കോപ്പയില്‍ ബ്രസീലിന്; സമനില

കോപ്പയില്‍ ബ്രസീലിന്; സമനില

കാലിഫോര്‍ണിയ: കോപ്പ അമേരിക്കയില്‍ ബ്രസീലിന് മങ്ങിയ തുടക്കം. ആദ്യമത്സരത്തില്‍ തന്നെ സമനിലയോടെ മുന്‍ ചാമ്പ്യന്‍മാര്‍ക്ക് മടങ്ങേണ്ടി വന്നു. കോസ്റ്ററീക്കയാണ് ബ്രസീലിനെ ഗോള്‍രഹിത സമനിലയില്‍ തളച്ചത്. മത്സരത്തിലുടനീളം നിരവധി ആക്രമണങ്ങള്‍ നടത്തിയെങ്കിലും കാനറിപടയ്ക്ക് ലക്ഷ്യം കാണാനായില്ല. മത്സരത്തിന്റെ തുടക്കം മുതല്‍ ആധിപത്യം പുലര്‍ത്തിയത് ബ്രസീലാണ്. പന്ത് കൈവശം വെച്ചും വേഗത്തില്‍ മുന്നേറിയുമാണ് ബ്രസീല്‍ കളിച്ചത്. 11-ാം മിനിറ്റില്‍ ബ്രസീലിന് മികച്ച അവസരം കിട്ടി. ലൂക്കാസ് പക്വേറ്റയുമായി ചേര്‍ന്ന് നടത്തിയ നീക്കത്തിനൊടുവില്‍ റോഡ്രിഗോ ഷോട്ടുതിര്‍ത്തു. പക്ഷേ ഗോള്‍ പോസ്റ്റിന് പുറത്തുപോയി. പിന്നാലെ ഇടതുവിങ്ങില്‍ നിന്ന് നിരവധി മുന്നേറ്റങ്ങള്‍ ബ്രസീല്‍ നടത്തി. വിനീഷ്യസായിരുന്നു ബ്രസീലിയന്‍ ആക്രമണങ്ങളുടെ നെടുംതൂണ്‍. എന്നാല്‍ കോസ്റ്റാറിക്കന്‍ പ്രതിരോധത്തെ മറികടക്കാനായില്ല.

25-ാം മിനിറ്റില്‍ റാഫീഞ്ഞ്യയുടെ ഷോട്ട് കോസ്റ്റാറിക്കന്‍ ഗോളി തട്ടിയകറ്റി. 39-ാം മിനിറ്റില്‍ പെനാല്‍റ്റിക്കായി ബ്രസീല്‍ താരങ്ങള്‍ വാദിച്ചത് മത്സരം പരുക്കനാക്കി. പെനാല്‍റ്റി ബോക്സിനുള്ളില്‍ വെച്ച് കോസ്റ്ററീക്കയുടെ പ്രതിരോധതാരം പാബ്ലോ വര്‍ഗാസിന്റെ കയ്യില്‍ പന്ത് തട്ടിയെന്ന് ആരോപിച്ചാണ് ബ്രസീല്‍ താരങ്ങള്‍ റഫറിയോട് കയര്‍ത്തത്. പക്ഷേ റഫറി പെനാല്‍റ്റി നല്‍കിയില്ല. പിന്നാലെ ഗോള്‍ രഹിതമായി ആദ്യ പകുതി അവസാനിച്ചു.

രണ്ടാം പകുതിയില്‍ തിരിച്ചടിക്കാനായി കാനറിപട നിരവധി മുന്നേറ്റങ്ങള്‍ നടത്തി. കോസ്റ്ററീക്കന്‍ ബോക്സില്‍ താരങ്ങള്‍ കയറിയിറങ്ങി. പക്ഷേ ഗോള്‍ മാത്രം അകന്നുനിന്നു. കോസ്റ്ററീക്കയുടെ ഗോള്‍ കീപ്പര്‍ പാട്രിക് സെക്വേറയുടെ തകര്‍പ്പന്‍ സേവുകളാണ് ബ്രസീലിന് ഗോള്‍ നിഷേധിച്ചത്. ഗബ്രിയേല്‍ മാര്‍ട്ടിനല്ലിയേയും എന്‍ഡ്രിക്കിനേയും കളത്തിലിറക്കി മുന്നേറ്റം ശക്തമാക്കിയെങ്കിലും ഗോളടിക്കാനായില്ല. അവസാന മിനിറ്റുകളില്‍ ബ്രസീല്‍ ഗോളിനനടുത്തെത്തിയെങ്കിലും ലക്ഷ്യം കാണാനാവാതെ വന്നതോടെ ഗോള്‍രഹിത സമനിലയില്‍ മത്സരം അവസാനിച്ചു.

Top