ഡൽഹി: 400 സീറ്റിന്റെ ആത്മവിശ്വാസം പ്രധാനമന്ത്രി നരേന്ദ്ര മോദി ആവര്‍ത്തിക്കുമ്പോള്‍ പ്രതിപക്ഷം ബിജെപിയെ ഓര്‍മിപ്പിക്കുന്നത് 2004 എന്ന വര്‍ഷത്തെയാണ്. ‘ഇന്ത്യാ ഷൈനിങ്’ എന്ന മുദ്രാവാക്യവുമായി തെരഞ്ഞെടുപ്പിനെ നേരിട്ട ബിജെപിക്ക് അവരുടെ അമിത ആത്മവിശ്വാസം തിരിച്ചടിയായ വര്‍ഷം. ഇത്തവണ 2004 ആവര്‍ത്തിക്കുമെന്നാണ് ഇന്ത്യാ മുന്നണിയുടെ പ്രതീക്ഷ. വര്‍ഷം 2004- രാജ്യത്ത് ഇതാ ബിജെപി ഭരണത്തുടര്‍ച്ച നേടാന്‍ പോകുന്നു എന്ന അലെയൊലി അഞ്ഞടിക്കുന്ന സമയം. ബിജെപി നേതാക്കള്‍ക്ക് അമിത അത്മവിശ്വാസം. കാലാവധി തീരാന്‍ സമയമുണ്ടായിട്ട് പോലും ലോക്‌സഭ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പിനെ നേരിടാന്‍ തീരുമാനം. 65 കോടിയോളം രൂപ ചെലവാക്കി പിആര്‍ കമ്പനിയുടെ സഹായത്തോടെ നാടിളക്കി മാസ് പ്രചാരണം. അതിന് അവര്‍ ഒരു തലക്കെട്ടും നല്‍കി ഇന്ത്യ ഷൈനിങ്- ഇന്ത്യ തിളങ്ങുന്നു.
2004 ഏപ്രില്‍ 20 മുതല്‍ മെയ് 10 വരെ നാല് ഘട്ടങ്ങളായി അന്ന് തെരഞ്ഞെടുപ്പ് നടന്നു. കേവല ഭൂരിപക്ഷത്തിന് വേണ്ടത് 272 സീറ്റുകള്‍. രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നിവിടങ്ങളില്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി ഭരണം പിടിച്ചതോടെ ആത്മവിശ്വാസം കൂടി. എന്‍ഡിഎ സഖ്യത്തില്‍ ശിവസേന, അകാലിദള്‍, ജനതാദള്‍, ബിജു ജനതാദള്‍, നാഷണലിസ്റ്റ് തൃണമൂല്‍ കോണ്‍ഗ്രസ്, എഐഎഡിഎംകെ, ടിഡിപി അടക്കമുള്ള പ്രമുഖ പാര്‍ട്ടികള്‍. കോണ്‍ഗ്രസ് അന്ന് രാജ്യത്ത് വലിയ തിരിച്ചടി നേരിടുന്ന കാലം. ഭരണത്തുടര്‍ച്ചയില്‍ കുറഞ്ഞൊന്നും വാജ്‌പേയി സ്വപ്നം കണ്ടില്ല. എന്നാല്‍ ഫലം വന്നപ്പോള്‍ ബിജെപി ഞെട്ടി.138 സീറ്റില്‍ ബിജെപി ഒതുങ്ങി. സഖ്യകക്ഷികള്‍ക്ക് എല്ലാം ചേര്‍ത്ത് 185 സീറ്റുകള്‍ മാത്രം. എന്‍ഡിഎയുടെ ഭരണത്തുടര്‍ച്ച സ്വപ്നം പൊലിഞ്ഞു. തകര്‍ന്നെന്ന് കരുതിയ കോണ്‍ഗ്രസ് 145 സീറ്റുനേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി. 24 സീറ്റുള്ള ആര്‍ജെഡിയും 16 സീറ്റുള്ള ഡിഎംകെയും 36 സീറ്റുള്ള സമാജ് വാദി പാര്‍ട്ടിയും 19 സീറ്റുള്ള ബിഎസ്പിയും 59 സീറ്റു നേടിയ ഇടതുപാര്‍ട്ടികളെയും ഒപ്പം കൂട്ടി സോണിയാ ഗാന്ധി സര്‍ക്കാരുണ്ടാക്കി. യുപിഎ സഖ്യത്തിന് 335 അംഗങ്ങള്‍. അമേഠിയില്‍ നിന്നും രാഹുല്‍ ഗാന്ധി അദ്യമായി ജയിച്ചെത്തിയ തെരഞ്ഞെടുപ്പ് കൂടിയായിരുന്നു അത്.
അന്ന് ബിജെപിക്ക് വിനയായത് അമിത ആത്മവിശ്വാസമായിരുന്നു. വാജ്‌പേയി കാലത്ത് സാമ്പത്തിക വളര്‍ച്ചയും വിലക്കയറ്റം പിടിച്ചുനിര്‍ത്തിയതും അടിസ്ഥാന സൗകര്യവികസനവുമെല്ലാം തുണയ്ക്കുമെന്ന് എന്‍ഡിഎ ഉറപ്പിച്ചിരുന്നു. എന്നാല്‍ ശവപ്പെട്ടി അഴിമതി ആരോപണവും 2001ലെ പാര്‍ലമെന്റ് ആക്രമണവും 2002ലെ ഗുജറാത്ത് കലാപവും തൊഴിലില്ലായ്മയും അടക്കം കോണ്‍ഗ്രസ് കൃത്യമായി ഉപയോഗിച്ചു. പ്രവചനങ്ങളെയും എക്സ്റ്റിറ്റ് പോളുകളെയും അമിത അത്മവിശ്വാസത്തെയും കടപുഴക്കാനുള്ള കരുത്ത് ജനത്തിനുണ്ടെന്ന് തെളിയിക്കപ്പെട്ട വര്‍ഷം കൂടിയായിരുന്നു 2004.