പത്തനംതിട്ട: സിപിഐഎമ്മിൻ്റെ രാജ്യത്തെ ഒന്നാം നമ്പർ ശത്രു ബിജെപിയെന്ന് തോമസ് ഐസക്. കേരളത്തിൽ ആർഎസ്എസിനെ പ്രതിരോധിക്കുന്നത് സിപിഐഎമ്മാണ്. സിപിഐഎം, ആർഎസ്എസുമായി ഡീൽ ഉണ്ടാക്കി എന്ന ആരോപണം ജനങ്ങൾ മുഖവിലയ്ക്കെടുക്കില്ല. ആർഎസ്എസ് നേതാവിനെ കണ്ടു എന്ന് എഡിജിപി തന്നെ പറഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ദൂതനെങ്കിൽ തെളിവ് പ്രതിപക്ഷ നേതാവ് പുറത്ത് വിടട്ടെയെന്നും തോമസ് ഐസക് പറഞ്ഞു.
എഡിജിപിയുടെ സന്ദർശനം സർക്കാർ അന്വേഷിക്കും. അന്വേഷിച്ച് റിപ്പോർട്ട് പുറത്തുവരട്ടെ, അതനുസരിച്ച് നിലപാട് സ്വീകരിക്കും. എഡിജിപി എന്നല്ല കേരളത്തിലെ ഒരാളും ആർഎസ്എസുമായി ചങ്ങാത്തം കൂടരുതെന്നാണ് സിപിഐഎം നിലപാട്. വ്യക്തികൾ ഒരു നേതാവിനെ സന്ദർശിക്കുന്നത് പാർട്ടിക്ക് നിയന്ത്രിക്കാനാകില്ല. സന്ദർശനത്തിൽ ചട്ടവിരുദ്ധമായി എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കിൽ അന്വേഷിച്ച് കണ്ടെത്തണം.
അൻവറിന്റെ ആരോപണം സിപിഐഎമ്മിനെ പ്രതിരോധത്തിലാക്കിയിട്ടില്ല. ഈ വിഷയത്തിൽ സിപിഐഎമ്മിനെ പ്രതിരോധത്തിലാക്കാൻ ചിലർക്ക് താൽപര്യമുണ്ട്. അൻവർ സിപിഐഎം അംഗമല്ല. പാർട്ടി അച്ചടക്കം അൻവറിന് ബാധകമല്ല. ആർഎസ്എസ്സിന് വിടുപണി ചെയ്തവർ സിപിഐഎമ്മിന് മുകളിൽ കുതിര കയറാൻ വരുന്നുവെന്നും എഡിജിപി എം ആർ അജിത്ത് കുമാറുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ തോമസ് ഐസക് പറഞ്ഞു.