രാഷ്ട്രീയ പാര്‍ട്ടികള്‍ സംഭാവന വാങ്ങുന്നതിന് ബിജെപി എതിരല്ല. പക്ഷെ കൈക്കൂലി വാങ്ങി സര്‍ക്കാര്‍ നയം രൂപീകരിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും വിദേശ കാര്യ സഹമന്ത്രി വി മുരളീധരന്‍. ബാറുടമകളുടെ തലയില്‍ വച്ച് തടിയൂരാനുള്ള ശ്രമമാണ് സര്‍ക്കാരിന്റേത്. കൈക്കൂലി വാങ്ങി നയം തിരുത്തുന്നത് രാജ്യതാത്പര്യത്തിനെതിരാണെന്നും എക്‌സൈസ് മന്ത്രി പറഞ്ഞത് തെറ്റാണെന്ന് യോഗതീരുമാനത്തില്‍ തെളിഞ്ഞെന്നും മുരളീധരന്‍ പറഞ്ഞു.
അന്വേഷണം കേന്ദ്ര ഏജന്‍സികളെ ഏല്‍പ്പിക്കണം. കൈക്കൂലി കേസിലാണ് മുഖ്യമന്ത്രിയുടെ സുഹൃത്ത് കെജ്രിവാള്‍ അഴിയെണ്ണുന്നത്. എക്‌സൈസ് മന്ത്രിയുടെ വിദേശയാത്രയില്‍ ദുരൂഹതയുണ്ടെന്നും മുരളീധരന്‍ പറഞ്ഞു. അഞ്ച് രാജ്യങ്ങളിലാണ് പര്യടനമെന്നത് മറച്ചുവെക്കുകയാണ്. മന്ത്രിയുടെ യാത്ര എന്തിനെന്ന് പാര്‍ട്ടി നേതാക്കള്‍ വ്യക്തമാക്കണമെന്നും വി മുരളീധരന്‍ ആവശ്യപ്പെട്ടു. മൂന്ന് രാജ്യങ്ങളിലെന്നാണ് മന്ത്രി പറയുന്നത്. എക്‌സൈസ് മന്ത്രിയുടെ യാത്രയുടെ സ്‌പോണ്‍സര്‍ ആരാണ്? അഞ്ച് രാജ്യങ്ങളില്‍ പത്ത് ദിവസത്തോളം കുടുംബത്തോടൊപ്പം യാത്ര നടത്താനുള്ള കാശ് എവിടെ നിന്ന് ലഭിച്ചു?
വിശ്രമിക്കാന്‍ വേണ്ടിയാണ് വിദേശയാത്രയെന്നാണ് മുഖ്യമന്ത്രിയും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിനേതാക്കളും പറയുന്നത്. പണം വാങ്ങി നയം മാറ്റം മുഖ്യമന്ത്രി അറിഞ്ഞ് നടക്കുന്ന തട്ടിപ്പാണ്. വിദേശയാത്രക്ക് ഇത് വരെ അനുമതി നല്‍കിയിട്ടില്ല. ഭരണഘടനാ പദവിയിലുള്ള ഒരാള്‍ യാത്രാനുമതി തേടണമെന്നാണ് പ്രോട്ടോകോളെന്നും വി മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.