പരാജയപ്പെട്ട് സൈനിക അട്ടിമറി ശ്രമം, നന്ദി പറഞ്ഞ് ബൊളീവിയന്‍ പ്രസിഡന്റ്

പരാജയപ്പെട്ട് സൈനിക അട്ടിമറി ശ്രമം, നന്ദി പറഞ്ഞ് ബൊളീവിയന്‍ പ്രസിഡന്റ്

ലാപാസ്: ജനകീയ പ്രക്ഷോഭങ്ങള്‍ക്കും, അന്താരാഷ്ട്ര പ്രതിഷേധങ്ങള്‍ക്കും പിന്നാലെ ബൊളീവിയന്‍ പ്രസിഡന്റ് ലൂയിസ് ആര്‍സിനെതിരായ സൈന്യത്തിന്റെ അട്ടിമറി ശ്രമം പരാജയപ്പെട്ടു. ബുധനാഴ്ച വൈകുന്നേരത്തോടയൊണ് ആര്‍മി ജനറല്‍ കമാന്‍ഡര്‍ ജുവാന്‍ ജോസ് സുനിഗയുടെ നേതൃത്വത്തിലുള്ള സൈന്യത്തിന്റെ കവചിത വാഹനങ്ങള്‍ പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തിന് പുറത്ത് നിലയുറപ്പിച്ചത്. ഇവര്‍ കൊട്ടാരത്തിന്റെ വാതിലുകള്‍ തകര്‍ത്തതായി റിപ്പോര്‍ട്ടുകളുണ്ട്. സേനയോട് പിരിഞ്ഞു പോകാന്‍ പ്രസിഡന്റ് നിര്‍ദേശിച്ചെങ്കിലും അതുണ്ടായില്ല. തുടര്‍ന്ന് രാജ്യം അട്ടിമറി ശ്രമത്തെ നേരിടുന്നുവെന്നും എന്ത് വില കൊടുത്തും ഇതിനെ ചെറുക്കുമെന്നും പറഞ്ഞ പ്രസിഡന്റ് മന്ത്രിമാര്‍ക്കൊപ്പം വീഡിയോ പുറത്തു വിട്ടു. രാജ്യത്തെ ജനങ്ങളും അന്താരാഷ്ട്ര സമൂഹവും തങ്ങള്‍ക്കൊപ്പം നില്‍ക്കണെമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു കൊട്ടാരത്തിന് സമീപമെത്തിയ മാധ്യമപ്രവര്‍ത്തകരോട് സൈന്യം പിന്മാറാന്‍ ആവശ്യപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ അസോസിയേറ്റഡ് പ്രസ് പുറത്തു വിട്ടു. വിവരം പുറത്തു വന്നതിന് പിന്നാലെ ലൂയിസ് ആര്‍സിന്റെ നൂറുകണക്കിന് അനുയായികള്‍ ബൊളീവിയന്‍ പതാകകള്‍ വീശിയും ദേശീയഗാനം ആലപിച്ചും ഇവിടേക്ക് എത്തി. രാജ്യത്തെ ഏറ്റവും വലിയ തൊഴിലാളി യൂണിയന്‍ ആര്‍സെയുടെ സര്‍ക്കാരിനെ പ്രതിരോധിക്കാന്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചു. പിന്നാലെ വിവിധ ലോകരാജ്യങ്ങളിലെ ഭരണാധികാരികളും നേതാക്കളും സൈനിക നീക്കത്തില്‍ ശക്തമായി അപലപിച്ച് രംഗത്തെത്തി.

ബൊളീവിയയിലെ അട്ടിമറി ശ്രമത്തില്‍ ശക്തമായി അപലപിക്കുന്നുവെന്ന് മെക്സിക്കന്‍ പ്രസിഡന്റ് ആന്ദ്രേസ് മാനുവല്‍ ലോപ്പസ് ഒബ്രഡോര്‍ പറഞ്ഞു. ഹോണ്ടുറാന്‍ പ്രസിഡന്റ് സിയോമാര കാസ്‌ട്രോ സൈനിക നീക്കത്തെ ‘ക്രിമിനല്‍ അട്ടിമറി’ എന്ന് വിശേഷിപ്പിച്ചു. ബൊളീവിയയിലോ മറ്റേതെങ്കിലും രാജ്യത്തോ ഉണ്ടാകുന്ന ഭരണഘടനാ ക്രമത്തിന്റെ ലംഘനം അംഗീകരിക്കാനാകില്ലെന്ന് ചിലിയുടെ പ്രസിഡന്റായ ഗബ്രിയേല്‍ ബോറിക് പ്രസ്താവനയില്‍ പറഞ്ഞു. സൈന്യം ശാന്തിയും സംയമനവും പാലിക്കാന്‍ യുഎസ് ആവശ്യപ്പെടുന്നുവെന്ന് വൈറ്റ് ഹൗസ് വക്താവ് പറഞ്ഞു. തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടത്തിന്റ അധികാര പരിധിയിലേക്ക് സൈന്യം വരണമെന്ന് ഓര്‍ഗനൈസേഷന്‍ ഓഫ് അമേരിക്കന്‍ സ്റ്റേറ്റ്‌സ് ആവശ്യപ്പെട്ടു. ബൊളീവിയന്‍ സര്‍ക്കാരിനോടും ജനങ്ങളോടും ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നുവെന്ന് യൂറോപ്യന്‍ യൂണിയന്‍ ഫോറിന്‍ പോളിസി ചീഫ് ജോസെപ് ബോറെല്‍ പറഞ്ഞു.പ്രതിഷേധം ശക്തമായതിന് പിന്നാലെ സൈനികരോട് പിന്മാറാന്‍ സുനിഗ ആവശ്യപ്പെടുകയായിരുന്നു. പ്രസിഡന്റിന്റെ നിര്‍ദേശ പ്രകാരമായിരുന്നു അട്ടിമറി ശ്രമമെന്ന് പിന്നീട് സിനിഗ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇയാളെ അറസ്റ്റ് ചെയ്തു. പുതിയ സൈനിക മേധാവിയെ പ്രസിഡന്റ് നിയമിച്ചിട്ടുണ്ട്. സൈനിക അട്ടിമറി തകര്‍ത്ത ജനങ്ങള്‍ക്ക് പ്രസിഡന്റ് നന്ദി പറഞ്ഞു.

അട്ടിമറികള്‍ അപരിചിതമല്ലാത്ത രാജ്യമാണ് ബൊളീവിയ. 1825-ല്‍ സ്വാതന്ത്ര്യം നേടിയതു മുതല്‍ ബൊളീവിയയ്ക്ക് രാഷ്ട്രീയ അശാന്തിയുടെ ഒരു നീണ്ട ചരിത്രമുണ്ട്. 2019ല്‍ രാജ്യത്തെ തദ്ദേശവംശജനായ ആദ്യ പ്രസിഡന്റു്‌റും ഇടതുപക്ഷക്കാരനുമായ ഇവോ മൊറാലിസിനെ അട്ടിമറിയിലൂടെ പ്രസിഡന്റ് സ്ഥാനത്തു നിന്ന് പുറത്താക്കിയിരുന്നു. നാലാം തവണയും അധികാരത്തിലെത്തിയ മൊറാലിസ് തെരഞ്ഞെടുപ്പില്‍ ക്രമക്കേട് കാട്ടി എന്നായിരുന്നു സൈന്യത്തിന്റെ ആരോപണം. ഇവോ മൊറാലിസിന്റെ പിന്‍ഗാമിയായി തെരഞ്ഞെടുപ്പില്‍ മത്സരിച്ച ലൂയിസ് ആര്‍സെ 52 ശതമാനത്തിലേറെ വോട്ട് നേടിയാണ് 2020ല്‍ അധികാരത്തിലെത്തിയത്. ബുധനാഴ്ചത്തെ സൈന്യത്തിന്റെ നീക്കം ബൊളീവയയില്‍ തുടര്‍ന്നും ഉയര്‍ന്നു വന്നേക്കാവുന്ന അട്ടിമറി ഭീഷണിയെക്കുറിച്ച് ശക്തമായ സൂചന നല്‍കുന്നു.

Top