കോഴിക്കോട്; 102 കോടി രൂപയുടെ കള്ളപ്പണ ഇടപാടു കണ്ടെത്തി ആദായനികുതി വകുപ്പ്. യൂസ്ഡ് കാർ ഷോറൂമിൽ നടത്തിയ റെയ്ഡിലാണ് കള്ളപ്പണ ഇടപാട് ആദായവകുപ്പ് കണ്ടെത്തിയിരിക്കുന്നത്. മലപ്പുറം സ്വദേശി മുജീബ് റഹ്മാന്റെ ഉടമസ്ഥതയിലുള്ള ‘റോയൽ ഡ്രൈവ്’ എന്ന സ്ഥാപനത്തിൽ ആദായനികുതി വകുപ്പ് കോഴിക്കോട് ഡിവിഷൻ അന്വേഷണ വിഭാഗം നടത്തിയ പരിശോധനയിലാണു തട്ടിപ്പു കണ്ടെത്തിയത്.
കാർ ഷോറൂമിന്റെ തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കോഴിക്കോട് ശാഖകളിലാണു രണ്ടു ദിവസമായി റെയ്ഡ് നടത്തിയത്. ഏതാനും മാസങ്ങളായി വൻ തുകകളുടെ ഇടപാടുകൾ നടക്കുന്നതു സംബന്ധിച്ചു സംശയം ഉയർന്നതിനെ തുടർന്നായിരുന്നു റെയ്ഡ്.
പ്രമുഖ താരങ്ങൾ ആഡംബര കാറുകൾ വാങ്ങി ഒന്നോ രണ്ടോ വർഷം ഉപയോഗിച്ച ശേഷം റോയൽ ഡ്രൈവിനു വിൽപന നടത്തി പണം അക്കൗണ്ടിൽ കാണിക്കാതെ കൈപ്പറ്റിയതായി കണ്ടെത്തിയിട്ടുണ്ട്. ഇവിടെ നിന്നു കാറുകൾ വാങ്ങി കാറിന്റെ വില കള്ളപ്പണമായി നൽകിയതും കണ്ടെത്തി. ഇന്ത്യൻ ക്രിക്കറ്റ് താരവും മലയാളികൾ അടക്കമുള്ള പ്രമുഖ സിനിമാതാരങ്ങളും സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ട്.
സിനിമ, കായിക മേഖലകളിലെ ദേശീയ തലത്തിലെ പ്രമുഖർ അടക്കമുള്ളവരുടെ കള്ളപ്പണ ഇടപാടുകൾ കണ്ടെത്തിയതിനെ തുടർന്ന് അവർക്കു നോട്ടിസ് അയയ്ക്കാൻ ആദായനികുതി വകുപ്പു തീരുമാനിച്ചിരിക്കുകയാണ്.