പ്രഭാസ് നായകനായെത്തുന്ന കല്‍ക്കി 2898 എഡി സിനിമ വന്‍ ഹിറ്റായിരിക്കുകയാണ്. ഇതിനകം തന്നെ കല്‍ക്കി ആഗോളതലത്തില്‍ 500 കോടി രൂപയില്‍ അധികം നേടിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇങ്ങനെ പോയാല്‍ കല്‍ക്കി 1000 കോടി ക്ലബില്‍ നിഷ്പ്രയാസം എത്തുമെന്നുമാണ് പ്രതീക്ഷ. അതിനാല്‍ കല്‍ക്കി 2898 എഡിയുടെ ഒടിടി റിലീസ് വൈകിപ്പിക്കാനാണ് നിര്‍മ്മാതാക്കളും ആലോചിക്കുന്നത്. ചിത്രം ബ്രഹ്‌മാണ്ഡം എന്ന വാക്കിനോട് നൂറു ശതമാനം നീതിപുലര്‍ത്തുന്നുണ്ടെന്ന് കണ്ടവരെല്ലാം ഒരേ സ്വരത്തില്‍ അഭിപ്രായപ്പെട്ടു. ബോക്‌സ് ഓഫീസ് കളക്ഷന്‍ ഗ്രാഫിനെ പോലും ഞെട്ടിക്കുന്ന കുതിപ്പാണ് നാഗ് അശ്വിന്റെ ‘കല്‍ക്കി’യുടേത് . റിലീസ് ചെയ്ത് ഒരാഴ്ച എത്തും മുന്നേ 500 കോടി കടന്നിരിക്കുകയാണ് ചിത്രത്തിന്റെ കളക്ഷന്‍. സൂക്ഷ്മതയോടെ കൈകാര്യം ചെയ്തില്ലായെങ്കില്‍ ബോക്‌സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞു പോയേക്കാവുന്ന ഒരു വിഷയത്തെ വളരെ ശ്രെദ്ധാപൂര്‍വം കൈകാര്യം ചെയ്ത് വിജയിപ്പിച്ച നാഗ് അശ്വിന് ലോകമെമ്പാടും പ്രശംസയുടെ പെരുമഴയാണ്.
ആരാധകരെ ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ടാണ് ആദ്യ ഭാഗം അവസാനിപ്പിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ അടുത്ത ഭാഗം എന്താകും എന്നുള്ള ചോദ്യവും,അതേക്കുറിച്ചുള്ള സംശയങ്ങളുമെല്ലാം പ്രേക്ഷക മനസ്സുകളില്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടാകും. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ അറുപതു ശതമാനത്തോളം നേരത്തെ തന്നെ പൂര്‍ത്തിയായിട്ടുണ്ടെന്ന സന്തോഷ വാര്‍ത്ത സംവിധായകന്‍ തന്നെ അറിയിച്ചിരുന്നു. 2027 ഓടെ ചിത്രം പ്രേക്ഷകര്‍ക്ക് മുമ്പില്‍ എത്തുമെന്നാണ് സൂചന. അതായത് ഇനിയും നീണ്ട മൂന്ന് വര്‍ഷത്തോളം കല്‍ക്കിയുടെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കേണ്ടി വരുമെന്ന് വരുമെന്ന് സാരം. രണ്ടാം ഭാഗം പൂര്‍ണമായും കമല്‍ ഹാസന്‍ അവതരിപ്പിക്കുന്ന യാസ്‌ക്കിന്‍ എന്ന കഥാപാത്രം കൊണ്ടുപോകുമെന്ന കാര്യത്തില്‍ സംശയിക്കേണ്ടതില്ല. ആദ്യ ഭാഗത്തിലെ കമല്‍ഹാസന്‍ കഥാപാത്രം തിയേറ്ററുകളെ ഇളക്കി മറിച്ചിരുന്നു.
ചരിത്രപരമായ നേട്ടങ്ങള്‍ സ്വന്തമാക്കിയ തെലുങ്ക് സിനിമകളുടെ പട്ടികയില്‍ കല്‍ക്കി ഇനി പ്രധാന സ്ഥാനം നേടുക തന്നെ ചെയ്യും. സിനിമയില്‍ പ്രധാന പങ്കുവഹിച്ച എല്ലാ താരങ്ങളും മികച്ച പ്രകടനമാണ് ചിത്രത്തില്‍ കാഴ്ചവെച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ആഗോളതലത്തില്‍ മികച്ച പ്രതികരണമാണ് കല്‍ക്കി നേടിയെടുത്തിരിക്കുന്നത്. മഹാഭാരത കഥയിലെ പ്രധാന ഏടും, 2898-ാം വര്‍ഷത്തെയും ബന്ധിപ്പിച്ചുകൊണ്ട് ഒരുക്കിയ ഈ ചിത്രത്തിലെ സാങ്കേതിക മികവും എടുത്തു പറയേണ്ട ഒന്ന് തന്നെയാണ്. പ്രഭാസിന്റെ മുഴുനീള പെര്‍ഫോമന്‍സ് കൂടാതെ അമിതാഭ് ബച്ചന്‍, കമല്‍ഹാസന്‍, ദീപിക പദുക്കോണ്‍ എന്നിവരും ചിത്രത്തിലെ നാഴികക്കല്ലുകളാണ്. കേരളത്തിലെ 285 സ്‌ക്രീനുകളിലാണ് കല്‍ക്കി റിലീസ് ചെയ്തത്. പ്രമുഖ ബോക്‌സ് ഓഫീസ് ട്രാക്കര്‍മാരായ സിനിട്രാക്കിന്റെ കണക്ക് പ്രകാരം ചിത്രം റിലീസ് ദിനത്തില്‍ കേരളത്തില്‍ നിന്ന് നേടിയിരിക്കുന്നത് 2.85 കോടിയാണ്. ചിത്രം ഏറ്റവുമധികം കളക്റ്റ് ചെയ്തിരിക്കുന്നത് തെലുങ്ക് സംസ്ഥാനങ്ങളില്‍ നിന്നാണ്, സിനിട്രാക്കിന്റെ കണക്ക് പ്രകാരം 85.5 കോടിയാണ് തെലുങ്ക് സംസ്ഥാനങ്ങളില്‍ നിന്ന് ആദ്യ രണ്ട് ദിനങ്ങളില്‍ ചിത്രം നേടിയത്. കര്‍ണാടകത്തില്‍ നിന്ന് 15.5 കോടിയും തമിഴ്‌നാട്ടില്‍ നിന്ന് 8.75 കോടിയും ആദ്യ രണ്ട് ദിനങ്ങളില്‍ നിന്ന് ചിത്രം സ്വന്തമാക്കിയിട്ടുണ്ട്. ഉത്തരേന്ത്യയില്‍ നിന്ന് 49.6 കോടിയും ചിത്രം നേടി. കല്‍ക്കി ആദ്യദിനം ആ?ഗോള ബോക്‌സ് ഓഫീസില്‍ നിന്ന് 191.5 കോടി രൂപയാണ് നേടിയിരിക്കുന്നത്. ഇതോടെ 223 കോടി നേടിയ ആര്‍ആര്‍ആറിനും, 217 കോടി നേടിയ ബാഹുബലിക്കും പിന്നാലെ ഇന്ത്യന്‍ സിനിമയിലെ മൂന്നാമത്തെ വലിയ ഓപ്പണര്‍ ആയിരിക്കുകയാണ് ചിത്രം.
ഇങ്ങനെ പോയാല്‍ കല്‍ക്കി 1000 കോടി ക്ലബില്‍ നിഷ്പ്രയാസം എത്തുമെന്നുമാണ് പ്രതീക്ഷ. അതിനാല്‍ കല്‍ക്കി 2898 എഡിയുടെ ഒടിടി റിലീസ് വൈകിപ്പിക്കാന്‍ തന്നെയാണ് നിര്‍മ്മാതാക്കള്‍ ആലോചിക്കുന്നത്. ഒടിടി റൈറ്റ്‌സ് ആമസോണ്‍ പ്രൈം വീഡിയോയാണ് നേടിയിരിക്കുന്നതെന്നാണ് പുതിയതായി വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഹിന്ദി പതിപ്പിന്റെ റൈറ്റ്‌സ് നേടിയതാകട്ടെ നെറ്റ്ഫ്‌ലിക്‌സുമാണ്. കല്‍ക്കി ജൂലൈ മാസം അവസാനം ഒടിടിയില്‍ റിലീസ് ചെയ്യാമെന്നായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നതെങ്കിലും, സെപ്റ്റംബര്‍ രണ്ടാം ആഴ്ചയിലേക്ക് ഒടിടി റിലീസ് മാറ്റിവയ്ക്കാന്‍ നിര്‍മാതാക്കള്‍ ചര്‍ച്ച തുടങ്ങിയിട്ടുണ്ട്. ചിത്രീകരണ കാലംതൊട്ടേ ഭാഷാ ഭേദമന്യേ രാജ്യമൊട്ടാകെ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്ന ചിത്രമായ കല്‍ക്കി റിലീസിന് ശേഷവും അതെ ആവേശത്തോടുകൂടി തന്നെ മുന്നേറുകയാണ്.