ഡൽഹി: ആശങ്ക പരത്തി ഡല്‍ഹിയിലെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഓഫീസില്‍ ബോംബ് ഭീഷണി. ബുധനാഴ്ച്ച വൈകുന്നേരം മൂന്നരയോടെയാണ് ആഭ്യന്തര, ധന മന്ത്രാലയങ്ങള്‍ സ്ഥിതി ചെയ്യുന്ന നോര്‍ത്ത് ബ്ലോക്കിലെ പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് ബോബ് ഭീഷണി സന്ദേശമെത്തിയത്. ഇ–മെയില്‍ വഴിയാണ് സന്ദേശം എത്തിയതെന്ന് പോലീസ് അറിയിച്ചു.
ബോംബ് നിര്‍വീര്യമാക്കല്‍ സംഘവും അഗ്നിരക്ഷാ സേനാംഗങ്ങളും നോര്‍ത്ത് ബ്ലോക്കിലെ വിവിധ കെട്ടിടങ്ങളില്‍ വ്യാപക പരിശോധന നടത്തി. സംശയാസ്പദമായ രീതിയില്‍ ഒന്നും കണ്ടെത്താൻ സാധിച്ചിട്ടില്ലന്നാണ് റിപ്പോർട്ട്. ഐ.പി. അഡ്രസ്, സന്ദേശത്തിന്റെ ഉറവിടം എന്നിവ ഇതുവരെ കണ്ടെത്തിയിട്ടില്ല. അതേസമയം, സന്ദേശം വ്യാജമാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
രാജ്യതലസ്ഥാനത്തെ സ്‌കൂളുകള്‍, വിമാനത്താവളങ്ങള്‍, ആശുപത്രികള്‍, ജയിലുകള്‍ തുടങ്ങിയവയ്ക്കുനേരെ കഴിഞ്ഞദിവസങ്ങളില്‍ ബോംബ് ഭീഷണി സന്ദേശങ്ങള്‍ എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ആഭ്യന്തര മന്ത്രാലയ ഓഫീസിനു നേര്‍ക്കും ബോംബ് ഭീഷണി എത്തിയിരിക്കുന്നത്.