ലക്നൗ: ഉത്തർപ്രദേശിൽ സർക്കാർ-സംസ്ഥാന ബിജെപി പോരു മുറുകുന്നതിനിടെ ആദിത്യനാഥിന് പൂർണ പിന്തുണയുമായി ദേശീയ നേതൃത്വം.
സർക്കാരിൽ നിലവിൽ മാറ്റങ്ങളൊന്നും ഉണ്ടാകാനും സാധ്യതയില്ല. എല്ലാ അഭിപ്രായവ്യത്യാസങ്ങളും മറികടന്ന്, വരുന്ന ഉപതിരഞ്ഞെടുപ്പിൽ ബിജെപിയുടെ വിജയത്തിനായി കഠിന പരിശ്രമം വേണമെന്നും പ്രമുഖ നേതാക്കൾക്ക് നിർദേശമുണ്ട്. ഉപതിരഞ്ഞെടുപ്പുകൾക്കുശേഷമായിരിക്കും നിലവിലെ പ്രതിസന്ധികൾക്ക് പരിഹാരമുണ്ടാകു എന്നാണ് നേതൃത്വം നൽകിയിരിക്കുന്ന സൂചന.
10 സീറ്റുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ്. തീയതി ഉടൻ പ്രഖ്യാപിക്കും. എല്ലാ സീറ്റുകളും വിജയിക്കുക എന്നതുതന്നെയാണ് മാനദണ്ഡം. ഒരു സീറ്റ് കൈവിട്ടാലും പാർട്ടിയെ വലിയ രീതിയിൽ ബാധിക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നേരിട്ട തിരിച്ചടിയാണ് ഉത്തർപ്രദേശിലെ ബിജെപിക്കുള്ളിലെ ഭിന്നതയ്ക്കു കാരണം. ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പാർട്ടി ദേശീയ പ്രസിഡന്റും കേന്ദ്രമന്ത്രിയുമായ ജെ.പി.നഡ്ഡയെ കണ്ടു. പരാജയത്തിനു കാരണം മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രവർത്തന ശൈലിയാണെന്ന ആരോപണവുമായി ഒരു വിഭാഗം രംഗത്തെത്തിയിരുന്നു.