കൊച്ചി: കേരളത്തില്‍ എന്‍ഡിഎ ചരിത്രം കുറിക്കുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മോദിയെ അംഗീകരിക്കാന്‍ കേരളം തയ്യാറായിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. വികസനത്തെ കുറിച്ച് മുഖ്യമന്ത്രി സംസാരിക്കുന്നില്ലെന്നും മുഖ്യമന്ത്രി വര്‍ഗ്ഗീയത ആളിക്കത്തിക്കുകയാണെന്നും കെ സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. നഗ്‌നമായ തെരഞ്ഞെടുപ്പ് ചട്ട ലംഘനമാണ് മുഖ്യമന്ത്രി നടത്തുന്നത്. പ്രതിപക്ഷ നേതാവ് ഇതൊന്നും കാണുന്നില്ലേയെന്നും കെ സുരേന്ദ്രന്‍ ചോദിച്ചു.
മുഖ്യമന്ത്രിയോട് മത്സരിക്കുകയാണ് യുഡിഎഫ്. ശബരിമല തീര്‍ത്ഥാടകര്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കുന്നില്ല. ഒരു വിഭാഗത്തിന്റെ വോട്ട് മാത്രം ലക്ഷ്യമിടുകയാണ് യുഡിഎഫും എല്‍ഡിഎഫും. സിഎഎ നിയമം പൗരത്വം നല്‍കാനാണെന്നും ആരുടേയും പൗരത്വം എടുക്കാനല്ലെന്നും കെ സുരേന്ദ്രന്‍ ചൂണ്ടിക്കാണിച്ചു. ഇത് അറിയുന്ന മുഖ്യമന്ത്രി നുണ പ്രചാരണം നടത്തുകയാണെന്നും മുസ്ലിം സമൂഹത്തെ ഭീതിപ്പെടുത്തുകയാണ് ലക്ഷ്യമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുറ്റപ്പെടുത്തി.
രാഹുല്‍ ഗാന്ധിക്ക് വയനാട്ടില്‍ ടൂറിസ്റ്റ് വിസയാണെന്ന് കെ സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. ഒരു പൊറോട്ട കഴിച്ച് വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ ഇടുന്നു. വയനാട്ടില്‍ കഴിഞ്ഞ അഞ്ച് വര്‍ഷം എന്താണ് ചെയ്തത്. ടൂറിസ്റ്റ് വിസയില്‍ വയനാടിന് ഒരാളെ ആവശ്യമുണ്ടോയെന്നും ഉത്തരവാദിത്വമില്ലാത്ത എം പിയെ എന്തിനാണ് വയനാടിന് ആവശ്യമെന്നും സുരേന്ദ്രന്‍ ചോദിച്ചു. രാഹുല്‍ ഗാന്ധി വയനാടിന് വേണ്ടി പാര്‍ല്ലമെന്റില്‍ സംസാരിച്ചോ? രാഹുല്‍ വയനാടിന് വേണ്ടി എന്ത് ചെയ്തു? ഒരാഴ്ച്ച വയനാട്ടില്‍ തങ്ങിയിട്ടുണ്ടോ? സുരേന്ദ്രന്‍ ചോദിച്ചു. ദില്ലിയില്‍ പോയി ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ കൂക്കിവിളിക്കുക മാത്രമാണ് കേരള എം പിമാര്‍ ചെയ്തത്. കേരള എം പിമാര്‍ നാടിന് പ്രയോജനം ഇല്ലാത്തവരാണെന്നും സുരേന്ദ്രന്‍ പരിഹസിച്ചു.