CMDRF

ബോർഡർ-ഗാവസ്‌കർ ട്രോഫി ആഷസിന് തുല്യം : സ്റ്റാർക്ക്

ബോർഡർ-ഗാവസ്‌കർ ട്രോഫി ആഷസിന് തുല്യം : സ്റ്റാർക്ക്
ബോർഡർ-ഗാവസ്‌കർ ട്രോഫി ആഷസിന് തുല്യം : സ്റ്റാർക്ക്

സിഡ്‌നി: ഓസ്‌ട്രേലിയയെ സംബന്ധിച്ചിടത്തോളം വരാനിരിക്കുന്ന ബോർഡർ- ഗാവസ്‌കർ ട്രോഫി ആഷസ് പരമ്പരയ്ക്ക് തുല്യമാണെന്ന് സ്റ്റാർ പേസർ മിച്ചൽ സ്റ്റാർക്ക്. നവംബർ 26ന് ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയായ ബോർഡർ ഗാവസ്‌കർ ട്രോഫി ആരംഭിക്കുന്നതിന് മുന്നോടിയായി പ്രതീക്ഷ പങ്കുവെച്ച് സംസാരിക്കുകയായിരുന്നു സ്റ്റാർക്ക്. ഇന്ത്യൻ ടീം ശക്തമാണെങ്കിലും പരമ്പര ഓസ്‌ട്രേലിയ തൂത്തുവാരുമെന്നും അദ്ദേഹം പറഞ്ഞു.

‘ഇപ്പോൾ അഞ്ച് മത്സരങ്ങൾ ആയതുകൊണ്ടുതന്നെ ഞങ്ങൾക്ക് ഇത് ആഷസ് പരമ്പരയ്ക്ക് തുല്യമാണ്’, സ്റ്റാർക്ക് വൈഡ് വേൾഡ് ഓഫ് സ്‌പോർട്‌സിനോട് പറഞ്ഞു. ‘സ്വന്തം തട്ടകത്തിലെ എല്ലാ മത്സരങ്ങളും ഞങ്ങൾക്ക് വിജയിക്കണം. ഇന്ത്യ വളരെ കരുത്തരായ ടീമാണെന്ന് ഞങ്ങൾക്കറിയാം. നിലവിൽ ലോക ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് ഓസ്‌ട്രേലിയയും രണ്ടാമത് ഇന്ത്യയുമാണ്. അതുകൊണ്ടുതന്നെ ആരാധകർക്കും കളിക്കാർക്കും വളരെ ആവേശം നൽകുന്ന ഒരു പരമ്പരയായിരിക്കും ഇത്തവണത്തേത്. ജനുവരി എട്ടിന് ഒരു ട്രോഫി കൂടി ഞങ്ങളുടെ ഷെൽഫിലെത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു.’, സ്റ്റാർക്ക് പറഞ്ഞു.

അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം നവംബർ 26 മുതൽ 30 വരെയാണ് നടക്കുക. രണ്ടാം ടെസ്റ്റ് ഡിസംബർ ആറ് മുതൽ 10 വരെയും മൂന്നാം മത്സരം 14 മുതൽ 18 വരെ നടക്കും. നാലാം ടെസ്റ്റ് 26 മുതൽ 30 വരെയും നടക്കുമ്പോൾ അവസാനത്തെയും അഞ്ചാമത്തെയും മത്സരം 2025 ജനുവരി മൂന്ന് മുതൽ ഏഴ് വരെയുമാണ് നടക്കുക.

മൂന്ന് പതിറ്റാണ്ടിനിപ്പുറം ആദ്യമായാണ് ബോർഡർ-ഗാവസ്‌കർ ട്രോഫിക്ക് വേണ്ടി ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിൽ അഞ്ച് ടെസ്റ്റ് മത്സരങ്ങൾ കളിക്കുന്നത്. ഇതിനുമുൻപ് 1991-92 സീസണിലാണ് ടൂർണമെന്റിൽ അഞ്ച് മത്സരങ്ങൾ അരങ്ങേറിയിട്ടുള്ളത്.

അതേസമയം 201415 മുതൽ ബോർഡർഗാവസ്‌കർ ട്രോഫിയിൽ മുത്തമിടാൻ ഓസീസിന് സാധിച്ചിട്ടില്ല. കഴിഞ്ഞ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഓസ്‌ട്രേലിയ ഇന്ത്യയെ പരാജയപ്പെടുത്തിയെങ്കിലും കഴിഞ്ഞ രണ്ട് ബോർഡർ ഗാവസ്‌കർ പരമ്പരയും ഇന്ത്യയാണ് വിജയിച്ചത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് നേടുന്നതിന് ഇരുടീമുകൾക്കും ഈ പരമ്പര ഏറെ നിർണായകമാണ്.

Top