കല്‍പ്പറ്റ: പ്രിയങ്ക ഗാന്ധിക്കെതിരെ വീണ്ടും ആരോപണവുമായി ബിജെപി. പ്രിയങ്കയെ ‘പൊളിറ്റിക്കല്‍ ടൂറിസ്റ്റ്’ എന്നാണ് ബിജെപി ദേശീയ വക്താവ് സി.ആര്‍ കേശവന്‍ വിശേഷിപ്പിച്ചത്. വയനാട്ടില്‍ പ്രിയങ്ക പ്രചാരണത്തിനെത്തിയ ദിവസം തന്നെയാണ് രൂക്ഷവിമര്‍ശനവുമായി ബിജെപി രംഗത്തെത്തിയത്.
മണ്ഡലത്തിലെ വോട്ടര്‍മാരെ ഗാന്ധി കുടുംബം വഞ്ചിച്ചെന്ന് സി.ആര്‍ കേശവന്‍ കുറ്റപ്പെടുത്തി. ജൂണില്‍ രാഹുല്‍ ഗാന്ധി വയനാട് മണ്ഡലം ഒഴിഞ്ഞത് പരാമര്‍ശിച്ചായിരുന്നു വിമര്‍ശനം. രാഹുല്‍ ഗാന്ധി നടത്തിയ വഞ്ചനയിലൂടെ കയ്‌പേറിയ അനുഭവമാണ് വയനാട്ടിലെ വോട്ടര്‍മാര്‍ക്ക് ഉണ്ടായത്. സഹോദരനായ രാഹുല്‍ ഗാന്ധിയെപ്പോലെ തന്നെ പ്രിയങ്ക ഗാന്ധി വാദ്രയെയും വിശ്വസിക്കാന്‍ കഴിയില്ലെന്നും അവസരവാദ രാഷ്ട്രീയമാണ് പ്രിയങ്കയുടേതെന്നും സി.ആര്‍ കേശവന്‍ ആരോപിച്ചു.
വയനാട്ടില്‍ നിന്നും റായ്ബറേലിയില്‍ നിന്നും ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി വിജയിച്ചിരുന്നു. പിന്നീട് വയനാട് സീറ്റ് ഒഴിയുകയായിരുന്നു. ഗാന്ധി കുടുംബത്തിന് വോട്ടര്‍മാരോട് ആത്മാര്‍ത്ഥമായ കരുതലോ വാത്സല്യമോ സ്‌നേഹമോ ഇല്ലെന്ന് വയനാട്ടിലെ ജനങ്ങള്‍ക്ക് വ്യക്തമായി അറിയാമെന്നും സി.ആര്‍ കേശവന്‍ കൂട്ടിച്ചേര്‍ത്തു.