CMDRF

ബി ജെ പി രാമനെ വെച്ച് കച്ചവടം ചെയ്യുകയും, രാമന്റെ അഭിമാനം തകര്‍ക്കാന്‍ പ്രവര്‍ത്തിക്കുകയും ചെയ്തു

ബി ജെ പി രാമനെ വെച്ച് കച്ചവടം ചെയ്യുകയും, രാമന്റെ അഭിമാനം തകര്‍ക്കാന്‍ പ്രവര്‍ത്തിക്കുകയും ചെയ്തു
ബി ജെ പി രാമനെ വെച്ച് കച്ചവടം ചെയ്യുകയും, രാമന്റെ അഭിമാനം തകര്‍ക്കാന്‍ പ്രവര്‍ത്തിക്കുകയും ചെയ്തു

അയോധ്യ: ബി.ജെ.പി രാമനെ വെച്ച് കച്ചവടം ചെയ്യുകയായിരുന്നുവെന്നും രാമന്റെ അഭിമാനം തകര്‍ക്കാന്‍ അവര്‍ പ്രവര്‍ത്തിച്ചുവെന്നും അയോധ്യ ഉള്‍പ്പെടുന്ന ഫൈസാബാദില്‍ ബി.ജെ.പിയെ തോല്‍പിച്ച് എം.പിയായി തെരഞ്ഞെടുക്കപ്പെട്ട എസ്.പി നേതാവ് അവധേഷ് പ്രസാദ്. യഥാര്‍ഥ രാമഭക്തര്‍ തങ്ങളാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ‘നമ്മള്‍ രാമനെ തിരികെ കൊണ്ടുവന്നു’ എന്ന് പറഞ്ഞ് ബി.ജെ.പി രാജ്യത്ത് നുണ പ്രചരിപ്പിക്കുകയായിരുന്നു. രാമന്റെ പേരില്‍ അവര്‍ രാജ്യത്തെ വഞ്ചിച്ചു. രാമന്റെ പേരില്‍ കച്ചവടം നടത്തി, രാമന്റെ പേരില്‍ രാജ്യത്ത് പണപ്പെരുപ്പം വര്‍ധിപ്പിച്ചു രാമന്റെ പേരില്‍ തൊഴിലില്ലായ്മ സൃഷ്ടിച്ചു. രാമന്റെ പേരില്‍ പാവങ്ങളെയും കര്‍ഷകരെയും പിഴുതെറിഞ്ഞു എന്നതാണ് യാഥാര്‍ഥ്യം. രാമന്റെ അഭിമാനം തകര്‍ക്കാന്‍ ബി.ജെ.പി പ്രവര്‍ത്തിച്ചു. ജനങ്ങള്‍ ഇത് നന്നായി മനസ്സിലാക്കിയിട്ടുണ്ട് അദ്ദേഹം പറഞ്ഞു.’ബി.ജെ.പിക്ക് നന്നായി ചെയ്യാന്‍ അറിയുന്ന ഒരു കാര്യം ഹിന്ദു-മുസ്ലിം ധ്രുവീകരണവും പാകിസ്താനെക്കുറിച്ച് ആവര്‍ത്തിച്ചുള്ള പരാമര്‍ശങ്ങളുമാണ്. തൊഴില്‍ രഹിതരായി തുടരുന്ന രാജ്യത്തെ യുവാക്കള്‍ അവരുടെ പരിഗണനാവിഷയമല്ല. ചൈന നമ്മുടെ ഭൂമി കൈവശപ്പെടുത്തിയെങ്കിലും അതിനെക്കുറിച്ചും ചര്‍ച്ചകളില്ല.പണപ്പെരുപ്പം കൂടുന്നതിനെക്കുറിച്ചും അവര്‍ക്ക് ആശങ്കയില്ല’ -അവധേഷ് പ്രസാദ് ആഞ്ഞടിച്ചു.

ഭരണഘടന പൊളിച്ചെഴുതാന്‍ ബി.ജെ.പിക്ക് 400 സീറ്റുകള്‍ വേണമെന്ന് തന്റെ എതിരാളിയും ഫൈസാബാദിലെ ബി.ജെ.പി സ്ഥാനാര്‍ഥിയുമായയ ലല്ലു സിഖ് പച്ചക്ക് പറഞ്ഞത് ജനങ്ങള്‍ക്ക് ഇഷ്ടപ്പെട്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ‘എസ്.പി അധ്യക്ഷന്‍ അഖിലേഷ് യാദവ് എന്നെ ജനറല്‍ സീറ്റില്‍ മത്സരിപ്പിച്ചാണ് ഞാന്‍ വിജയിച്ചത്. ഇത് അദ്ഭുതകരമാണ്. ഞാന്‍ 11 തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചതില്‍ ഒമ്പത് തവണയും വിജയിച്ചു. ആറ് തവണ മന്ത്രിയായിട്ടുണ്ട്. എന്റെ എതിരാളിയെ കെട്ടിവെച്ച പണം കിട്ടാത്ത തരത്തില്‍ തോല്‍പിച്ചിട്ടുണ്ട്. എന്നാല്‍, ഈ തെരഞ്ഞെടുപ്പ് അതില്‍നിന്നെല്ലാം വ്യത്യസ്തമായിരുന്നു. എല്ലാവര്‍ക്കും എന്നില്‍ വിശ്വാസമുണ്ടായിരുന്നു. എല്ലാവരും സഹകരിച്ചു. ജാതിയൊന്നും പരിഗണനാ വിഷയമേ ആയിരുന്നില്ല’ അവധേഷ് വ്യക്തമാക്കി.രാമനെ തിരികെ കൊണ്ടുവന്നത് അവരല്ല, ആയിരക്കണക്കിന് വര്‍ഷങ്ങളായി രാമന്‍ ഇവിടെയുണ്ട്. എന്റെ നേതാവ് മുലായം സിങ് യാദവ് പറഞ്ഞത് അയോധ്യയില്‍ ക്ഷേത്രം പണിയുന്നത് പരസ്പര ധാരണയിലോ കോടതിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലോ ആയിരിക്കണം എന്നാണ്. അടല്‍ ബിഹാരി വാജ്‌പേയി പ്രധാനമന്ത്രിയായപ്പോള്‍ അദ്ദേഹത്തിന്റെ അഭിപ്രായവും ഇതുതന്നെ ആയിരുന്നു’ – അദ്ദേഹം ചൂണ്ടിക്കാട്ടി. അയോധ്യയില്‍ മസ്ജിദ് നിര്‍മിക്കുന്ന കാര്യത്തില്‍ കോടതി വിധി അക്ഷരംപ്രതി പാലിക്കുമെന്ന് തന്നെയാണ് തന്റെ പ്രതീക്ഷയെന്നും അവധേഷ് പറഞ്ഞു.

Top