ജയ്പൂർ: ജയ്‌പൂരിലെ മൂന്ന് സ്വകാര്യ ആശുപത്രികൾക്ക് ബോംബ് ഭീഷണി. ഇ-മെയിൽ വഴിയാണ് ബോംബ് ഭീഷണി ലഭിച്ചത്.ഞായറാഴ്ച രാവിലെയോടെയാണ് സംഭവം. ഭീഷണി സന്ദേശത്തെ തുടർന്ന് ബോംബ് സ്‌ക്വാഡും പൊലീസും സ്ഥലത്തെത്തി തിരച്ചിൽ നടത്തിവരികയാണെന്ന് ജയ്പൂർ അഡീഷണൽ പൊലീസ് കമ്മീഷണർ കുൻവർ രാഷ്‌ട്രദീപ് പറഞ്ഞു.
“ഞായറാഴ്ച രാവിലെ 8 മണിക്കും 9 മണിക്കും ഇടയിലാണ് ഇമെയിൽ അയച്ചിരിക്കുന്നത്. ഇതുവരെ മൂന്ന് ആശുപത്രികൾക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്.ഞങ്ങൾ രോഗികളെയും ജീവനക്കാരെയും ഒഴിപ്പിക്കുകയും അവരെ സുരക്ഷിത മേഖലയിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്”, കുൻവർ രാഷ്‌ട്രദീപ് പറഞ്ഞു.
ഇമെയിൽ അയച്ചയാളുടെ ഐപി വിലാസവും മറ്റ് വിശദാംശങ്ങളും പോലീസ് ഇപ്പോൾ ട്രാക്ക് ചെയ്ത് വരികയാണെന്നും രാഷ്‌ട്രദീപ് കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം ഗുഡ്ഗാവിലെയും മുംബൈയിലെയും രണ്ട് ഷോപ്പിംഗ് മാളുകൾക്ക് വ്യാജ ബോംബ് ഭീഷണി വന്നിരുന്നു. മെയ് മാസത്തിൽ ജയ്പൂരിലെ 65 സ്‌കൂളുകൾ ഉൾപ്പെടെ 200 സ്‌കൂളുകൾക്ക് ബോംബ് ഭീഷണി ഉണ്ടായിരുന്നു.