CMDRF

രാഹുല്‍ ഗാന്ധിയുടെ മാച്ച് ഫിക്‌സിംഗ് പരാമര്‍ശം; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ബിജെപി

രാഹുല്‍ ഗാന്ധിയുടെ മാച്ച് ഫിക്‌സിംഗ് പരാമര്‍ശം; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ബിജെപി
രാഹുല്‍ ഗാന്ധിയുടെ മാച്ച് ഫിക്‌സിംഗ് പരാമര്‍ശം; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ബിജെപി

ഡല്‍ഹി: രാഹുല്‍ ഗാന്ധിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ബിജെപി. മാച്ച് ഫിക്‌സിങ് പരാമര്‍ശത്തിലാണ് പരാതി. കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി, പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ കുമാര്‍ എന്നിവരടങ്ങുന്ന ബിജെപി പ്രതിനിധി സംഘമാണ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്. പൊതുയോഗത്തിനിടെ രാഹുല്‍ഗാന്ധി നടത്തിയ പരാമര്‍ശങ്ങള്‍ അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് ഹര്‍ദീപ് സിംഗ് പുരി മാധ്യമങ്ങളോട് പ്രതികരിച്ചു. അവ മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്. ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഇടനിലക്കാരെ ഉപയോഗിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ‘മാച്ച് ഫിക്സിംഗ്’ നടത്തുകയാണെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ആരോപണം. ബിജെപിയുടെ മാച്ച് ഫിക്സിംഗിന്റെ ഭാഗമായാണ് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയും അറസ്റ്റ് ചെയ്തത്. ഇവിഎം, മാച്ച് ഫിക്സിംഗ്, സാമൂഹിക മാധ്യമങ്ങള്‍, മാധ്യമങ്ങളെ സമ്മര്‍ദ്ദത്തിലാക്കല്‍ എന്നിവയൊന്നുമില്ലാതെ ബിജെപിക്ക് 180 സീറ്റില്‍ പോലും വിജയിക്കാനാകില്ലെന്നും രാഹുല്‍ ഗാന്ധി കടന്നാക്രമിച്ചിരുന്നു.

മോദിയും രാജ്യത്തെ ചില കോടീശ്വരന്മാരും തമ്മിലാണ് മാച്ച് ഫിക്സിംഗ്. പ്രധാന പ്രതിപക്ഷ നേതാക്കളെ ജയിലില്‍ അടക്കുന്നു, സര്‍ക്കാരിനെ അട്ടിമറിക്കുന്നു. മോദി ഒറ്റയ്ക്കല്ല ഇതൊന്നും ചെയ്യുന്നത്. രാജ്യത്തെ മുതലാളിമാര്‍ കൂടിയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ പ്രതിപക്ഷ പാര്‍ട്ടിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചിരിക്കുകയാണ്. കേന്ദ്ര നേതാക്കളെ ഒപ്പം നിര്‍ത്തി രാജ്യം ഭരിക്കാനാണ് ശ്രമം. ജനാധിപത്യം സംരക്ഷിക്കാനുള്ള പോരാട്ടമാണ് മുന്നിലുള്ളതെന്നും രാഹുല്‍ പറഞ്ഞു. രാജ്യത്തെ പാവപ്പെട്ടവരുടെയും കര്‍ഷകരുടെയും തൊഴിലാളികളുടെയും പണം ഏതാനും മുതലാളിമാരുടെ കൈയ്യിലാണെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചിരുന്നു.

Top