‘ബ്ലാക്ക് വിഡോ സ്‌പൈഡര്‍’ സാന്നിധ്യം ഒമാനിലും

‘ബ്ലാക്ക് വിഡോ സ്‌പൈഡര്‍’ സാന്നിധ്യം ഒമാനിലും
‘ബ്ലാക്ക് വിഡോ സ്‌പൈഡര്‍’ സാന്നിധ്യം ഒമാനിലും

മസ്‌കത്ത്: വിഷമുള്ള ചിലന്തിയായ ‘ബ്ലാക്ക് വിഡോ സ്‌പൈഡറിന്റെ’ സാന്നിധ്യം ഒമാനിലും കണ്ടെത്തി. ഇത് മറ്റു ചിലന്തികളില്‍നിന്ന് വ്യത്യസ്തവും അപകടകാരിയുമാണ്. കറുത്ത നിറത്തില്‍ ചുറ്റപ്പെട്ടതും ചുവപ്പ് വൃത്തവും ഓറഞ്ചോ തവിട്ടോ നിറത്തിലുള്ള വരകളുമാണ് ഈ വിഭാഗം ചിലന്തിയുടെ ശരീരത്തിലുണ്ടാവുക. ഈ വിഭാഗത്തില്‍പ്പെട്ട ചിലന്തികളെ അടുത്തിടെ ഒമാന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് കണ്ടെത്തിയിരുന്നു.

ഇത്തരം ചിലന്തികളെ ഒമാനില്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ ഒമാന്‍ ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് സന്ദേശം പങ്കുവെച്ചു. വീടുകള്‍, പുന്തോട്ടങ്ങള്‍, ഷെഡുകള്‍, ധാന്യപ്പുരകള്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് ഈ വിഭാഗം ചിലന്തികളെ സാധാരണയായി കണ്ടുവരുന്നത്. ഇത് വിഷമുള്ള ചിലന്തിയായാണ് അറിയപ്പെടുന്നതെന്ന് മന്ത്രാലയം അധികൃതര്‍ പറഞ്ഞു. കടിച്ചാല്‍ തടിപ്പോടുകൂടിയ വേദന, മസില്‍ ശക്തിക്കുറവ് എന്നിവയാണ് അനുഭവപ്പെടുന്നത്. ഇതോടൊപ്പം മനം പുരട്ടല്‍, ഛര്‍ദി, അടിവയറ്റിലെ കൊളുത്തിവലി മൂലമുള്ള വേദന എന്നിവ അനുഭവപ്പെടും.

ഇത്തരം ചിലന്തി കടിച്ചാല്‍ ചെയ്യേണ്ട കാര്യങ്ങളും മന്ത്രാലയം അറിയിച്ചു. കടിയേറ്റാല്‍ പരിഭ്രാന്തരാവേണ്ടതില്ലെന്ന് മന്ത്രാലയം പറഞ്ഞു. കടിയേറ്റ സ്ഥലത്ത് ഐസ് പാക്കുകള്‍ വെക്കുകയാണ് ആദ്യം ചെയ്യേണ്ടത്. കടിയേറ്റ ഇടങ്ങളിലെ തടിപ്പും വേദനയും കുറക്കാന്‍ സഹായിക്കും. ഇതോടൊപ്പം ഏറ്റവും അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലേക്ക് പോവുകയും വേണമെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ഇത്തരം ചിലന്തികളെ കാണുന്നവര്‍ മസ്‌കത്ത് മുനിസിപ്പാലിറ്റിയെ വിവരം അറിയിക്കണമെന്നും നിര്‍ദേശത്തിലുണ്ട്.

Top