തിരുവനന്തപുരം: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഐഎമ്മിന്റെ സ്വത്തുവകകള്‍ കണ്ടുകെട്ടിയ ഇഡി നടപടിയില്‍ പരിഹാസവുമായി ബിജെപി നേതാവ് വി മുരളീധരന്‍. ആദ്യമായിട്ടാണ് ഈ തരത്തില്‍ രാഷ്ട്രീയ പാര്‍ട്ടി കള്ളപ്പണക്കേസില്‍ പ്രതികളാകുന്നതെന്ന് മുരളീധരന്‍ പറഞ്ഞു. പിണറായി വിജയന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ഇതുപോലുള്ള പല നേട്ടങ്ങളും കരസ്ഥമാക്കി കൊണ്ടിരിക്കുന്നുവെന്നും അദ്ദേഹം പരിഹസിച്ചു. രണ്ടുതവണ തുടര്‍ച്ചയായിട്ട് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഒറ്റ സീറ്റ് മാത്രം കിട്ടുന്ന പാര്‍ട്ടി ആയി സിപിഐഎം കേരളത്തില്‍ മാറി. കള്ളപ്പണം എന്ന പുതിയൊരു പൊന്‍തൂവല്‍ കൂടെ കിട്ടിയിരിക്കുകയാണെന്നും, തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിക്കണം എന്നാണ്. എന്നാല്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി സമര്‍പ്പിച്ച രേഖകളനുസരിച്ച്, തൃശ്ശൂരിലെ വിവിധ ഏരിയ കമ്മിറ്റികളുടേതായി കണക്കുകളില്‍ ഉള്‍പ്പെടാത്ത 25 അക്കൗണ്ടുകള്‍ ജില്ലയിലെ വിവിധ ബാങ്കുകളിലും സഹകരണ സംഘങ്ങളിലും നിലവിലുള്ളതായിട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തി. തിരഞ്ഞെടുപ്പ് കമ്മീഷന് ഈ കണക്കുകള്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നല്‍കിയിട്ടുള്ള ബാലന്‍സ് ഷീറ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഭരണഘടനയോട് പ്രതിബദ്ധത പ്രകടിപ്പിക്കുന്ന ആളുകളാണ് തങ്ങളെന്നാണ് സിപിഎം പറയുന്നത്.
രാഷ്ട്രീയ രംഗത്ത് സുതാര്യത വേണം എന്ന് പറയുന്ന ആളുകളാണ് ഇപ്പോള്‍ കള്ളപ്പണക്കേസില്‍ അകപ്പെട്ടത്. കരുവന്നൂരിലെ പാവപ്പെട്ട ജനങ്ങളെ അവരുടെ പേരില്‍ ബിനാമി പേരുകളില്‍ കള്ള വായ്പയെടുത്ത് അത് പാര്‍ട്ടി നേതാക്കന്മാരുടെ സ്വത്താക്കി മാറ്റി. ഇഡിയുടെ അന്വേഷണത്തെ മോദി വേട്ടയാടുന്നു എന്നു പറയുകയാണ്. ഇനി ഇവര്‍ കേരളം മുഴുവന്‍ സായാഹ്ന ധര്‍ണ സംഘടിപ്പിക്കും. മോദി വേട്ട എന്ന് പറഞ്ഞു നിലവിളിക്കുന്നതിന് മുമ്പ് ചോദ്യങ്ങള്‍ക്ക് ഉത്തരം പറയണമെന്നും വി മുരളീധരന്‍ ആവശ്യപ്പെട്ടു. 29.29 കോടി രൂപയുടെ സ്വത്താണ് കേസില്‍ കണ്ടുകെട്ടിയത്. സിപിഐഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എം എം വര്‍ഗീസിന്റെ പേരിലുള്ള സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. കണ്ടുകെട്ടിയതില്‍ പാര്‍ട്ടി ഓഫീസിനായി വാങ്ങിയ അഞ്ച് സെന്റ് ഭൂമിയും ഉള്‍പ്പെടും. ഇതിനുപുറമെ പാര്‍ട്ടിയുടെ വിവിധ കമ്മിറ്റികളുടെ പേരിലുള്ള എട്ട് ബാങ്ക് അക്കൗണ്ടുകള്‍ കൂടി മരവിപ്പിച്ചു. 60 ലക്ഷം രൂപയുടെ ബാങ്ക് അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. മരവിപ്പിച്ചതില്‍ കരുവന്നൂര്‍ ബാങ്കിലെ അഞ്ച് അക്കൗണ്ടുകള്‍ ഉള്‍പ്പെടും. ഇതിനുപുറമെ സിപിഐഎം ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയുടെ ഒരു അക്കൗണ്ടും തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ രണ്ട് അക്കൗണ്ടുകളും മരവിപ്പിച്ചു. കരുവന്നൂരില്‍ സിപിഐഎമ്മിന് രഹസ്യ അക്കൗണ്ടുകള്‍ ഉണ്ട് എന്നാണ് ഇഡിയുടെ കണ്ടെത്തല്‍. അതോടൊപ്പം തൃശ്ശൂരിലെ മറ്റു ചില ബാങ്കുകളിലും അക്കൗണ്ടുകളുണ്ട് എന്നാണ് ആദായ നികുതി വകുപ്പ് വ്യക്തമാക്കുന്നത്. ഇതിന്റെ വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷനും ആര്‍ബിഐക്കും ഇഡി നേരത്തെ കൈമാറിയിട്ടുണ്ട്.