പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂരിന് എതിരെ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം തുടങ്ങി. ബോബി ചെമ്മണ്ണൂരിനെതിരായ
എൻഫോഴ്സ്മെന്‍റ് ഡറക്ടറേറ്റിൻ്റെ (ഇ.ഡി) അന്വേഷണത്തിന് പിന്നാലെയാണ് ഇതു സംബന്ധമായി കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം നടത്തുന്നത്. നിക്ഷേപം വകമാറ്റി ഉപയോഗിച്ചു എന്നതിനു പുറമെ ബോബിക്കെതിരായി ഉയർന്ന മറ്റു ചില കാര്യങ്ങളിലും കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തുന്നുണ്ട് എന്നാണ് ലഭിക്കുന്ന വിവരം.
ബോബി ചെമ്മണ്ണൂരിന്‍റെ ഉടമസ്ഥതയിലുള്ള ‘ബോച്ചെ ഭൂമിപത്ര’ എന്ന കമ്പനിയുടെ പേരില്‍ ചായപ്പൊടിക്കൊപ്പം ലക്കിഡ്രോ നടത്തിയതിനെതിരായ പൊലീസ് കേസും, ഇത് ചൂണ്ടിക്കാട്ടി ലഭിച്ച പരാതിയുമാണ് ഇ.ഡി അന്വേഷണത്തിന് വഴിവച്ചിരിക്കുന്നത്. ഈ കേസ് നിലവിലുള്ളതിനാൽ ഇ.ഡിക്ക് മറ്റൊരു കേസ് രജിസ്റ്റർ ചെയ്യാനും എളുപ്പമാണ്.
സാധാരണ ഗതിയിൽ എൻഫോഴ്സ്മെന്‍റ് ഡറക്ടറേറ്റിന് അന്വേഷണം ഏറ്റെടുത്ത് മുന്നോട്ട് പോകണമെങ്കിൽ, പൊലിസ് രജിസ്റ്റർ ചെയ്ത കേസ് അനിവാര്യമാണ്. ഈ ‘കടമ്പ’ വയനാട് മേപ്പാടി പൊലീസ് നിർവ്വഹിച്ചതോടെയാണ് എൻഫോഴ്സ്മെന്‍റ് ഡറക്ടറേറ്റിന് കാര്യങ്ങൾ എളുപ്പമാക്കിയിരിക്കുന്നത്. ചായപ്പൊടി വില്‍പ്പനയ്ക്കും പ്രമോഷനുമെന്ന വ്യാജേനെ ചായപ്പൊടി പാക്കറ്റിന്‍റെ കൂടെ ലോട്ടറി ടിക്കറ്റ് വില്‍ക്കുന്നുവെന്ന വയനാട് ജില്ലാ അസിസ്റ്റന്‍റ് ലോട്ടറി ഓഫീസറുടെ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
നിക്ഷേപമായി നിരവധിയാളുകളിൽ നിന്ന് പണം സ്വീകരിക്കുന്നതും ഇത് ബിസിനസ് ആവശ്യങ്ങൾക്കടക്കം ഉപയോഗിക്കുന്നതുമായ പരാതിയെ ഗൗരവമായാണ് കേന്ദ്ര ഏജൻസികളും പരിശോധിക്കുന്നത്. നിക്ഷേപം സ്വീകരിക്കുന്നതിലും തുടർന്ന് മറ്റ് ബിസിനസുകളിലേക്ക് വക മാറ്റുന്നതിലും കളളപ്പണ ഇടപാടുണ്ടോയെന്നതാണ് പ്രധാനമായും ഇഡിയുടെ അന്വേഷണ പരിധിയിൽ ഉളളത്. നിലവിൽ കേസ് എടുത്തിട്ടില്ലെന്നും പ്രാഥമിക പരിശോധനയാണ് തുടരുന്നതെന്നും ഇഡി വൃത്തങ്ങൾ അറിയിച്ചിട്ടുണ്ടെങ്കിലും, കൂടുതൽ തെളിവുകൾ ലഭിച്ചു കഴിഞ്ഞാൽ കേസ് രജിസ്റ്റർ ചെയ്യുമെന്ന് തന്നെയാണ് സൂചന.
ഇതിനായി
ബോബി ചെമ്മണ്ണൂർ സ്ഥാപനങ്ങൾ വഴി നടത്തുന്ന സാമ്പത്തിക ഇടപാടുകളെല്ലാം തന്നെ ഇഡി സമഗ്ര പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. ബോബി ചെമ്മണ്ണൂർ വലിയ പലിശ വാഗ്ദാനം ചെയ്ത് നിരവധിയാളുകളിൽ നിന്ന് ഡെപ്പോസിറ്റുകൾ സ്വീകരിക്കുന്നുണ്ടെന്നാണ് പ്രാഥമിക പരിശോധനയിൽ ഇഡി കണ്ടെത്തിയതെന്ന വിവരവും ഇപ്പോൾ പുറത്തു വരുന്നുണ്ട്. ഈ പണം വിവിധ ബിസിനസ് ആവശ്യങ്ങൾക്കായി വകമാറ്റുന്നുണ്ട്. ഇതിൽ കള്ളപ്പണ ഇടപാടുണ്ടോ എന്നതാണ് ഇഡി അന്വേഷിക്കുന്നത്. ഫെമ ലംഘനം ഉണ്ടോയെന്നതും പരിശോധിക്കുന്നുണ്ട്.
അതേസമയം, ഇഡി അന്വേഷണത്തോട് പ്രതികരിച്ച് ബോബി ചെമ്മണ്ണൂരും ഇപ്പോൾ രംഗത്ത് വന്നിട്ടുണ്ട്. കണക്കുകള്‍ ഹാജരാക്കാന്‍ ഒന്നര മാസം മുന്‍പ് ഇ ഡി നിര്‍ദേശിച്ചിരുന്നെന്നും എല്ലാ കണക്കുകളും താന്‍ ഹാജരാക്കിയിട്ടുണ്ടെന്നതുമാണ് അദ്ദേഹത്തിൻ്റെ വാദം. ഈ മാസം തന്നെ ഫയര്‍ ക്ലോസ് ചെയ്യുമെന്ന് ഇ ഡി ഉദ്യോഗസ്ഥര്‍ പറഞ്ഞെന്നും ഇത് സ്വാഭാവിക നടപടി മാത്രമാണെന്നും ബോബി മാധ്യമങ്ങളോട് പ്രതികരിച്ചിട്ടുണ്ട്. ഇതും കേന്ദ്ര രഹസ്യാന്വേഷണ ഏജൻസിയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
REPORT : M VINOD