ബോളിവുഡ് പാർട്ടി ട്രോമ പോലെയാണ്: കങ്കണ

ബോളിവുഡ് പാർട്ടി ട്രോമ പോലെയാണ്: കങ്കണ
ബോളിവുഡ് പാർട്ടി ട്രോമ പോലെയാണ്: കങ്കണ

ബോളിവുഡ് സെലിബ്രിറ്റികളുമായി തനിക്ക് സൗഹൃദത്തിലാവാൻ കഴിയില്ലെന്നും കാരണം അവർ ബ്രാന്റഡ് ബാഗുകളേയും കാറുകളേയും പറ്റിയല്ലാതെ മറ്റൊന്നും സംസാരിക്കില്ലെന്നും താരം പറഞ്ഞു. ബോളിവുഡ് പാർട്ടികളിൽ പങ്കെടുക്കുന്നതിന്റെ അനുഭവം ‘ട്രോമ’ പോലെയാണെന്ന് കങ്കണ അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

“ഞാൻ ഒരു ബോളിവുഡ് വ്യക്തിയല്ല. എനിക്ക് ഉറപ്പായും ബോളിവുഡ് ആളുകളുമായി ചങ്ങാത്തം കൂടാൻ കഴിയില്ല ,” അടുത്തിടെ രാജ് ഷമണിയുടെ പോഡ്‌കാസ്റ്റിൽ കങ്കണ പറഞ്ഞ വാക്കുകളാണീത്. “പലരും അവരിൽ തന്നെ ഒതുങ്ങുന്നവരാണ്. അവർ വിഡ്ഢികളും പ്രോട്ടീൻ ഷേക്കുകളിൽ മാത്രം ശ്രദ്ധിക്കുന്നവരുമാണ്. ധാരാളം ബോളിവുഡ് താരങ്ങളെ ഞാൻ കണ്ടിട്ടുണ്ട്, അതുകൊണ്ടെനിക്കറിയാം.” കങ്കണ കൂട്ടിച്ചേർത്തു.

അർത്ഥശൂന്യമായി സംസാരിക്കുന്നവരെ കങ്കണ ‘പുൽച്ചാടികൾ’ എന്ന് മുദ്രകുത്തുകയും ചെയ്തിട്ടുണ്ട്. “അവർ ഷൂട്ടിംഗ് നടത്തുന്നില്ലെങ്കിൽ, അവരുടെ ദിനചര്യ ഇതാണ്: രാവിലെ എഴുന്നേൽക്കുക, കുറച്ച് വ്യായാമം ചെയ്യുക, ഉച്ചയ്ക്ക് ഉറങ്ങുക, ഉണരുക, ജിമ്മിൽ പോകുക, രാത്രി വീണ്ടും ഉറങ്ങുക അല്ലെങ്കിൽ ടിവി കാണുക. ഇത്തരക്കാർ പുൽച്ചാടികളെപ്പോലെയാണ്, പൂർണ്ണമായും ശൂന്യരാണ്. അങ്ങനെയുള്ളവരുമായി നിങ്ങൾക്ക് എങ്ങനെ ചങ്ങാത്തം കൂടാൻ‌ കഴിയും?” ചില ബോളിവുഡ് സെലിബ്രിറ്റികളുടെ സാധാരണ ദിനചര്യകൾ വിവരിച്ചുകൊണ്ട് കങ്കണ പറഞ്ഞതിങ്ങനെയാണ്.

അവർ കണ്ടുമുട്ടുകയും ആഘോഷിക്കുകയും ചെയ്യുന്നു, ബാഗുകളെപ്പറ്റി സംസാരിക്കുന്നു. ബ്രാൻഡഡ് ബാഗുകൾക്കും കാറുകൾക്കുമപ്പുറം സംസാരിക്കാൻ കഴിയുന്ന വ്യക്തിയെ ബോളിവുഡിൽ കണ്ടെത്താൻ കഴിഞ്ഞാൽ അതിശയമായിരിക്കുമെന്നും കങ്കണ പറഞ്ഞു.

“ബോളിവുഡ് പാർട്ടികളിൽ നടക്കുന്ന സംഭാഷണങ്ങൾ ലജ്ജാകരമാണ്”. പാർട്ടികളിൽ അവരുടെ ഷെഡ്യൂളുകൾ, ശരീരഭാരം, ഭക്ഷണക്രമം, ഡേറ്റിംഗ് കിംവദന്തികൾ എന്നിവ ചർച്ച ചെയ്യുന്ന സെലിബ്രിറ്റികളെ പ്രതിനിധീകരിച്ച് താരം ഒരു ശബ്ദം അനുകരിക്കുയുംചെയ്തു. “അത് ട്രോമയാണ്. എനിക്ക് ഒരു ബോളിവുഡ് പാർട്ടി ട്രോമ പോലെയാണ്,” കങ്കണ പറഞ്ഞു.

Top