ഡൽഹി: ഐഎഎസ് തസ്തികകളെ മോദി സർക്കാർ സ്വകാര്യവത്ക്കരിക്കുകയാണെന്നും ആർഎസ്എസ് വഴി ഉദ്യോഗസ്ഥരെ നിയമിക്കുന്ന പ്രക്രിയയാണിതെന്നും ‘ലാറ്ററൽ എൻട്രി’യിൽ രാഹുൽ ഗാന്ധിയുടെ വിമർശിച്ചതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ബിജെപി. വിഷയത്തിൽ കോൺഗ്രസ് കാണിക്കുന്നത് ഇരട്ടത്താപ്പെന്നും ഈ രീതി ആദ്യം കൊണ്ടുവന്നത് കോൺഗ്രസ് ആണെന്നും ബിജെപി മറുപടി നൽകി.
കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് ആണ് കോൺഗ്രസിനും രാഹുലിനും മറുപടിയുമായി രംഗത്തുവന്നത്. 2005ൽ യുപിഎ ഭരണകാലത്ത് വീരപ്പ മൊയ്‌ലി അധ്യക്ഷനായ കമ്മീഷനുണ്ടായിരുന്ന കാര്യം ഓർമിപ്പിച്ചായിരുന്നു മറുപടി. വീരപ്പ മൊയ്‌ലി അധ്യക്ഷനായ രണ്ടാമത് അഡ്മിൻ റിഫോംസ് കമ്മീഷൻ ലാറ്ററൽ എൻട്രി എന്ന ആശയം മുന്നോട്ടുവെച്ചിരുന്നു. യുപിഎ സർക്കാർ കൊണ്ടുവന്ന ഈ ശുപാർശ നടപ്പിലാക്കാനാണ് എൻഡിഎ ശ്രമിക്കുന്നതെന്നും ഈ രീതി ഭരണസംവിധാനത്തെ കൂടുതൽ മികവുറ്റതാക്കുമെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു.
യുപിഎസ്‌സി വഴി ഉദ്യോഗസ്ഥർ നിയമിതരാകേണ്ട ജോയിൻ്റ് സെക്രട്ടറിമാരുടെയും ഡയറക്ടർമാരുടെയും ഡെപ്യൂട്ടി സെക്രട്ടറിമാരുടെയും സ്ഥാനങ്ങളിലേക്കാണ് ലാറ്ററൽ എൻട്രി വഴി നിയമനം നടത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. ഇതിന്റെ നടപടിക്രമങ്ങൾ കേന്ദ്രസർക്കാർ കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. യൂണിയൻ പബ്ലിക് സർവീസ് കമ്മീഷനു പകരം ‘രാഷ്ട്രീയ സ്വയംസേവക് സംഘ’ത്തിലൂടെ പൊതുപ്രവർത്തകരെ റിക്രൂട്ട് ചെയ്തുകൊണ്ട് നരേന്ദ്രമോദി ഭരണഘടനയെ ആക്രമിക്കുകയാണെന്നും രാഹുൽ പറഞ്ഞിരുന്നു.