കൊച്ചി: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തുടര്‍ച്ചയായ വ്യാജ ബോംബ് ഭീഷണികള്‍ വ്യോമയാന കമ്പനികളെ കുഴക്കുകയാണ്. ഇപ്പോൾ കൊച്ചിയിലും വിമാനത്തിന് നേരെ ബോംബ് ഭീഷണി ഉണ്ടായിരിക്കുകയാണ്. രാത്രി ബെംഗളുരുവിലേക്ക് പുറപ്പെടുന്ന അലയൻസ് എയർ വിമാനത്തിനാണ് ഭീഷണി.
സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയാണ് ഭീഷണി വന്നത്. തുടര്‍ന്ന് യാത്രക്കാരെ സുരക്ഷാ പരിശോധനകള്‍ക്ക് വിധേയരാക്കി. കഴിഞ്ഞ 24 മണിക്കൂറിനിടെ 11 വിമാന സര്‍വീസുകളെക്കൂടി ബോംബ് ഭീഷണി ബാധിച്ചു.
Also Read: എയര്‍ ഇന്ത്യ എക്സ്പ്രസിന് ബോംബ് ഭീഷണി
ശനിയാഴ്ച രാവിലെ ജയ്പൂര്‍- ദുബായ് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം ബോംബ് ഭീഷണിയെത്തുടര്‍ന്ന് പുറപ്പെടാന്‍ വൈകി. ഭീഷണിയെ തുടര്‍ന്ന് ഡല്‍ഹിയില്‍നിന്നു ലണ്ടനിലേക്കുള്ള വിസ്താര വിമാനം ഫ്രാങ്ക്ഫര്‍ട്ടിലേക്ക് വഴിതിരിച്ചുവിട്ടു.
വ്യാജ ഭീഷണികളാണോ എന്ന് ഉറപ്പിക്കാനാകാത്തതിനാല്‍ വിമാനങ്ങള്‍ അടിയന്തരമായ സുരക്ഷാ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ബന്ധിതരാകുകയാണ്. വിമാനങ്ങൾക്ക് തുടർച്ചയായി ഭീഷണി വരുന്നതിനെ തുടർന്ന് ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി വ്യോമയാന കമ്പനികളുടെ സിഇഒമാരുടെ അടിയന്തിര യോഗം വിളിച്ചു ചേർത്തിട്ടുണ്ട്.