ടെക്സസ്: ഐടി പ്രതിസന്ധിയുടെ ഉത്തരവാദിത്തമേറ്റ് ക്രൗഡ്‍സ്ട്രൈക് സിഇഒ ജോർജ് കുട്സ്. പ്രതിസന്ധി പരിഹരിക്കാൻ സമയമെടുക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. ആയിരക്കണക്കിന് വിമാനങ്ങളാണ് പ്രതിസന്ധിയെ തുടർന്ന് റദ്ദാക്കിയത്. സൈബർ സുരക്ഷാ കമ്പനിയായ ക്രഡ്സ്ട്രൈക്കിൻറെ ഫാൽക്കൺ ആൻറി വൈറസ് സോഫ്റ്റ്‍വെയർ അപ്ഡേറ്റിലുണ്ടായ ബഗ് മൂലമുള്ള പ്രതിസന്ധി തുടരുകയാണ്.
ബ്രിട്ടനിൽ ജിപിഎസ് ഉപയോഗിച്ചുള്ള ദിശാനിർണയത്തെയടക്കം തകരാർ ബാധിച്ചു. ബാങ്കുകളും മാധ്യമ സ്ഥാപനങ്ങളും ടെലികോം കമ്പനികളും മുതൽ സൂപ്പർ മാർക്കറ്റുകൾവരെ പ്രതിസന്ധി ബാധിച്ചവയിൽ ഉൾപ്പെടും. സോഫ്റ്റ്‍വെയർ ബഗ് പരിഹരിച്ചെങ്കിലും ഓരോ കമ്പ്യൂട്ടറിലും പ്രശ്നം പരിഹരിക്കാൻ വലയ പ്രയത്നം വേണ്ടിവരുമെന്ന് വിദഗ്ധർ പ്രതികരിച്ചു. ഉപഭോക്താക്കളുടെ വിശ്വാസത്തെക്കാൾ വലുതൊന്നുമില്ലെന്നാണ് ക്രഡ്സ്ട്രൈക്കിൻറെ പ്രതികരണം.
ഇന്നലെ പുലർച്ചെയാണ് ബ്ലൂ സ്ക്രീൻ ഓഫ് ഡത് എന്ന വിളിപ്പേരുള്ള എറർ മെസേജ് പ്രശ്നം ബാധിച്ച കമ്പ്യൂട്ടറുകളിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. സാധാരണഗതിയിൽ വൻകിട കമ്പനികൾ മാത്രം ഉപയോഗിക്കുന്ന സോഫ്റ്റ്‍വെയറായതിനാൽ വിൻഡോസ് ഉപയോഗിക്കുന്ന വ്യക്തിഗത കമ്പ്യൂട്ടറുകളെ പ്രശ്നം ബാധിച്ചിട്ടില്ല.