CMDRF

ഇന്ത്യയിലെ തിരഞ്ഞെടുപ്പ് നിരീക്ഷിക്കാന്‍ വിവിധ രാജ്യങ്ങളിലെ പാര്‍ട്ടികളെ ക്ഷണിച്ച് ബിജെപി

ഇന്ത്യയിലെ തിരഞ്ഞെടുപ്പ് നിരീക്ഷിക്കാന്‍ വിവിധ രാജ്യങ്ങളിലെ പാര്‍ട്ടികളെ ക്ഷണിച്ച് ബിജെപി
ഇന്ത്യയിലെ തിരഞ്ഞെടുപ്പ് നിരീക്ഷിക്കാന്‍ വിവിധ രാജ്യങ്ങളിലെ പാര്‍ട്ടികളെ ക്ഷണിച്ച് ബിജെപി

ഡല്‍ഹി: ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിലെ തിരഞ്ഞെടുപ്പ് സംവിധാനങ്ങളെ പരിചയപ്പെടാനും പ്രചാരണ തന്ത്രങ്ങള്‍ മനസ്സിലാക്കാനും ലോകമെമ്പാടുമുള്ള പാര്‍ട്ടി നേതാക്കളെ ക്ഷണിച്ച് ബിജെപി. ബിജെപിയുടെ ക്ഷണം സ്വീകരിച്ച് വിവിധ രാജ്യങ്ങളിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍ ഇന്ത്യ സന്ദര്‍ശിക്കാന്‍ ഒരുങ്ങുകയാണ്. രാജ്യത്ത് വരാന്‍പോകുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് നിരീക്ഷിക്കുന്നതിനും പഠിക്കുന്നതിനുമായി തങ്ങളുടെ പ്രതിനിധികളെ അയയ്ക്കുന്നതിന് വിവിധ രാജ്യങ്ങളിലെ 25 ലധികം പാര്‍ട്ടികളെയാണ് ബിജെപി നിലവില്‍ ക്ഷണിച്ചിരിക്കുന്നത്. ഇതില്‍ 13 പാര്‍ട്ടികളുടെ പ്രതിനിധികള്‍ ഇന്ത്യയിലെത്തുമെന്ന് ബിജെപി വൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ അത് ഏതൊക്കെ പാര്‍ട്ടികളുടെ പ്രതിനിധികളാണെന്ന വിവരം ബിജെപി ഇതുവരെ പുറത്ത് വിട്ടിട്ടില്ല.

യുഎസിലെ ഭരണകക്ഷിയായ ഡെമോക്രാറ്റിക് പാര്‍ട്ടിയെയോ പ്രതിപക്ഷത്തുള്ള റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെയോ ബിജെപി ഇതുവരെ ക്ഷണിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ”അവര്‍ രാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ തിരക്കിലാണ്. മാത്രമല്ല യുഎസ് പാര്‍ട്ടികള്‍ ഇന്ത്യയിലോ യൂറോപ്പിന്റെ ചില ഭാഗങ്ങളിലോ ഉള്ള പാര്‍ട്ടികള്‍ പോലെയല്ല. ഉദാഹരണത്തിന്, യുഎസിലെ ഒരു പാര്‍ട്ടി പ്രവര്‍ത്തകന് തന്റെ പാര്‍ട്ടിയുടെ ചെയര്‍മാന്റെ പേര് അറിയില്ലായിരിക്കാം, കാരണം ഈ സംവിധാനം പ്രസിഡന്റിന്റെയോ യുഎസ് കോണ്‍ഗ്രസിന്റെയോ ഓഫീസിനു മാത്രമാണ് പ്രാധാന്യം നല്‍കുന്നത്” എന്നായിരുന്നു ഇത് സംബന്ധിച്ച് ഒരു ബിജെപി നേതാവിന്റെ പ്രതികരണം.

ബംഗ്ലാദേശില്‍ നിന്ന് ഭരണകക്ഷിയായ ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള അവാമി ലീഗിന് മാത്രമാണ് ക്ഷണം ലഭിച്ചത്. സോഷ്യല്‍ മീഡിയയില്‍ അടുത്തിടെ നടന്ന ‘ഇന്ത്യ ഔട്ട്’ ബഹിഷ്‌കരണ ക്യാമ്പെയ്നുമായി ബന്ധപ്പെട്ട് ബംഗ്ലാദേശിലെ പ്രതിപക്ഷ പാര്‍ട്ടിയായ ബിഎന്‍പിയെ ഒഴിവാക്കുകയായിരുന്നു. എന്നാല്‍ മാവോയിസ്റ്റുകള്‍ ഉള്‍പ്പെടെ നേപ്പാളിലെ എല്ലാ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ശ്രീലങ്കയിലെ എല്ലാ പ്രധാന പാര്‍ട്ടികള്‍ക്കും ക്ഷണമുണ്ട്.അതേസമയം യുകെയിലെ കണ്‍സര്‍വേറ്റീവ്, ലേബര്‍ പാര്‍ട്ടികളെയും ജര്‍മ്മനിയിലെ ക്രിസ്ത്യന്‍ ഡെമോക്രാറ്റുകളേയും സോഷ്യല്‍ ഡെമോക്രാറ്റുകളേയും ബിജെപി ക്ഷണിച്ചിട്ടുമുണ്ട്. പാകിസ്ഥാനില്‍ നിന്നുള്ള പാര്‍ട്ടികളെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈനയെയും (സിപിസി) ക്ഷണിച്ചിട്ടില്ല.

Top