പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണയില്‍ ഇതരസംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ബംഗാള്‍ സ്വദേശികളായ ദമ്പതികള്‍ അറസ്റ്റില്‍. പശ്ചിമബംഗാള്‍ സൗത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ഖാസ് രാംകര്‍ചര്‍ സ്വദേശി ബുദ്ധദേവ് ദാസ് (27), ഭാര്യ പര്‍ബ മെദിനിപൂര്‍ ജില്ലയിലെ ബ്രജല്‍ചക്ക് സ്വദേശിനി ദോളന്‍ ചപദാസ്(33) എന്നിവരെയാണ് ബംഗാളില്‍ നിന്ന് കേരള പൊലീസ് അറസ്റ്റ് ചെയ്തത്. പശ്ചിമബംഗാള്‍ സൗത്ത് 24 പര്‍ഗാനാസ് ഹരിപൂര്‍ സ്വദേശി ദിപാങ്കര്‍ മാജിയുടെ മൃതദേഹം കഴിഞ്ഞ ഞായറാഴ്ച്ചയാണ് പെരിന്തല്‍മണ്ണയിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ കണ്ടെത്തിയത്. രണ്ടു ദിവസം പഴക്കമുള്ള മൃതദേഹം പുറത്തുനിന്ന് പൂട്ടിയ മുറിക്കുള്ളിലാണ് കണ്ടത്.
കൊല്ലപെട്ട യുവാവുമായി പരിചയമുള്ള ദമ്പതികള്‍ ഇടക്കിടെ ഇവിടെ വരാറുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ഒരിക്കല്‍ വന്നപ്പോള്‍ ദിപാങ്കര്‍ മാജി യുവതിയുടെ നഗ്‌നവീഡിയോ ചിത്രീകരിക്കുകയും പിന്നീട് ഇത് ഉപയോഗിച്ച് ബ്ലാക്ക് മെയില്‍ ചെയ്തതിന്റെ വൈരാഗ്യത്തിലാണ് ഇരുവരും ചേര്‍ന്ന് യുവാവിനെ കൊലപ്പെടുത്തിയത്. പതിവു പോലെ യുവാവിന്റെ താമസസ്ഥലത്തെത്തിയ ദമ്പതികള്‍ കൈയില്‍ കരുതിയിരുന്ന ഉറക്ക ഗുളിക വെള്ളത്തില്‍ കലര്‍ത്തി യുവാവിന് കൊടുക്കുകയായിരുന്നു. മയങ്ങി വീണ യുവാവിനെ തലയിണ കൊണ്ട് അമര്‍ത്തി ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.
യുവാവിന്റെ മുറിയോട് ചേര്‍ന്ന അടുത്ത മുറിയില്‍ 20 ഓളം ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്നുണ്ടെങ്കിലും അവര്‍ ആരും സംഭവം അറിഞ്ഞില്ല. മൃതദേഹത്തില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതോടെയാണ് പരിസരത്തുള്ളവര്‍ അറിഞ്ഞത്. എന്നാല്‍ സംഭവത്തിന് ശേഷം പ്രതികള്‍ ബംഗാളിലേക്ക് കടന്നിരുന്നു. ബംഗാള്‍ പൊലീസിന്റെ സഹായത്തോടെ കേരള പൊലീസ് ബംഗാളില്‍ എന്നിയാണ് പ്രതികളെ പിടികൂടിയത്. കുറ്റം സമ്മതിച്ച പ്രതികളെ വ്യാഴാഴ്ച പെരിന്തല്‍മണ്ണയില്‍ എത്തിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.