ബി.എം.ഡബ്ല്യുവിന്റെ ഫൈവ് സീരീസ്; ലോങ് വീല്‍ ബേസ് മോഡല്‍ ജൂലൈ 24-ന് അവതരിപ്പിക്കും

ബി.എം.ഡബ്ല്യുവിന്റെ ഫൈവ് സീരീസ്; ലോങ് വീല്‍ ബേസ് മോഡല്‍ ജൂലൈ 24-ന് അവതരിപ്പിക്കും
ബി.എം.ഡബ്ല്യുവിന്റെ ഫൈവ് സീരീസ്; ലോങ് വീല്‍ ബേസ് മോഡല്‍ ജൂലൈ 24-ന് അവതരിപ്പിക്കും

ന്ത്യയിലെ ആഡംബര വാഹന വിപണിയിലെ കരുത്തന്‍ സാന്നിധ്യമാണ് ജര്‍മന്‍ കമ്പനിയായ ബി.എം.ഡബ്ല്യു. പ്രീമിയം വാഹനവിപണിയിലും എസ്.യു.വികള്‍ പിടിമുറുക്കുമ്പോഴും ബി.എം.ഡബ്ല്യുവിന്റെ സെഡാന്‍ മോഡലുകളുടെ പെരുമയ്ക്ക് യാതൊരു കോട്ടവും തട്ടിയിട്ടില്ല. ത്രീ സീരീസ്, സെവന്‍ സീരീസ് എന്നീ പ്രീമിയം സെഡാന്‍ മോഡലുകളില്‍ ലോങ് വീല്‍ ബേസ് പതിപ്പ് എത്തിച്ച് വന്‍ വിജയമായതിന് പിന്നാലെ ഫൈവ് സീരീസിന്റെയും ലോങ് വീല്‍ ബേസ് പതിപ്പ് എത്തിക്കാനൊരുങ്ങുകയാണ് ബി.എം.ഡബ്ല്യു

ജൂലായ് 24-നായിരിക്കും ഈ വാഹനം ഇന്ത്യയില്‍ അവതരിപ്പിക്കുകയെന്നാണ് ബി.എം.ഡബ്ല്യു അറിയിച്ചിരിക്കുന്നത്. നിലവില്‍ വിപണിയിലുള്ള റെഗുലര്‍ ഫൈവ് സീരീസിനൊപ്പമായിരിക്കും ലോങ്ങ് വീല്‍ ബേസ് പതിപ്പും വില്‍പ്പനയ്ക്ക് എത്തുന്നത്. റെഗുലര്‍ മോഡലിനെക്കാള്‍ വലിപ്പമായിരിക്കും പ്രധാനമായും മാറ്റം. 5175 എം.എം. നീളം, 1900 എം.എം. വീതി, 1520 എം.എം. ഉയരം എന്നിങ്ങനെയായിരിക്കും ഈ വാഹനത്തിന്റെ അളവുകള്‍. 4983 എം.എം. വരെയാണ് റെഗുലര്‍ ഫൈവ് സീരീസിന്റെ നീളം.

ഫൈവ് സീരീസ് ലോങ് വീല്‍ ബേസിന്റെ വില അവതരണ വേളയിലായിരിക്കും പ്രഖ്യാപിക്കുക. ഏകദേശം ഒരുകോടി രൂപയോളം വിലയായേക്കുമെന്നാണ് വിലയിരുത്തല്‍. ബി.എം.ഡബ്ല്യുവിന്റെ സിഗ്‌നേച്ചര്‍ ട്വിന്‍ ഹെഡ്‌ലാമ്പ്, ഇല്ലുമിനേറ്റ് ചെയ്യുന്ന ഗ്രില്ല് എന്നിവ ഫൈവ് സീരീസിലും നല്‍കിയിട്ടുണ്ട്. എല്‍.ഇ.ഡിയില്‍ തീര്‍ത്തിരിക്കുന്ന ഡി.ആര്‍.എല്‍, ടേണ്‍ ഇന്റിക്കേറ്റര്‍ എന്നിവയുടെ ഡിസൈന്‍ മെച്ചപ്പെടുത്തിയിട്ടുണ്ട്. എല്‍ ഷേപ്പിലാണ് എല്‍.ഇ.ഡി. ടെയ്ല്‍ലാമ്പ് ഒരുക്കിയിരിക്കുന്നത്. ക്രോമിയം അലങ്കാരങ്ങളും വാഹനത്തിന്റെ പല ഭാഗത്തായും നല്‍കിയിട്ടുണ്ട്.

റെഗുലര്‍ ഫൈവ് സീരീസിനോട് ചേര്‍ന്ന് നില്‍ക്കുന്ന അകത്തളമാണ് ലോങ് വീല്‍ ബേസ് പതിപ്പിലും നല്‍കിയിട്ടുള്ളത്. 12.3 ഇഞ്ച് വലിപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ്‌സ്‌ക്രീന്‍, 14.9 ഇഞ്ച് വലിപ്പത്തില്‍ നല്‍കിയിട്ടുള്ള ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ഫ്‌ളാറ്റ്‌ബോട്ട് മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ്ങ് വീല്‍, ഡ്യുവല്‍ വയര്‍ലെസ് ചാര്‍ജിങ്ങ് പാഡുകള്‍, പ്രീമിയം ഭാവം നല്‍കുന്ന ആംബിയന്റ് ലൈറ്റുകള്‍, ഗ്ലാസില്‍ തീര്‍ത്തിരിക്കുന്ന വൃത്താകൃതിയിലുള്ള ഡ്രൈവ് സെലക്ടര്‍ എന്നിവയാണ് ഇന്റീരിയറിന് പ്രീമിയം ഭാവം നല്‍കുന്നത്. ബി.എം.ഡബ്ല്യുവിന്റെ മെക്കാനിക്കല്‍ ഫീച്ചറുകള്‍ സംബന്ധിച്ച വിവരവും നിര്‍മാതാക്കള്‍ വെളിപ്പെടുത്തിയിട്ടില്ല.

Top