തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബി.ജെ.പി. വയനാട് ലോകസഭാ ഉപതിരഞ്ഞെടുപ്പില്‍ നവ്യ ഹരിദാസ് സ്ഥാനാര്‍ഥിയാവും. പാലക്കാട് സി. കൃഷ്ണകുമാറും ചേലക്കര കെ. ബാലകൃഷ്ണനുമാണ് മത്സരത്തിനറങ്ങുന്നത്. നിലവിൽ കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സിലറാണ് നവ്യ.
ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർഥിയായിരുന്നു കൃഷ്ണകുമാർ. കഴിഞ്ഞ രണ്ടു തവണ മലമ്പുഴ മണ്ഡലത്തിൽ മത്സരിച്ച് രണ്ടാം സ്ഥാനത്തെത്തി. ഒരു തവണ വി.എസ്. അച്യുതാനന്ദനോടായിരുന്നു പരാജയപ്പെട്ടത്.
Also Read: പി. സരിന്റെ റോഡ് ഷോയിൽ ജനപ്രവാഹം
സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ, ശോഭ സുരേന്ദ്രൻ എന്നിവരുടെ പേരുകളും മണ്ഡലത്തിലേയ്ക്ക് പറഞ്ഞുകേട്ടിരുന്നെങ്കിലും അവസാന നിമിഷം പാലക്കാട്ടുകാരൻ തന്നെയായ കൃഷ്ണകുമാറിന് നറുക്ക് വീഴുകയായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി ചിഹ്നത്തിൽ മത്സരിച്ച മെട്രോമാൻ ഇ.ശ്രീധരൻ ഷാഫി പറമ്പിലിന് പിറകിൽ രണ്ടാം സ്ഥാനത്തെത്തിയിരുന്നു.
ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പാലക്കാട് നിയമസഭാ മണ്ഡലത്തിൽ കൃഷ്ണകുമാറായിരുന്നു രണ്ടാമത്. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലാണ് കോൺഗ്രസ് സ്ഥാനാർഥി. കോൺഗ്രസ് വിട്ടുവന്ന പി.സരിൻ ഇടതു സ്വതന്ത്രനായി മത്സരിക്കുന്നു.