മുലയൂട്ടുന്ന അമ്മമാര്‍ അവരുടെ പോഷകാഹാരത്തിന് മുന്‍ഗണന നല്‍കണം. കാരണം അവരുടെ മുലപ്പാലിന്റെ ഗുണനിലവാരം അവരുടെ കുഞ്ഞിന്റെ വളര്‍ച്ചയെയും വികാസത്തെയും നേരിട്ട് ബാധിക്കുന്നു. മുലയൂട്ടുന്ന സ്ത്രീകളുടെ ഭക്ഷണരീതികള്‍ മുലപ്പാലിന്റെ പോഷകഘടനയെ ബാധിക്കുകയും കുട്ടികളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള അടിത്തറ നല്‍കുകയും ചെയ്യും. അത്തരത്തിൽ മുലയൂട്ടുന്ന അമ്മമാർ കഴിക്കേണ്ട ഭക്ഷണങ്ങളെ പരിചയപ്പെടാം
കരിക്ക് വെള്ളം
പൊട്ടാസ്യം അടങ്ങിയ കരിക്കില്‍ സ്വാഭാവികമായും കലോറി കുറവാണ്. കൊഴുപ്പ് രഹിതവും കൊളസ്‌ട്രോള്‍ രഹിതവുമാണ്. ലോറിക് ആസിഡ്, കാല്‍സ്യം, ഫോസ്ഫറസ് എന്നിവയിലും ഇവ ധാരാളമായി അടങ്ങിയിട്ടുണ്ട്. മുലയൂട്ടുന്ന സമയത്ത് ജലാംശം നിലനിര്‍ത്തേണ്ടത് പ്രധാനമാണ്.
പയര്‍വര്‍ഗങ്ങള്‍
പ്രോട്ടീന്‍, ഇരുമ്പ്, നാരുകള്‍ എന്നിവ പയര്‍വര്‍ഗങ്ങളില്‍ അടങ്ങിയിരിക്കുന്നു. ഉയര്‍ന്ന അളവിലുള്ള ഫോളേറ്റ്, ഇരുമ്പ്, നാരുകള്‍ എന്നിവയും ഉള്‍പ്പെടുന്നു. ദിവസവും ഒരു നേരം മുളപ്പിച്ച പയര്‍വര്‍ഗങ്ങള്‍ കഴിക്കുക.
നട്‌സ്
പ്രോട്ടീന്‍, നാരുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്റിഓക്സിഡന്റുകള്‍, ഗുണകരമായ മോണോസാച്ചുറേറ്റഡ്, പോളിഅണ്‍സാച്ചുറേറ്റഡ് കൊഴുപ്പുകള്‍ എന്നിവയെല്ലാം നട്‌സില്‍ ധാരാളമുണ്ട്. മുലപ്പാല്‍ കൂട്ടാന്‍ സഹായിക്കുന്ന പോഷകങ്ങള്‍ നട്‌സില്‍ അടങ്ങിയിട്ടുണ്ട്.
ഇലക്കറികള്‍
ചീര, കാബേജ്, കോളിഫ്ളവര്‍, ബ്രോക്കോളി എന്നിവ ഇലക്കറിയില്‍ അടങ്ങിയിരിക്കുന്നു. പച്ച നിറത്തിലുള്ള ഇലക്കറികളില്‍ വിറ്റാമിന്‍ സി, ഫൈബര്‍, ആന്റിഓക്സിഡന്റുകള്‍, വിറ്റാമിന്‍ എ, സി, ഇ, കെ എന്നിവ അടങ്ങിയിരിക്കുന്നു.
സാല്‍മണ്‍
പ്രോട്ടീന്റെ മികച്ച ഉറവിടമാണ് സാല്‍മണ്‍. കൂടാതെ ഒമേഗ -3 ഫാറ്റി ആസിഡുകളും വിറ്റാമിന്‍ ബി 12 ഉം കൂടുതലാണ്. അതില്‍ സ്വാഭാവിക വിറ്റാമിന്‍ ഡി അടങ്ങിയിട്ടുണ്ട്. പ്രസവാനന്തര വിഷാദം തടയാന്‍ ഒമേഗ-3 ഫാറ്റി ആസിഡുകളും വിറ്റാമിന്‍ ബി 12 ഉം സഹായകമാണ്. മുലപ്പാല്‍ കൂട്ടാനും സാല്‍മണ്‍ മികച്ചതാണ്.
വിത്തുകള്‍
മുലയൂട്ടുന്ന സ്ത്രീകള്‍ക്കുള്ള മറ്റൊരു മികച്ച ഭക്ഷണമാണ് വിത്തുകള്‍. നാരുകള്‍, ഇരുമ്പ്, മഗ്‌നീഷ്യം, ഫോസ്ഫറസ്, ചെമ്പ്, മാംഗനീസ് എന്നിവ കൂടാതെ കാല്‍സ്യത്തിന്റെ സമ്പന്നമായ ഉറവിടമാണ് വിത്തുകള്‍. മത്തങ്ങ വിത്ത്, ചിയ വിത്ത്, തണ്ണിമത്തന്റെ വിത്ത് എന്നിവയെല്ലാം മുലപ്പാല്‍ കൂട്ടാന്‍ സഹായിക്കും.
മുട്ട
പ്രോട്ടീന്‍, കോളിന്‍, ല്യൂട്ടിന്‍, വിറ്റാമിനുകള്‍ ബി 12, ഡി, റൈബോഫ്‌ലേവിന്‍, ഫോളേറ്റ് എന്നിവ മുട്ടയില്‍ ധാരാളമുണ്ട്. മുട്ട കഴിക്കുന്നത് മുലപ്പാല്‍ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുമെന്ന് സമീപകാല പഠനങ്ങള്‍ പറയുന്നു.