ന്യൂഡല്‍ഹി : ലോക്സഭാ തിരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി മൂന്നാം തവണയും വിജയിക്കുമെന്ന ആത്മവിശ്വാസത്തില്‍ സത്യപ്രതിജ്ഞ ചടങ്ങിനായുള്ള മുന്നൊരുക്കങ്ങള്‍ ബിജെപി തുടങ്ങിയതായി വിവരം. രാഷ്ട്രപതി ഭവനില്‍ പ്രധാനമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും സത്യപ്രതിജ്ഞാ ചടങ്ങിനായുള്ള അലങ്കാരസസ്യങ്ങളടക്കം വാങ്ങുന്നതിനുള്ള ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചു. മേയ് 28ന് രാഷ്ട്രപതിയുടെ ഓഫിസ്, ടെന്‍ഡര്‍ പുറപ്പെടുവിച്ചതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
21.97 ലക്ഷം രൂപയുടെ ടെന്‍ഡര്‍ ജൂണ്‍ 3ന് തുറക്കും. അലങ്കാരപ്പണികള്‍ പൂര്‍ത്തിയാക്കുന്നതിന് ടെന്‍ഡര്‍ പിടിക്കുന്ന വ്യക്തിക്ക് 5 ദിവസം സമയം നല്‍കും. ഔദ്യോഗിക സത്യപ്രതിജ്ഞ നടക്കുന്ന അതേദിവസം തന്നെ കര്‍ത്തവ്യപഥില്‍ ബിജെപിയുടെ രാഷ്ട്രീയ പരിപാടികളും ആഘോഷങ്ങളും നടത്താനാണ് ആലോചന. ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകത്തിന്റെ പ്രദര്‍ശനം എന്ന നിലയില്‍ നടക്കുന്ന പരിപാടിയില്‍ വൈദ്യുതി ദീപാലങ്കാരമടക്കം ഒരുക്കും. വിദേശ സര്‍ക്കാരുടെ പ്രതിനിധികള്‍ ഉള്‍പ്പെടെ 8,000- 10,000 പ്രതിനിധികള്‍ ചടങ്ങില്‍ പങ്കെടുത്തേക്കുമെന്ന് കണക്കുക്കൂട്ടല്‍. ജൂണ്‍ 9ന് സത്യപ്രതിജ്ഞയും അനുബന്ധ പരിപാടികളും നടത്താന്‍ ആലോചിക്കുന്നതായും വിവരമുണ്ട്.