ബിഎംഡബ്ല്യു സിഇ 04; ഇന്ത്യയിൽ ഏറ്റവും വിലയുള്ള ഇലക്ട്രിക് സ്കൂട്ടർ

ബിഎംഡബ്ല്യു സിഇ 04; ഇന്ത്യയിൽ ഏറ്റവും വിലയുള്ള ഇലക്ട്രിക് സ്കൂട്ടർ
ബിഎംഡബ്ല്യു സിഇ 04; ഇന്ത്യയിൽ ഏറ്റവും വിലയുള്ള ഇലക്ട്രിക് സ്കൂട്ടർ

ന്ത്യയിലെ ഏറ്റവും വിലയേറിയ വൈദ്യുത സ്‌കൂട്ടർ അവതരിപ്പിച്ച് ബിഎംഡബ്ല്യു. 14.90 ലക്ഷം രൂപ വിലയുള്ള സിഇ 04 ആണ് ഇന്ത്യയിലെ ഏറ്റവും വിലയേറിയ ഇലക്ട്രിക് സ്‌കൂട്ടർ. ബുക്കിങ് ആരംഭിച്ച ബിഎംഡബ്ല്യു സിഇ 04ന്റെ വിതരണം സെപ്റ്റംബറിൽ ആരംഭിക്കും.

8.5kWh ബാറ്ററിയാണ് ബിഎംഡബ്ല്യു സിഇ04ന് നൽകിയിരിക്കുന്നത്. റേഞ്ച് 130 കീമി. 2.3kW, 6.9kW എന്നിങ്ങനെ രണ്ട് ചാർജിങ് ഓപ്ഷനുകൾ. പൂജ്യത്തിൽ നിന്നും 100 ശതമാനം ചാർജിലേക്കെത്താൻ 2.3kW ചാർജറിൽ നാല് മണിക്കൂറും 20 മിനുറ്റും എടുക്കും. 6.9kW ചാർജറിൽ ഒരു മണിക്കൂറും 40 മിനുറ്റും മതിയാവും. ലിക്വിഡ് കൂൾഡ് പെർമനന്റ് മാഗ്നെറ്റ് മോട്ടോറാണ് സിഇ 04ൽ ഉപയോഗിച്ചിരിക്കുന്നത്. 42 എച്ച്പി കരുത്തും പരമാവധി 62 എൻഎം ടോർക്കും ഈ മോട്ടോർ പുറത്തെടുക്കും. പൂജ്യത്തിൽ നിന്നും മണിക്കൂറിൽ 50 കീമി വേഗതയിലേക്ക് എത്താൻ 2.6 സെക്കൻഡ് മതി. പരമാവധി വേഗത മണിക്കൂറിൽ 120 കീമി ആയി നിയന്ത്രിച്ചിരിക്കുന്നു.
265എംഎം ഡിസ്‌ക് ബ്രേക്കാണ് മുന്നിലും പിന്നിലുമുള്ളത്. 15 ഇഞ്ച് ചക്രങ്ങൾ ഇന്ത്യയിലെ സ്‌കൂട്ടറുകളുടെ കൂട്ടത്തിൽ ഏറ്റവും വലുതാണ്. മിഡിൽ വൈറ്റ് സ്‌പോർട്ട് ബൈക്കുകൾക്കൊപ്പം വലിപ്പമുള്ളവയാണ് സിഇ 04ന്റെ ചക്രങ്ങൾ. സീറ്റ് ഉയരം 780 എംഎം, ആകെ ഭാരം 231 കിലോഗ്രാം.

ഓൾ എൽഇഡി ലൈറ്റിങ്, ബ്ലൂടൂത്ത് സൗകര്യമുള്ള 10.25 ഇഞ്ച് ടിഎഫ്ടി ഡിസ്‌പ്ലേ, കീലെസ് ഇഗ്നൈഷൻ, മൂന്നു റൈഡിങ് മോഡുകൾ(ഇകോ, റെയിൻ, റോഡ്), എബിഎസ്, സ്വിച്ചബിൾ ട്രാക്ഷൻ കൺട്രോൾ, യുഎസ്ബി സി ചാർജർ റിവേഴ്‌സ് മോഡ് എന്നിങ്ങനെ പോവുന്നു ഫീച്ചറുകളുടെ നീണ്ട നിര. നീല, വെളുപ്പ് നിറങ്ങളിൽ സിഎ 04 എത്തുന്നു. മറ്റു ബിഎംഡബ്ല്യു മോഡലുകളിലേതു പോലെ പലതരം സീറ്റ് ഓപ്ഷനുകളും അഡീഷണൽ ഇലക്ട്രോണിക് ഫീച്ചേഴ്‌സ്, വലിയ വിൻഡ് സ്‌ക്രീൻ എന്നിങ്ങനെ പല ഫീച്ചറുകളും ലഭ്യമാണ്.

വെസ്പ 946 ഡ്രാഗൺ എഡിഷൻ (14.28 ലക്ഷം രൂപ), ബിഎംഡബ്ല്യുവിന്റെ തന്നെ സി 400ജിടി(11.25 ലക്ഷം രൂപ) എന്നിവയാണ് ഇന്ത്യയിൽ പത്തു ലക്ഷത്തിലേറെ വിലയുള്ള സ്‌കൂട്ടറുകൾ. ഇന്ത്യയിൽ എട്ട് പുതിയ ഇരുചക്രവാഹനങ്ങൾ ഈ വർഷം പുറത്തിറക്കുമെന്നാണ് ബിഎംഡബ്ല്യു മോട്ടോറാഡ് അറിയിച്ചിട്ടുള്ളത്. ഈ വർഷം ഇനിയും രണ്ടു മോഡലുകൾ പ്രതീക്ഷിക്കാം.

Top