ഊതിക്കാനുള്ള ഉഷാര്‍ ശമ്പളം തരുന്നതിലും കാണിക്കണം: ബ്രത്തലൈസറില്‍ ഊതാതെ കെഎസ്ആര്‍ടിസി ഡ്രൈവറുടെ പ്രതിഷേധം

ഊതിക്കാനുള്ള ഉഷാര്‍ ശമ്പളം തരുന്നതിലും കാണിക്കണം: ബ്രത്തലൈസറില്‍ ഊതാതെ കെഎസ്ആര്‍ടിസി ഡ്രൈവറുടെ പ്രതിഷേധം
ഊതിക്കാനുള്ള ഉഷാര്‍ ശമ്പളം തരുന്നതിലും കാണിക്കണം: ബ്രത്തലൈസറില്‍ ഊതാതെ കെഎസ്ആര്‍ടിസി ഡ്രൈവറുടെ പ്രതിഷേധം

കാഞ്ഞങ്ങാട്: മദ്യപിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ ബ്രത്തലൈസറില്‍ ഊതാതെ കെഎസ്ആര്‍ടിസി ഡ്രൈവറുടെ പ്രതിഷേധം. ഊതിക്കാനുള്ള ഉഷാര്‍ ശമ്പളം തരുന്നതിലും കാണിക്കണം. ശമ്പളം തരാത്തതിനാല്‍ ഇന്ന് ഊതുന്ന പ്രശ്നമില്ലെന്ന് ഡ്രൈവര്‍ വിനോദ് പറഞ്ഞു. ഊതുന്നില്ലെങ്കില്‍ ബസ് ഓടിക്കേണ്ടേന്ന് ഡിപ്പോ അധികൃതരും പറഞ്ഞു. ശനിയാഴ്ച കാഞ്ഞങ്ങാട് ഡിപ്പോയിലാണ് സംഭവം. ചുള്ളിക്കര സ്വദേശിയായ വിനോദ് ജോസഫിന് ശനിയാഴ്ച ഡ്യൂട്ടി കിട്ടിയത് പാണത്തൂര്‍-ഇരിട്ടി റൂട്ടിലാണ്. പതിവ് നടപടിക്രമമെന്ന നിലയില്‍ ചെക്കിങ് ഇന്‍സ്പെക്ടര്‍ ബ്രത്തലൈസറുമായി എത്തിയപ്പോഴാണ് വിനോദിന്റെ പ്രതിഷേധവും പ്രതികരണവും.

ലോഗ്ഷീറ്റ് വാങ്ങി ബസ് തിരിച്ചിട്ട് കണ്ടക്ടറെ കാത്തിരിക്കുമ്പോഴാണ് ബ്രത്ത് അനലൈസറില്‍ ഊതാത്ത ഡ്രൈവര്‍ക്ക് ഡ്യൂട്ടി നല്‍കാനാകില്ലെന്ന് അധികൃതര്‍ അറിയിച്ചത്. മാസം കഴിയാറായിട്ടും പാതി ശമ്പളമേ കിട്ടിയുള്ളൂ. ഇതില്‍ പ്രതിഷേധിച്ചാണ് ഊതാതിരുന്നതെന്ന് ലോഗ് ഷീറ്റില്‍ ഇദ്ദേഹം എഴുതി. ലോഗ് ഷീറ്റ് തിരികെ വാങ്ങിയ അധികൃതര്‍ ഇദ്ദേഹത്തിന്റെ ഡ്യൂട്ടി മറ്റൊരു ഡ്രൈവര്‍ക്ക് നല്‍കി. രണ്ടരമണിക്കൂറോളം വിനോദ് ജോസഫ് ഡിപ്പോയില്‍ കുത്തിയിരുന്നു. ഇതിനിടെ രക്തസമ്മര്‍ദം കൂടി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

മാസത്തിന്റെ തുടക്കത്തില്‍ കിട്ടേണ്ട ശമ്പളം ഇങ്ങനെ വൈകിയാല്‍ എങ്ങനെ ജീവിക്കുമെന്ന് ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് യൂണിയന്‍ ജില്ലാ സെക്രട്ടറി കൂടിയായ വിനോദ് ജോസഫ് ചോദിക്കുന്നു. പകുതി ശമ്പളം തന്നെ കിട്ടിയത് രണ്ടാമത്തെ ആഴ്ചയാണ്. മൂന്നാഴ്ച കഴിഞ്ഞിട്ടും ബാക്കി തന്നതുമില്ല. വീടിന്റേതുള്‍പ്പെടെ പല വായ്പകളുടെയും ഗഡു അടയ്ക്കാന്‍ കഴിഞ്ഞില്ല. ജൂണില്‍ ശമ്പളം കിട്ടാത്തതിനാല്‍ മക്കള്‍ക്ക് പുസ്തകം വാങ്ങിക്കൊടുക്കാന്‍ പോലും ഡ്രൈവര്‍മാരും കണ്ടക്ടര്‍മരും ബുദ്ധിമുട്ടി. മുന്‍പ് ഓവര്‍ടൈം, കളക്ഷന്‍ ബത്ത എന്നിവ അന്നന്ന് കിട്ടിയിരുന്നു. ഇപ്പോള്‍ ഒരു ചായ കുടിക്കാന്‍പോലും കൈയില്‍ കാശില്ലാത്ത അവസ്ഥയാണെന്നാണ് ഡ്രൈവര്‍ വിനോദ് പറയുന്നത്.

Top