ഹിന്ദു സംസ്‌കാരത്തെയും രാമനെയും അധിക്ഷേപിച്ചെന്ന കണ്ടെത്തലിൽ വിദ്യാർഥികൾക്ക് പിഴ ചുമത്തി ബോംബെ ഐഐടി

ഹിന്ദു സംസ്‌കാരത്തെയും രാമനെയും അധിക്ഷേപിച്ചെന്ന കണ്ടെത്തലിൽ വിദ്യാർഥികൾക്ക് പിഴ ചുമത്തി ബോംബെ ഐഐടി
ഹിന്ദു സംസ്‌കാരത്തെയും രാമനെയും അധിക്ഷേപിച്ചെന്ന കണ്ടെത്തലിൽ വിദ്യാർഥികൾക്ക് പിഴ ചുമത്തി ബോംബെ ഐഐടി

മുംബെെ: ഹിന്ദു സംസ്‌കാരത്തെയും രാമനെയും അധിക്ഷേപിച്ചെന്ന കണ്ടെത്തലിൽ വിദ്യാർഥികൾക്ക് 1.2 ലക്ഷം രൂപ വരെ പിഴ ചുമത്തി ബോംബെ ഐഐടി. എട്ടു വിദ്യാർഥികൾക്കാണ് പിഴ ചുമത്തിയത്. ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന കലോത്സവത്തിൽ രാമായണത്തെ ആസ്പദമാക്കി തയാറാക്കിയ നാടകം ഭഗവാൻ രാമനെയും ഹിന്ദു സംസ്‌കാരത്തെയും അധിക്ഷേപിക്കുന്ന തരത്തിലാണ് എന്ന പരാതി ഉയർന്നിരുന്നു. ‘രാഹോവൻ’ എന്ന പേരിൽ വിദ്യാർഥികൾ സ്റ്റേജിൽ അവതരിപ്പിച്ച നാടകമാണ് വിവാദമായത്.

മാർച്ച് 31നാണ് നാടകം സ്റ്റേജിൽ അവതരിപ്പിച്ചത്. ‘രാഹോവൻ’ നായക കഥാപാത്രങ്ങളെ മോശമായി ചിത്രീകരിച്ചതായാണ് പ്രധാന ആരോപണം. ഭഗവാൻ രാമനെയും ഹിന്ദു സംസ്‌കാരത്തെയും അപമാനിക്കുന്നതാണെന്ന് ആരോപിച്ച് സോഷ്യൽ മീഡിയയിൽ ഒന്നടങ്കം പരിപാടിക്കെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. ഒരു വിഭാഗം വിദ്യാർഥികളും പരിപാടിക്കെതിരെ പരാതിയുമായി രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് സ്‌കിറ്റ് സംഘടിപ്പിച്ച വിദ്യാർഥികൾക്കെതിരെ നടപടി സ്വീകരിച്ചത്.

ആദിവാസി സമൂഹത്തിലെ സ്ത്രീവിമോചനവാദത്തെ പിന്തുണയ്ക്കുന്നതാണ് സ്‌കിറ്റെന്നും എല്ലാവരിൽ നിന്നും ഇതിന് മികച്ച സ്വീകാര്യത ലഭിച്ചെന്നും മറ്റൊരു വിഭാഗം വിദ്യാർഥികൾ വാദിച്ചു.

സെമസ്റ്റർ ഫീസിന് തുല്യമായ തുക വരെയാണ് പിഴയായി ചുമത്തിയത്. പരിപാടിയിൽ സീനിയർ, ജൂനിയർ വിദ്യാർഥികളാണ് പങ്കെടുത്തത്. സീനിയർ വിദ്യാർഥികൾക്ക് ആണ് 1.2 ലക്ഷം രൂപ വീതം പിഴ ചുമത്തിയത്. ജൂനിയർ വിദ്യാർഥികളോട് 40,000 രൂപ വീതം പിഴ ഒടുക്കാൻ നിർദേശിച്ചു. കൂടാതെ ഹോസ്റ്റലിൽ നിന്ന് പുറത്താക്കുകയും ചെയ്തതായി വിദ്യാർഥികൾ പറയുന്നു. പരാതികളെത്തുടർന്ന് രൂപീകരിച്ച അച്ചടക്ക കമ്മിറ്റിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് നടപടി.

Top