതു മിനിറ്റ് വരെ കുതിർത്തു വെച്ചതിനു ശേഷം പാവയ്ക്ക ഒരു അരിപ്പയിലേക്കിട്ടു പച്ചവെള്ളത്തിൽ നന്നായി കഴുകിയെടുക്കാം. ഇനി പാകം ചെയ്യാവുന്നതാണ്. കയ്പ് നല്ലതുപോലെ കുറയും.