കൊല്‍ക്കത്ത: ബി.ജെ.പി. ആഹ്വാനം ചെയ്ത ബംഗാള്‍ ബന്ദ് പുരോഗമിക്കുന്നതിനിടെ പശ്ചിമബംഗാളില്‍ തന്റെ വാഹനത്തിനു നേര്‍ക്ക് ടി.എം.സി. പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയെന്ന ആരോപണവുമായി ബി.ജെ.പി. നേതാവ് പ്രിയാംഗു പാണ്ഡേ. ബന്ദിനിടെ തന്റെ വാഹനത്തിന് നേര്‍ക്ക് തൃണമൂല്‍ പ്രവര്‍ത്തകര്‍ ബോംബുകള്‍ എറിയുകയും വെടിയുതിര്‍ക്കുകയും ചെയ്തെന്ന് അദ്ദേഹം ആരോപിച്ചു.
Also Read: പീഡന കേസിലെ പ്രതികള്‍ക്ക് വധശിക്ഷ ഉറപ്പാക്കുന്ന ബില്‍ പാസ്സാക്കും; മമത ബാനര്‍ജി
അക്രമികളെ പോലീസ് പിന്തുണച്ചു?
തന്റെ പാര്‍ട്ടി നേതാവ് അര്‍ജുന്‍ സിങ്ങിന്റെ വീട്ടിലേക്ക് പോകവേ നോര്‍ത്ത് 24 പര്‍ഗാന ജില്ലയിലെ ഭര്‍പാരയില്‍വെച്ചായിരുന്നു ആക്രമണമെന്ന് പാണ്ഡേ പറഞ്ഞു. ഭര്‍പാര മുനിസിപ്പാലിറ്റിയുടെ ജെറ്റിങ് മെഷീന്‍ റോഡിന് കുറുകേയിട്ട് തന്നെ തടഞ്ഞു. കാര്‍ നിര്‍ത്തിയ നിമിഷംതന്നെ 50-60 ആളുകള്‍ തന്റെ കാർ ലക്ഷ്യമാക്കി എത്തി. പെട്ടെന്ന് തന്നെ ബോംബുകള്‍ എറിയുകയും വെടിയുതിര്‍ക്കുകയും ചെയ്തു.
ഇത് തൃണമൂലും പോലീസും ചേര്‍ന്നുള്ള ഗൂഢാലോചനയാണ്. അവര്‍ എന്നെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടു. പോലീസ് അതിനെ പിന്തുണയ്ക്കുകയും വിവരങ്ങള്‍ കൈമാറുകയും ചെയ്തു. അതേസമയം തന്റെ സുരക്ഷ പിന്‍വലിക്കപ്പെട്ടതിന് ശേഷമാണ് ഈ സംഭവം നടന്നതെന്നും പാണ്ഡേ കൂട്ടിച്ചേര്‍ത്തു. ആക്രമണത്തിൽ തന്റെ ഡ്രൈവര്‍ക്കും വെടിയേറ്റെന്നും പരിക്കേറ്റ ഏഴുപേരില്‍ രണ്ടുപേരുടെ നില ഗുരുതരമാണൈന്നും പ്രിയാംഗു പാണ്ഡേ പറഞ്ഞു.