ആലപ്പുഴ: സി.പി.എം. ചേർത്തല താലൂക്കിലെ കമ്മിറ്റികളിൽ അതിർത്തിത്തർക്കം രൂക്ഷം. മേഖലയിലെ പാർട്ടിഘടകങ്ങളിൽ നിലവിൽ നിശ്ചയിച്ചിരിക്കുന്ന ചുമതലക്കാരെയും കടന്നുള്ള ഇടപെടൽ ഗ്രൂപ്പുകൾക്കുള്ളിലും പോരിനു വഴിതുറന്നു. നിലവിൽ ഏരിയ കമ്മിറ്റികളിൽ നിശ്ചയിച്ചിരിക്കുന്ന ജില്ലാ നേതാക്കളായ ചുമതലക്കാർക്കു പുറമേയുള്ള രഹസ്യ ഇടപെടലാണ് പോരിനു വഴിയൊരുക്കിയിരിക്കുന്നത്.
നിലവിൽ സജി ചെറിയാൻ പക്ഷത്തിനു മുൻതൂക്കമുള്ള പ്രധാന കമ്മിറ്റികളിലൊന്നിലാണ് പ്രധാന തർക്കം. ഇതേ ഗ്രൂപ്പിലെ തന്നെ ജില്ലാ നേതാവാണ് അതിർത്തി കടന്നുള്ള ഇടപെടൽ ആരോപണത്തിൽ കുടുങ്ങിയിരിക്കുന്നത്. തലസ്ഥാനത്ത് ബന്ധങ്ങളുള്ള യുവനേതാവ് സ്വന്തമായി ഗ്രൂപ്പുറപ്പിക്കുന്നതിന്റെ ഭാഗമായാണത്രേ രഹസ്യ ഇടപെടൽ. ജില്ലാസെക്രട്ടറിസ്ഥാനം ലക്ഷ്യമിട്ടുള്ള നീക്കങ്ങളെന്നാണു വിലയിരുത്തൽ.
Also Read: ‘മാധ്യമങ്ങളെല്ലാം തെറ്റായി വ്യാഖ്യാനിക്കുകയാണ്’; പിണറായിയെ കണ്ട് ഇ.പി ജയരാജൻ
ഗ്രൂപ്പുതലത്തിലും സംഘടനാതലത്തിലും നേതാക്കളെ ചുമതലപ്പെടുത്തിയിട്ടും തലസ്ഥാനത്തു നേതാക്കളുമായുള്ള അടുപ്പംമുതലാക്കി സ്വന്തം നിലയിൽ നടത്തുന്ന ഇടപെടൽ ഗ്രൂപ്പിനൊപ്പം നിൽക്കുന്ന നേതാക്കളെ ചൊടിപ്പിച്ചിട്ടുണ്ട്. ചേർത്തല നഗരത്തോടു ചേർന്ന വ്യവസായമേഖലയിൽ പ്രദേശത്തെ നേതാക്കൾ തൊഴിൽനിയമങ്ങൾ അട്ടിമറിച്ച് വ്യാപക പണപ്പിരിവു നടത്തുന്നതായി വിമർശനങ്ങളുണ്ടായിരുന്നു. നേതാവിനെതിരേ ആരോപണമുയർന്ന സാഹചര്യത്തിൽ പാർട്ടിതലത്തിൽ അന്വേഷണവും നടക്കുന്നുണ്ട്.
പണപ്പിരിവുകൾക്കു പിന്നിൽ അതിർത്തികടന്നെത്തുന്ന നേതാവിനു നേരിട്ടു ബന്ധമുള്ളതായും വിഹിതം കൈപ്പറ്റുന്നതായും ഒരുവിഭാഗം വിമർശനമുയർത്തിയിട്ടുണ്ട്. കമ്മിറ്റികളിൽ നടക്കുന്ന അന്വേഷണത്തിലും നടപടികളിലുമെല്ലാം നേതാവിന്റെ രഹസ്യ ഇടപെടലുണ്ടെന്നും അടുത്തിടെ വ്യവസായമേഖലയിൽനിന്നു പണംതട്ടിയതായുള്ള അന്വേഷണ കമ്മിഷൻ റിപ്പോർട്ട് ചർച്ചചെയ്യാതെ മാറ്റിയത് നേതാവിന്റെ ഇടപെടൽമൂലമാണെന്നും മറ്റൊരു വിമർശനമുണ്ട്. എന്നാൽ, പാർട്ടിയിൽ ജില്ലാഘടകങ്ങളിൽനിന്നും ചുമതലപ്പെടുത്തിയ നേതാക്കളുടെ മേൽനോട്ടത്തിലാണ് കമ്മിറ്റികളുടെ പ്രവർത്തനങ്ങളെന്നും മറിച്ചുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നുമാണ് നേതാക്കൾ പറയുന്നത്.