‘ബിജെപി എംപിമാര്‍ സമീപിച്ചു, പിന്തുണക്കാന്‍ തയ്യാറാണെന്ന്; അഭിഷേക് ബാനര്‍ജി

‘ബിജെപി എംപിമാര്‍ സമീപിച്ചു, പിന്തുണക്കാന്‍ തയ്യാറാണെന്ന്; അഭിഷേക് ബാനര്‍ജി
‘ബിജെപി എംപിമാര്‍ സമീപിച്ചു, പിന്തുണക്കാന്‍ തയ്യാറാണെന്ന്; അഭിഷേക് ബാനര്‍ജി

ദില്ലി: സര്‍ക്കാര്‍ രൂപീകരണ നീക്കവുമായി എന്‍ഡിഎ മുന്നോട്ട് പോകുന്നതിനിടയിലും ബിജെപി എംപിമാര്‍ തന്നെ സമീപിച്ചെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ജനറല്‍സെക്രട്ടറി അഭിഷേക് ബാനര്‍ജി. പശ്ചിമബംഗാളിലെ 3 ബിജെപി എംപിമാരാണ് സര്‍ക്കാരുണ്ടാക്കാന്‍ പിന്തുണ അറിയിച്ച് എത്തിയതെന്ന് അഭിഷേക് ബാനര്‍ജി പറഞ്ഞു. ഇന്നലെ ഇന്ത്യ സഖ്യ നേതൃയോഗത്തിലാണ് ബാനര്‍ജി ഇക്കാര്യം അറിയിച്ചത്. നിലവില്‍ 12 എംപിമാരാണ് ബിജെപിക്ക് പശ്ചിമബംഗാളില്‍ ഉള്ളത്. ഇന്ന് രാവിലെ അഭിഷേക് ബാനര്‍ജി സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവുമായും ചര്‍ച്ച നടത്തിയിരുന്നു. അതേസമയം, മൂന്നാം മോദി സര്‍ക്കാരിനെതിരെ ശക്തമായ പ്രതിപക്ഷമായി നിലകൊള്ളാനാണ് ഇന്ത്യ സഖ്യത്തിന്റെ തീരുമാനം. ദില്ലിയില്‍ ചേര്‍ന്ന സഖ്യ കക്ഷികളുടെ യോഗം സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ വേണ്ടെന്നു വെക്കുകയായിരുന്നു. ഭരണഘടന സംരക്ഷണത്തിനൊപ്പം നില്‍ക്കാന്‍ താല്‍പര്യമുള്ള കക്ഷികള്‍ക്ക് സഖ്യത്തിലേക്ക് വരാമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ പറഞ്ഞു. ബിജെപിയുടെ രാഷ്ട്രീയത്തിനും നിലപാടിനുമുള്ള തക്ക മറുപടിയാണ് ജനം നല്‍കിയത്. ജനഹിതമറിഞ്ഞ് മുന്നേറും. ഭരണഘടന സംരക്ഷണത്തിനായി പോരാടുമെന്നും ഇന്ത്യ സഖ്യത്തിന്റെ യോഗത്തിന് ശേഷം ഖര്‍ഗേ മാധ്യമങ്ങളോട് പറഞ്ഞു.

കേവല ഭൂരിപക്ഷമില്ലാതെ സഖ്യകക്ഷികള്‍ക്ക് പിന്നാലെ ബിജെപി കൂടിയ സാഹചര്യത്തിലാണ് ഇന്ത്യ സഖ്യവും സര്‍ക്കാര്‍ രൂപീകരണത്തില്‍ ഒരു കൈനോക്കിയാലോയെന്ന് തീരുമാനിച്ചത്. സഖ്യത്തിലെ കക്ഷികളുടെ പൊതു തീരുമാനപ്രകാരം തുടര്‍നടപടകളിലേക്ക് കടക്കാനായിരുന്നു നീക്കം. ദില്ലിയില്‍ മുപ്പത്തിമൂന്ന് പ്രതിനിധികള്‍ പങ്കെടുത്ത യോഗത്തില്‍ പക്ഷേ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ നടത്താന്‍ ഗൗരവമായ നിര്‍ദ്ദേശം ഉയര്‍ന്നില്ല. മറിച്ച് പ്രതിപക്ഷ നിരയില്‍ ശക്തമായ സാന്നിധ്യമാകാന്‍ തീരുമാനിച്ചു. സര്‍ക്കാര്‍ രൂപീകരണത്തിന് ഭാവിയില്‍ സാധ്യത തെളിഞ്ഞാല്‍ ഒന്നിച്ച് നില്‍ക്കാനും തീരുമാനിച്ചു. 16 സീറ്റുള്ള ചന്ദ്രബാബു നായിഡുവിന്റെയും ടിഡിപിയേയും, 12 സീറ്റുള്ള ജെഡിയുവിനെയും ഒപ്പം നിര്‍ത്താനായിരുന്നു നീക്കം. നിതീഷ് കുമാറിന് ഉപപ്രധാനമന്ത്രി പദവും, ചന്ദ്രബാബു നായിഡുവിനെ ഒപ്പം നിര്‍ത്താന്‍ ആന്ധ്രക്ക് പ്രത്യക പാക്കേജും വാഗ്ദാനം ചെയ്തു. എന്നാല്‍ എന്‍ഡിഎക്കൊപ്പം ഇരുവരും നില്‍ക്കാന്‍ തീരുമാനിച്ചതോടെ നീക്കം പാളി. സ്വതന്ത്രരെ ഒപ്പം നിര്‍ത്തി പ്രാദേശിക കക്ഷികള്‍ ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ചാല്‍ പുറത്ത് നിന്ന് പിന്തുണക്കാന്‍ കോണ്‍ഗ്രസ് ആലോചിച്ചെങ്കിലും ആ വഴിക്കും ചര്‍ച്ച അധികം നീണ്ടില്ല. പാര്‍ലമെന്റില്‍ ശക്തമായ ശബ്ദമാകുമെന്ന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചു. ഉചിതമായ സമയത്ത് ഉചിതമായ തീരുമാനമെടുക്കുമെന്നും കുഞ്ഞാലിക്കുട്ടി അറിയിച്ചു.

Top